മീനമാസത്തിലെ പത്തും പതിനൊന്നും. അതായത് മാർച്ച് 24 ഉം 25 ഉം. കൊല്ലം ചവറയ്ക്കടുത്തുള്ള കൊറ്റംകുളങ്ങര ദേവീക്ഷേത്ര സന്നിധി മറ്റൊരുലോകമാവും. വാലിട്ട് കണ്ണെഴുതി, പൊട്ടുതൊട്ട്, ആടയാഭരണവിഭൂഷിതരായി സുന്ദരികളെ നാണിപ്പിക്കുന്ന സുന്ദരാംഗനമാരെ കൊണ്ട് ക്ഷേത്രമുറ്റം നിറയും. കൊല്ലംമുതൽ ഓച്ചിറ വരെ ബസിലും ഓട്ടോറിക്ഷയിലും ബൈക്കിലും പെൺവേഷധാരികളായ പുരുഷൻമാരെ കാണാം. ജില്ലയിലെ എല്ലാ സഞ്ചാരപഥങ്ങളും അന്ന് കൊറ്റംകുളങ്ങരയിലേക്ക് നീളും. വിദേശത്തുനിന്നടക്കം മറുനാടുകളിൽ നിന്നും വരുന്നവർ വേറെയും. 
 അപൂർവമായ ആചാരവൈവിധ്യം കൊണ്ട് ലോകശ്രദ്ധയിലെത്തിയ കൊറ്റംകുളങ്ങര ദേവീക്ഷേത്രം കൊല്ലം, ആലപ്പുഴ ദേശീയപാതയോരത്ത് ചവറയ്ക്കടുത്താണ്.  അരയാലും ഇലഞ്ഞിയും കാഞ്ഞിരവും തണലൊരുക്കുന്ന അമ്പലപരിസരം. ഉത്സവവിഭവങ്ങൾക്കു പുറമെ മേക്കപ്പ് റൂമുകളും സ്റ്റുഡിയോകളും കൂണുപോലെ മുളച്ചുപൊന്തുന്ന ഉത്സവനാളുകൾ.
 ഇവിടെ എന്തുനേർന്നാലും അത് അച്ചട്ടാ.'വേഷം കെട്ടിയെത്തുന്നവർക്കെല്ലാം ഈ കാര്യത്തിൽ നൂറുനാവ്, ഒരേ സ്വരം. 'ഞാൻ എല്ലാകൊല്ലവും ഇവിടെയെത്തും. അമ്മ കൈനിറയെ പണവും തരും. സീരിയൽ സിനിമാരംഗത്ത് ചമയക്കാരനായി പ്രവർത്തിക്കുന്ന മേക്കപ്പ് മാൻ പറഞ്ഞതോർക്കുന്നു.  ഏത് സിനിമയിലായാലും മീനം പത്തിനും പതിനൊന്നിനും ഞാൻ കൊറ്റംകുളങ്ങര തന്നെയുണ്ടാവും. രണ്ടുദിവസവും കൈയൊഴിഞ്ഞ നേരമില്ല. വിഗ്ഗിനും ചമയത്തിനും ഈടാക്കുന്ന ഫീസാണ് വരുമാനം. ഇതുപോലെ എത്രയോ ചമയക്കാരിരുന്ന് ആണുടലുകളിൽ പെണ്ണഴക് വിടർത്തുന്ന കാഴ്ച കാണാം.
 വേഷം കെട്ടിയാൽ അതിന്റെ ഓർമ നിലനിർത്താൻ ഫോട്ടോ വേണം. എടുത്താൽ ഉടൻ കിട്ടുന്ന ഫോട്ടോയുമായി താത്‌കാലിക സ്റ്റുഡിയോകൾ നിരന്നിരിക്കുന്നത് അതിനാണ്. ഫോട്ടോയെടുക്കുന്നവരുടെ തിരക്കാണ് എവിടെയും. മൊബൈൽ ക്യാമറകൾ വന്നതിൽ പിന്നെ എല്ലാവരും ഫോട്ടോഗ്രാഫറുമാണല്ലോ? സുന്ദരികളായ സുന്ദരൻമാരെ തിരഞ്ഞ് പിടിച്ച് അവർക്കൊപ്പം ഫോട്ടോയെടുക്കാനാണ് ചിലർക്ക് താത്്പര്യം. സെൽഫികളുടെ കാലമായതോടെ രക്ഷയില്ല.  മഞ്ചേരിയിൽ നിന്നും പാറശാലയിൽ നിന്നുമെല്ലാം ഇതിനായി ഇവിടെയെത്തിയവരേറെ. 
ഉത്സവ പുരുഷാരത്തിൽ ആൺസുന്ദരികളെ തട്ടിപ്പോകും. സോറി പറയുമ്പോൾ ഓ സാരമില്ലെടേ എന്ന ഭാവം. അങ്ങിനെ ചമ്മുന്നവരുണ്ട്. ഇതിന്റെ മറവിൽ തോണ്ടൽ വിദഗ്‌ധരും മുട്ടിയുരുമ്മലുകാരും വിളയാടുന്നതും കാണാം. അമ്പലമുറ്റമാണെന്ന് ഓർക്കാതെ അശ്ളീല ചേഷ്ടകൾ കാണിച്ച് നടക്കുന്നവരേയും കമന്റടിക്കാരേയും കമ്മിറ്റിക്കാർ നിയന്ത്രിക്കുന്നതും കാണാം. 
വേഷം കെട്ടി ചമയവിളക്കുമെടുത്ത് പെട്ടെന്ന് തൊഴുതുമടങ്ങുന്നവരുടെ എണ്ണവും കൂടിവരികയാണ്. ഭക്തിയോടെ വിളക്കെടുക്കുന്നവർ കുഞ്ഞാലുംമൂട്ടിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള വഴിയിൽ വിളക്കുമായി നിൽക്കും. എഴുന്നള്ളുന്ന ദേവിയിൽനിന്ന് അനുഗ്രഹം വാങ്ങും. ഇത് പൂർത്തിയാവുമ്പോൾ ഏതാണ്ട് നേരം പുലരും. മറ്റുള്ളവർക്കുവേണ്ടി വിളക്കെടുക്കാൻ വരുന്നവരേയും കാണാം. യഥാർഥ ഭക്തർക്ക് ഇതും പറഞ്ഞിട്ടുള്ളതല്ല. 
 ഈ ക്ഷേത്രാചാരത്തിനും പിന്നിലൊരു കഥയുണ്ട്. ക്ഷേത്രം നിന്നിരുന്ന ഇവിടം പണ്ട് കാടുപിടിച്ച് കിടക്കുകയായിരുന്നു. സമീപവാസികളായ കുട്ടികൾ കാലിമേയ്ക്കുമ്പോൾ ഒരു തേങ്ങ വീണുകിട്ടി. ഭൂതക്കുളത്തിനു തെക്ക് കിഴക്ക് ഉയർന്നിരുന്ന കല്ലിൽ വെച്ച് അത് പൊതിക്കുമ്പോൾ ലോഹകഷണം കല്ലിൽ തട്ടി. കല്ലിൽ നിന്ന് ചോര പൊടിഞ്ഞു. പരിഭ്രാന്തരായ കുട്ടികൾ മുതിർന്നവരെ വിവരം അറിയിച്ചു. നാട്ടുപ്രമാണിയുടെ നേതൃത്വത്തിൽ പ്രശ്നം വെച്ചപ്പോൾ ശിലയിൽ സാത്വിക ഭാവത്തിലുള്ള വനദുർഗ കുടികൊള്ളുന്നുവെന്നും നാടിന്റെയും നാട്ടാരുടെയും ഐശ്വര്യത്തിനുവേണ്ടി ക്ഷേത്രം നിർമിക്കണമെന്നും കാണാൻ കഴിഞ്ഞു. അന്നേ ദിവസം മുതൽ നാളീകേരം ഇടിച്ചുപിഴിഞ്ഞ് ദേവിക്ക് നിവേദ്യമായി നൽകി. കാനനപ്രദേശമായതിനാൽ പെൺകുട്ടികൾ ഈ വഴി പോകാൻ ഭയപ്പെട്ടിരുന്നു. അതിനാലാണ് കുമാരൻമാർ ബാലികമാരായി വേഷമണിഞ്ഞ് ദേവിയുടെ മുന്നിൽ വിളക്കെടുത്തത്. അതിന്റെ തുടർച്ചയാണ് ഈ ചമയവിളക്ക്. 
 കുമാരൻമാർ എന്നതു വിട്ട് ഇപ്പോൾ പ്രായഭേദമന്യേ എല്ലാവരും ചമയമിട്ട് വിളക്കെടുക്കുന്നു. ദിവ്യശിലയ്ക്കു ചുറ്റും കുരുത്തോല പന്തൽകെട്ടി വിളക്കുവെച്ചതിന്റെ ഓർമയ്ക്കായാണ് ഇന്നും ഉത്സവകാലത്ത് കുരുത്തോലപ്പന്തലൊരുക്കുന്നത്. അതും കാണേണ്ടൊരു കാഴ്ചയാണ്. ചവറ, പുതുക്കാട്, കുളങ്ങരഭാഗം, കോട്ടയ്ക്കകം എന്നീ നാലുകരക്കാരുടെയും സംഘടനകളുടെയും വ്യക്്തികളുടെയും സംയുക്താഭിമുഖ്യത്തിൽ. കേന്ദ്ര ഉത്സവകമ്മിറ്റിയുടെയും ക്ഷേത്രോപദേശകസമിതിയുടെയും കര ഉത്സവകമ്മിറ്റികളുടെയും നേതൃത്വത്തിലും ആഭിമുഖ്യത്തിലുമാണ് ഇപ്പോൾ ഉത്സവം കൊണ്ടാടുന്നത്. നാലുകരക്കാരുടെയും കെട്ടുകാഴ്ചകൾ ഉണ്ടാവാറുണ്ട്. വിളക്കിനു മുന്നോടിയായി കാർഷിക വിഭവങ്ങൾ ദേവിക്ക് സമർപ്പിക്കുന്ന അൻപൊലിപ്പറയുമുണ്ട്. മറ്റ് നാടുകളിൽ ജോലി ചെയ്യുന്ന കൊറ്റംകുളങ്ങരക്കാർ ഓണത്തിന് വന്നില്ലെങ്കിലും ചമയവിളക്കിന് വരാൻ മറക്കാറില്ല. 
 ഇനി വഴി പറയാം. കോഴിക്കോട് നിന്നു 295 കിലോമീറ്ററാണ് ഇവിടേക്ക്. തിരുവനന്തപുരം ആലപ്പുഴ ദേശീയപാതയോരത്ത് കരുനാഗപ്പള്ളിക്കും കൊല്ലത്തിനുമിടയിൽ ചവറയ്ക്കടുത്താണ്‌ ഈ ക്ഷേത്രം. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലോ കൊല്ലം റെയിൽവേ സ്റ്റേഷനിലോ ഇറങ്ങാം. കരുനാഗപ്പള്ളിയിൽ നിന്നു 10 കി.മി. കൊല്ലത്തുനിന്ന്  17 കി.മി. ബസ്സിനാണെങ്കിൽ ക്ഷേത്രത്തിനടുത്ത് തന്നെ ഇറങ്ങാം. കൊറ്റംകുളങ്ങര സ്റ്റോപ്പ്. സുപ്പർ ഫാസ്റ്റിലാണെങ്കിൽ ചവറ ഇറങ്ങി ലോക്കൽ ബസ്സിൽ വരാം. ഒരു കിലോമീറ്ററേയുള്ളു. അല്ലെങ്കിൽ കരുനാഗപ്പള്ളി ഇറങ്ങി ലോക്കൽ ബസ്സിൽ പോവാം.
 ഫോൺ: 04762685858