തമിഴ്‌നാട്ടിലെ ഒരു മലമുകളിലേക്കാവട്ടെ അടുത്തയാത്ര. ഊട്ടിയോ കൊടൈക്കനാലോ യേർക്കാടോ അല്ല. ഇത് കൊല്ലിമല. സഞ്ചാരികൾ അധികം എത്താറില്ലാത്ത, കൃഷിയും ഗ്രാമജീവിതവുമായി ശാന്തജീവിതം നയിക്കുന്ന ഒരു തമിഴ്‌നാടൻ മലമുകളിലേക്ക്. നാമക്കൽ എന്ന പേര് കേട്ടുകാണും. റെയിൽവഴിയാണ് യാത്രയെങ്കിൽ സേലത്തിറങ്ങി ബസ്സിനുപോവാം. കേരളത്തിലേക്ക് കോഴിയും കോഴിമുട്ടയുമെല്ലാം വരുന്ന സ്ഥലങ്ങളിലൊന്നാണ്. കാറിനോ ബസിനോ ബൈക്കിലോ ആണെങ്കിൽ കോയമ്പത്തൂർ വഴി 347 കിലോമീറ്റർകാണും. നാമക്കലിൽ നിന്ന് എഴുപത് മുടിപ്പിൻ വളവുകൾ കയറി 62 കിലോമീറ്റർ സഞ്ചാരിച്ചാൽ കൊല്ലിമലയായി. 
 പകലാണ് യാത്രയെങ്കിൽ താഴെ പച്ചപുതച്ച തോപ്പുകൾ കാണാം. രാത്രിയിൽ ദീപാലംകൃതപട്ടണങ്ങളും മലനിരകളും. അപകടംനിറഞ്ഞ എഴുപതുവളവുകൾ ഉള്ളതുകാരണം ചിലരീ മലയെ മരണത്തിന്റെ മലയെന്നും വിളിക്കാറുണ്ട്. പക്ഷെ അതുകേട്ട് പേടിക്കണ്ട, എവിടെയാണ് അപകടമില്ലാത്തത്. കണ്ണൂർ- കോഴിക്കോട് പ്രൈവറ്റ്ബസിൽ യാത്ര ചെയ്ത് പരിചയമുള്ള നമുക്കിതൊക്കെ ഒരു പുതുമയാണോ
 ഇവിടെയെത്തികഴിഞ്ഞാൽ മലയുടെ സ്വന്തം വാഹനമായ ജീപ്പുകളാണ് ധാരാളം. തൊഴിലാളികലെയുംകൊണ്ട് കൃഷിയിടങ്ങളിലേക്ക് പോവുന്ന വണ്ടികൾ. കാപ്പി, കുരുമുളക്, മരച്ചീനി, പൈനാപ്പിൾ, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ. ചോലൈക്കാടും സെമ്മേടുമാണ് ഇവിടുത്തെ പ്രധാനകേന്ദ്രങ്ങൾ. കടകളൊക്കെ ഇവിടെയാണുള്ളത്. കൊല്ലിമലയിൽത്തന്നെ നട്ടുവളർത്തിയ പഴങ്ങളും പച്ചക്കറികളും വിൽപ്പനയ്ക്കു വെച്ചിരിക്കുന്ന മാർക്കറ്റുണ്ട് ചോലെക്കാട്. വാഴപ്പഴവും പൈനാപ്പിളുമെല്ലാം കിട്ടും. 
 സീക്കുപാറ വ്യൂപോയന്റുകാണാം, എവിടെ നിന്നുനോക്കിയാലും കാണുന്നത് പച്ചമലകളും. കൊല്ലിമലയെ ചുറ്റിപ്പിണഞ്ഞുവരുന്ന വഴിയും വാഹനങ്ങളുമാണ് കാണുക. 
 ഫയർ‌സ്റ്റേഷന്റെ അടുത്തുള്ള ചെറിയ കടയിൽ നല്ല ഊണുകിട്ടും. ഒരുതനി തമിഴ്‌നാടൻ ശാപ്പാട്.  
 കൊല്ലിമലയിലെ ബോട്ടിങ് കേന്ദ്രമാണ് മറ്റൊരു ടൂറിസ്റ്റ് സ്പോട്ട്. തടാകവും പൂന്തോപ്പും ബോട്ടിങ്ങുമെല്ലാം ഉള്ളതിനാൽ അവിടെ കുടുംബമായെത്തിയ സന്ദർശകരെക്കാണാം.  കൊല്ലിമലയിൽ ഇങ്ങനെ കുറച്ചു കാഴ്ചകളാണുള്ളത്. പാർക്കുകൾ, വെള്ളച്ചാട്ടങ്ങൾ, ബോട്ടിങ്, വ്യൂപോയന്റുകൾ-അവയെല്ലാംതന്നെ ഈ മലമുകൾ ഗ്രാമത്തിന്റൈ പലഭാഗങ്ങളിലായി കിടക്കുന്നു. സഞ്ചാരികളിൽമിക്കവരും എഴുപതു ഹെയർപിൻവളവുകളിലൂടെയുള്ള സഞ്ചാരത്തിന്റെ സാഹസികത അനുഭവിക്കാനായാണ് വരുന്നത്. അതിനായി ബൈക്കിൽ വരുന്നവരെയും കാണാം.  
 പിന്നെ ആകാശഗംഗ വെള്ളച്ചാട്ടം കാണാനും. വെള്ളച്ചാട്ടത്തിലേക്ക്‌ പോകുംവഴിയാണ് അരപാളീശ്വരക്ഷേത്രം. ഇവിടെനിന്ന് രാശിപുരത്തെ ശിവക്ഷേത്രത്തിലേയ്ക്ക് രഹസ്യപാതയുണ്ടെന്നാണ് കൊല്ലിമലയിലുള്ളവരുടെ വിശ്വാസം. കോവിലിനെ ചുറ്റി നിറയെകടകൾ. പൂക്കളും പൂജാദ്രവ്യങ്ങളും കളിപ്പാട്ടങ്ങളും പഴങ്ങളും വിൽപ്പനയ്ക്ക്‌ വെച്ചിരിക്കുന്നു. 
വഴിയുടെ ആയിരംപടവുകൾ താണ്ടിവേണം ആകാശഗംഗയിലെത്താൻ. വഴിയിലും ചില വ്യൂപോയന്റുകളുണ്ട്. കൊല്ലിമലയിൽ ഇരുന്ന്‌ രാത്രി ആസ്വദിക്കുന്നതും ഒരനുഭവമായിരിക്കും. വ്യൂപോയന്റുകളിൽനിന്നാൽ മേലെ ആകാശത്തും താഴെഭൂമിയിലും നക്ഷത്രങ്ങൾ വിടർന്നപ്രതീതി. 
 ഇവിടെ താമസിക്കാൻ നല്ലതമ്പി റിസോർട്ടിനെ (04286 247463) ആശ്രയിക്കാം. പിന്നെ ലേക് വ്യൂ റിസോർട്ടിനെയും  (07373493330).