ഡാൻഡേലി-പേര്‌ കേൾക്കുമ്പോൾ ഒരു താളമില്ലേ? പാറക്കൂട്ടങ്ങളെയും കുഞ്ഞുതുരുത്തുകളെയും തല്ലിതലോടിയൊഴുകുന്ന കാളിപ്പുഴയുടെ താളമാണത്. ഏഷ്യയിലെ ഏറ്റവും വലിയ പേപ്പർ മില്ലുകളിലൊന്നായ വെസ്റ്റ്‌കോസ്റ്റ് ഇല്ലായിരുന്നെങ്കിൽ വിജനമായൊരു കാട്ടുമൂല മാത്രമായി പോയേനെ ഇവിടം. 4,000 ത്തിലധികം തൊഴിലാളികളും അവരെ ചുറ്റിപ്പറ്റിയുള്ള ജീവിതവുമാണ് ഡാൻഡേലിയെ ഒരു പട്ടണമാക്കി മാറ്റിയത്. ജൈവവൈവിധ്യ സമ്പന്നമായ പ്രകൃതിയുടെ അനുഗ്രഹംകൊണ്ട് ഇപ്പോൾ വിനോദ സഞ്ചാരമേഖലയും ഉണർന്നുകഴിഞ്ഞു. 
െബംഗളൂരു-മുംബൈനഗരജീവിതത്തിൽനിന്ന് ഇടവേള ആഗ്രഹിച്ചിവിടെ ആയിരങ്ങളെത്തുന്നു. കാനനജീവിതത്തിന്റെ പൊരുളറിഞ്ഞ് തിരിച്ചുപോകുന്നു. 
 കോഴിക്കോടുനിന്ന് മംഗലാപുരത്തേക്ക് നാലുമണിക്കൂർ യാത്ര. തുടർന്ന് വെള്ളച്ചാട്ടങ്ങളും നെടുങ്കൻപാലങ്ങളും തുരങ്കങ്ങളും താണ്ടി കൊങ്കൺപാതയിലൂടെ... അങ്കോള കഴിഞ്ഞ്, വഴിയിൽ മൂന്നുകിലോമീറ്റർ നീളമുള്ള ഒരു തുരങ്കം കടന്നാൽ കാർവാർ സ്റ്റേഷനായി. അറബികടലോരനഗരം. കാളിപ്പുഴയും കടലും സംഗമിക്കുന്ന അഴിമുഖം. സ്റ്റേഷനിൽനിന്ന് നഗരത്തിലേക്ക് 12 കിലോമീറ്റർ. ഡാൻഡേലിക്ക് കാട്ടിലൂടെയാണ് വഴി. പകൽയാത്രയാണ് നല്ലത്. നേരിട്ടുള്ള ബസുകൾ കുറവാണ്. തൊട്ടടുത്തെ പ്രധാനസ്ഥലമായ ജോയ്ഡയിലേക്കുള്ള ബസ് പിടിക്കാം. രണ്ടരമണിക്കൂർകൊണ്ട്  ജോയ്ഡയിലെത്താം. 
 തുടർന്നങ്ങോട്ട് ഉത്തരകർണാടകയുടെ 'ദേശീയവാഹന'മായ ട്രാക്സ് കിട്ടും. പത്തുപേർക്കിരിക്കാവുന്ന ആ വണ്ടിയിൽ 17-20 പേരുണ്ടാവും. ചിലപ്പോൾ വണ്ടിക്ക്‌ മുകളിലും ആളുണ്ടാവും. വാഹനങ്ങൾ കുറവായതിനാൽ ഏത്‌ വണ്ടിക്ക്  കൈകാണിച്ചാലും നിർത്തി ആളെ എടുത്തെന്നിരിക്കും. 
 കാനനയാത്രയ്ക്ക് വനംവകുപ്പിന്റെ അനുമതിവേണം. ഡാൻഡേലിയിലെത്തി ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിലേക്ക് പോവാം. അർധസർക്കാർ സ്ഥാപനമായ ജംഗിൾലോഡ്ജിൽ താമസിക്കാം. താമസവും ഭക്ഷണവും സഫാരിയുമടക്കം പല പാക്കേജുകളും ലഭിക്കും. വനംവകുപ്പിന്റെ നേച്ചർ ക്യാമ്പുമുണ്ട്. അവിടെ ഡീലക്സ് ടെൻഡ്‌,  മരംകൊണ്ടുള്ള കോട്ടേജുകൾ എന്നിവയുണ്ട്. 12 കിലോമീറ്റർ അപ്പുറത്തുള്ള കൂൾഗി നേച്ചർ ക്യാമ്പിലേക്കുപോവാം. 
സ്പെഷ്യൽ വണ്ടിയല്ലെങ്കിൽ നേച്ചർ ക്യാമ്പിലേക്ക് ഒരുകിലോമീറ്റർ നടക്കണം. സമീപത്തുള്ള കാനനപാതയിലൂടെ നടക്കാനിറങ്ങാം. നാഗജ്ഹരി വ്യൂ പോയിന്റിൽ കയറാം. കാണാൻ മലനിരകളും താഴ്‌വരകളും വേഴാമ്പലുകളും...  
 പിറ്റേദിവസം ജംഗിൾ സഫാരി. ആദ്യവണ്ടിയാണെങ്കിലേ മൃഗങ്ങളെ കാണാൻ കഴിയൂ. പിന്നെ, എല്ലാ വന്യജീവി സങ്കേതത്തിലും പറയുംപോലെ ഇവിടെയും പറയും ഭാഗ്യമുണ്ടെങ്കിലേ മൃഗങ്ങളെ കാണാൻ പറ്റൂ! പാൻസൊള്ളി ചെക്‌പോസ്റ്റിലാണ് അനുമതിപത്രം കാണിക്കേണ്ടത്. കാടിനകത്ത് മാൻ, കാട്ടുപോത്ത്, കാട്ടുപന്നി, മയിൽ, കാട്ടുകോഴി, എന്നിവയെ കാണാം. സഫാരി റൂട്ട് അവസാനിക്കുന്നിടത്തുനിന്ന് കവാള ഗുഹയിലേക്കുള്ള ട്രെക്കിങ് പാത തുടങ്ങുന്നു. 
500 കോൺക്രീറ്റ് പടികൾ താഴോട്ടിറങ്ങണം. ഒരു കൂറ്റൻമലയുടെ മുന്നിലുള്ള ഗുഹാമുഖത്താണ് നാമെത്തുന്നത്. വിവിധതരം പക്ഷികളുടെ ബഹുവിധശബ്ദങ്ങൾ. വലിയ ഗുഹാകവാടത്തിനുള്ളിൽ രണ്ട്‌ കൊച്ചുഗുഹാമുഖങ്ങൾ. വലതുവശത്തുകൂടി കയറി ഇടതുവശത്തുകൂടെ പുറത്തിറങ്ങാം. അകത്തെ ഗുഹാമുഖത്തിന് 3 അടി ഉയരമേയുള്ളൂ. ഉള്ളിൽ കൂരിരുട്ടും നരിച്ചീറുകളും. കുനിഞ്ഞ് കുനിഞ്ഞ് കുറച്ചുദൂരം പിന്നിടുമ്പോൾ നിവർന്നുനിൽക്കാം. അവിടെയാണ് വിസ്മയം. പ്രകൃതിശില്പി പ്രതിഷ്ഠിച്ച ശിവലിംഗം!. വളരുന്ന ശിവലിംഗത്തിന് ഇപ്പോൾ മൂന്നടിയോളം ഉയരമായി. മുകളിൽ കൂർത്തുനിൽക്കുന്ന പാറമുനകളിൽനിന്ന് അഭിഷേകതീർഥംപോലെ വെള്ളത്തുള്ളികൾ. വീഴുന്ന ജലകണങ്ങൾ ശിവലിംഗത്തിലുറച്ച് വളരുന്നു. തൊട്ടുമുകളിൽ രാജവെമ്പാലയുടെ രൂപംപോലെ മറ്റൊരു ശിലാതലം. മൊത്തം ഭക്തിസാന്ദ്രം. ശിവരാത്രിക്ക് ധാരാളം ഭക്തജനങ്ങൾ എത്താറുണ്ട്. 
 സ്റ്റാലറ്റൈറ്റ് ആൻഡ് സ്റ്റാലെറ്റ്‌മൈറ്റ് എന്ന പ്രകൃതിയിലെ രാസപരിണാമശില്പങ്ങളാണിത്. സ്റ്റാലറ്റൈറ്റും (മുകളിൽനിന്ന് താഴോട്ട് വളരുന്നവ) സ്റ്റാലെറ്റ്‌മൈറ്റും (താഴെനിന്ന് മുകളിലേക്ക് വളരുന്നവ) കൂടിചേർന്ന് ഒന്നായയിടവും അങ്ങനെ കൂടിചേർന്ന് ഗണപതിരൂപം കൈവരിച്ചയിടവുമെല്ലാം ഇവിടെ കാണാം.
ഗുഹയ്ക്ക് ചില കൈവഴികളുണ്ട്. ഗൈഡ് കൂടെയില്ലെങ്കിൽ വഴിതെറ്റിപോകും.  മുകളിൽ കൂർത്തുകിടക്കുന്ന പാറക്കെട്ടിൽ തലയടിക്കാതെ സൂക്ഷിച്ചുവേണം ചുവടുകൾ. വീണ്ടും കുനിഞ്ഞ് ഇഴഞ്ഞുവേണം പുറത്തുകടക്കാൻ.  ഗുഹാമുഖത്തുനിന്നുള്ള പുറംകാഴ്ചയും ചേതോഹരമാണ്. കൊടുങ്കാടടങ്ങിയ താഴ്‌വരയിലൂടെ കുതിച്ചൊഴുകുന്ന കാളിപ്പുഴ. അതിനപ്പുറം വീണ്ടുമൊരു കാനനമല. ദൂരെ കാണുന്ന മല ഉത്തരകന്നഡയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമാണ് ഷിരോളിപീക്ക്-സഞ്ചാരികൾ ധാരാളമെത്തുന്ന വ്യൂപോയിന്റാണിത്. നാഗജ്ഹരി നദി കാളിപ്പുഴയിലേക്ക് കൂടിചേരുന്ന ദൃശ്യം ദൂരെ കാണാം. കുൾഗിയുടെ അടുത്ത സ്റ്റോപ്പായ  അംബികാനഗറിൽനിന്ന് മൂന്നുകിലോമീററർ സഞ്ചരിച്ചാൽ അവിടെയെത്താം. കർണാടക പവർകോർപ്പറേഷന്റെ ഓഫീസും അവിടെയാണ്.
കവാള എന്നാൽ അടയ്ക്ക എന്നാണ് അർഥം. ഗുഹയ്ക്കകത്തെ ശിവലിംഗത്തിന് കൊട്ടടയ്ക്ക തലകീഴായ്്വെച്ച ആകൃതിയാണ്. അടയ്ക്കയുടെ പുറംതോടിനോട് സാമ്യവും ഉണ്ട്. അങ്ങനെ ആദിവാസികളായ ഗൗളികളാണത്രെ ഈ ഗുഹയ്ക്ക് കവാള ഗുഹ എന്നുപേരിട്ടത്. ചില ഭക്തരുടെ കണ്ണിലിതിന് രുദ്രാക്ഷരൂപമാണ്. 
 പിറ്റേദിവസം ബൈക്ക് സംഘടിപ്പിച്ചു. വിജനമായ കാട്ടുപാതയിലൂടെ വണ്ടിയോടിച്ചു. സിന്തേരി റോക്കിലേക്ക്. ഡാൻഡേലിയിൽനിന്ന് 24 കിലോമീറ്റർ. കാടിനുള്ളിൽ ഏതാണ്ട് ഒരുകിലോമീറ്റർ ഇപ്പുറംവരെ ബൈക്ക് പോകും.  പിന്നെ, അല്പം നടന്ന്  പടികളിറങ്ങണം. പടികൾ തുടങ്ങുന്നിടത്തുതന്നെ അദ്‌ഭുതംകൊണ്ട്  കണ്ണുകൾ വിടരും. 350 അടി ഉയരത്തിലുള്ള ഒറ്റക്കല്ല്. അടിവശത്ത് ചെറിയ ചെറിയ ഗുഹകൾ. ഗുഹയിലേക്കും പാറയെ തൊട്ടും കാനേരി നദി ചെറിയ വെള്ളച്ചാട്ടമായൊഴുകുന്നു. കല്ലിന്റെ ഘടനയും വലിപ്പവും ലാവ ഒലിച്ചിറങ്ങിയതുപോലുള്ള സമീപത്തെ പാറകളുമെല്ലാം ഭൂമിശാസ്ത്രം പഠിക്കുന്നവർക്ക്‌ അക്ഷയഖനികളാണ്. കല്ലിന്റെ രൂപപരിണാമത്തെപറ്റിയുള്ള ശാസ്ത്രീയവിവരങ്ങൾ നൽകുന്നതുകൊണ്ട് അധ്യയനയാത്രയ്ക്കും ഈ സ്ഥലം അനുയോജ്യം. ജ്വാലാമുഖിയായിരുന്നു ഇതെന്ന്‌ കൂടെവന്ന ബാപ്പുജി പറഞ്ഞു. ജ്വാലാമുഖി നമ്മുടെ അഗ്നിപർവതമാണ്. ഈ ഒറ്റക്കല്ലിന്റെ പാർശ്വഭാഗത്ത് മനുഷ്യന്‌ ചെന്നെത്താൻ പ്രയാസമാണ്. അതുകൊണ്ടാവാം തേനീച്ചകൾ കൂടുകൂട്ടിയിരിക്കുന്നു. പാറപ്പള്ളയിൽ പറ്റിപ്പിടിച്ചിരിക്കുന്ന 30ലധികം തേനീച്ച കൂടുകളും അവിടെ കണ്ടു. പൊത്തുകളിൽ നിറയെ പ്രാവുകളും. വെള്ളച്ചാട്ടവും പുഴയുംകണ്ട് കുളിച്ചേക്കാം എന്നാരും വിചാരിച്ചേക്കരുത്. അപകടമാണ്. പറഞ്ഞാൽ കേൾക്കാത്ത പന്ത്രണ്ടുപേർ ഇതിനകം കാലപുരി പൂകിയിട്ടുണ്ടെന്നും ആ ലിസ്റ്റിന് നീളംവെപ്പിക്കരുതെന്നും മുന്നറിയിപ്പ്‌ ബോർഡുണ്ട്. 
 ഒരു ബ്രിട്ടീഷ് വനിതയാണത്രെ സിന്തേരിയെ ആദ്യം വെളിച്ചത്ത്‌ കൊണ്ടുവന്നത്. സെന്റ് തേരി എന്ന്‌ അവരിട്ട പേരാണ് സിന്തേരിയായതെന്നും പറയുന്നു. ചാറ്റൽ മഴയ്ക്കിടയിൽ വെയിൽ തെളിഞ്ഞതോടെ മനോഹരമായൊരു മഴവില്ല്‌ വിരിഞ്ഞു. കന്നഡയിലെ കാമനവില്ല്. തിരിച്ചുവരുമ്പോൾ  കാഴ്ചകളുടെ മായാത്തൊരു മഴവില്ലാണ് മനസ്സിലും.- ഡാൻഡേലിയിലെത്തിയാൽ കാവളയും സിന്തേരിയും കാണാതെ വരരുത്.
 ഗണേഷ്ഗുഡിയാണ് ഡാൻഡേലിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്ന്. ഇവിടെ സുപാഡാമും കാളിപ്പുഴയും നിരവധി റിസോർട്ടുകളുമുണ്ട്. സാഹസിക ജലവിനോദങ്ങൾക്ക് അനന്തസാധ്യതയുള്ള സ്ഥലം. ബൈസൺ റിസോർട്ടിന്‌ സമീപമുള്ള റാപ്പിഡ്‌സിലൂടെ ഒരിക്കലെങ്കിലും റാഫ്റ്റിങ് നടത്തണം. വാക്കുകൾക്ക് അതീതമായൊരു അനുഭവമാണത്. പാറ വിടവിലേക്ക് ഇരുവശങ്ങളിൽനിന്നും കുടിചേർന്നൊഴുകുന്ന നദിയിലൂടെ ഏതാണ്ട് 60 ഡിഗ്രി ചരിവിലൂടൊരു ചാട്ടം, പിന്നെ, പാറക്കെട്ടിലൂടെ തട്ടിതടഞ്ഞ് ചാഞ്ചാടിയൊരു യാത്ര. ഏത്‌ ബലം പിടിച്ചിരിക്കുന്നവന്റെ മനസ്സും ഒന്നയയും. വട്ടത്തോണിയാത്ര, മീൻപിടിത്തം, കയാക്കിങ്, കനോയിങ്, റാപ്പെല്ലിങ്, റിവർക്രോസിങ് അങ്ങനെ സാഹസികതയുടെ ഒരു വലിയ ലോകം.
മരമുകളിൽ താമസിക്കാൻ സൗകര്യമൊരുക്കുന്ന ഹോൺബിൽ റിസോർട്ടും വിവിധ ഹോംസ്റ്റേകളും ഗണേഷ്ഗുഡിയിലുണ്ട്. ജംഗിൾ ലോഡ്ജിന്റെ ഓൾഡ്മാഗസിൻ ഹൗസും ഇവിടെയാണ്. തിരിച്ചുവരുംവഴി ഡാൻഡേലിക്കടുത്തുള്ള പിക്‌നിക് സ്പോട്ടും കാണാം. വിശാലമായൊഴുകുന്ന കാളിപ്പുഴയുടെ തീരത്ത് കാട് കുടവിരിക്കുന്ന തണലിനുതാഴെ ഇരിക്കാം. ടെൻഡടിച്ച് ഭക്ഷണമെല്ലാം ഒരുക്കി ഒരു കാനന നദീതീര ദിവസം ആഘോഷിക്കാം. മുതലകളെ കാണാം. റിവർവ്യൂ റിസോർട്ടാണെങ്കിൽ വേഴാമ്പലുകൾ തമ്പടിച്ചിരിക്കുന്ന പുഴയോരത്താണ്. പച്ചപ്പുകൾക്കിടയിലൂടെ ഈ കാഴ്ചയും കണ്ട് നടക്കുമ്പോൾ നാടും നഗരവും മനസ്സിന്റെ റീസൈക്ളിങ്‌ ബിന്നിലേക്ക്. 
 പിറ്റേദിവസം മടക്കയാത്ര യെല്ലാപ്പൂർ വഴി. അംഗോള വരെ ബസിൽ പിന്നെ, ഗോകർണം, കുംത, ഉഡുപ്പിവഴി വീണ്ടും കൊങ്കൺ തുരങ്കങ്ങളിലൂടെ....
 
യാത്ര പ്ളാൻ ചെയ്യാം

താമസിക്കാനും യാത്ര പ്ളാൻ ചെയ്യാനും ചില നമ്പറുകൾകൂടി തരാം. Bison River Resort, Ganesh Gudi  Ph: 08383-256539 09886230539. http://www.indianadventures.com. Hornbill River Resort: Rs:3500-7000.Ph: 08383-256336, 09880683323. Jungle lodge: Ph: 080 40554055, Jungle Camp Resorts Ph : 9845733053, 9449854729. Kulgi Nature Camp: 08284-231585, 232981.
Tour operators: Pramod D Revankar, Abhayaranya Ph: 08284-232568. 08971898749, 9986130889.Manju Rathore Dandeli Wild life Adventures and Tours  Ph: 08284-231992. Ph: 09900671757. 9449175001.Deputy Conservator of Forests Wildlife Division Dandeli-Ph: 231585 

അവനി സമ്മർ ആർട്സ് പ്രോഗ്രാം

കുട്ടികൾക്കും ചെറുപ്പക്കാർക്കുമായി ചിത്രരചനാപഠനത്തിന് അവസരമൊരുങ്ങുന്നു. ചാലപ്പുറം കനറ ബാങ്കിനുസമീപത്തായുള്ള അവനി സമ്മർ ആർട്സ് പ്രോഗ്രാം ‘അസാപ് 2017’ ആണ് കലാപ്രേമികൾക്ക് അവസരമൊരുക്കുന്നത്. 
പെയിന്റിങ്, ചിത്രകല എന്നിവയിലാണ് പരിശീലനം. പെൻസിൽ, ജലച്ചായം, അക്രലിക്, ചാർക്കോൾ തുടങ്ങിയ അടിസ്ഥാനമാധ്യമങ്ങളിലാണ് പരിശീലനം നൽകുന്നത്. കലാകാരന്മാരായ അസീസ് ടി.എം., മുരളി ചീരോത്ത് എന്നിവരാണ് നേതൃത്വംനൽകുന്നത്.