കോഴിക്കോടിന്റെ എഴുത്തുകാരന് കോഴിക്കോട്ടെ നാടകക്കാരുടെ അരങ്ങുപഹാരം- എസ്.കെ.യുടെ ‘ഒരു തെരുവിന്റെ കഥ’ നാടകമാക്കുമ്പോൾ ഉദ്ദേശിച്ചത് അത്രമാത്രം. പക്ഷേ, എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ സംവിധായകൻ വിജയൻ വി. നായർതന്നെ ഒന്നുഞെട്ടി. താൻ സംവിധാനംചെയ്യുന്നത്‌ നൂറാമത്തെ നാടകമാണെന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയത് വൈകിയാണ്. തിരക്കുപിടിച്ച സമയങ്ങളിൽ ഒന്നിലേറെ നാടകങ്ങൾ. ചിലതിൽ അഭിനയം, പിന്നെ സിനിമാ-സീരിയൽ അഭിനയവും. തിരിഞ്ഞുനോക്കുമ്പോൾ കഴിഞ്ഞ 40 വർഷത്തെ നാടകജീവിതത്തിൽ പൂർണസംതൃപ്തനാണ് വിജയൻ വി. നായർ എന്ന നടനും നാടകപ്രവർത്തകനും.
കോഴിക്കോട്ടുകാർ വിജയൻ വി. നായരെ ആദരിക്കുകയാണ്. അദ്ദേഹത്തിന്റെ നൂറാമത് നാടകം ഒരു തെരുവിന്റെ കഥ അരങ്ങത്തെത്തുന്ന ഫിബ്രവരി 11-ന്‌. പറയഞ്ചേരി ബോയ്‌സ് ഹൈസ്കൂളിൽ വൈകീട്ട്  ആറുമണിക്ക്.
എസ്.കെ.യുടെ കഥ നാടകമാക്കി അവതരിപ്പിക്കണമെന്നത് കുട്ടിക്കാലത്തെ ആഗ്രഹമാണ്. പലതുകൊണ്ടും സാധിച്ചില്ല. ഇപ്പോൾ ഒരു നിമിത്തമായി ആ സൗഭാഗ്യം കൈവന്നിരിക്കുന്നു. അതും തന്റെ നാടകലോകത്തെ നൂറാമത്തെ സൃഷ്ടിയായി. അതിനാൽത്തന്നെ ആ കലാകാരൻ തികഞ്ഞ സന്തോഷത്തിലാണ്.
‘‘കോഴിക്കോട് ബി.ഇ.എം. യു.പി.സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി മുഖത്ത് ചായമിട്ടത്. ഒരു ക്രിസ്മസ് പാപ്പായുടെ റോൾ. ഇപ്പോൾ പറഞ്ഞാൽ സോളോഡ്രാമ. അന്നൊന്നും അറിഞ്ഞിരുന്നില്ല. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പൂർണമായും നാടകസംവിധാനത്തിലും അഭിനയത്തിലുമായി. അക്കാലത്ത് ഞങ്ങൾ അഞ്ചുസുഹൃത്തുക്കളായിരുന്നു ടി.പി.ചന്ദ്രമോഹൻ, പി.ബാലചന്ദ്രൻ ടി.വി.മുരളി, ഹരിദാസ് ചേറ്റട, ദേവദാസ് പി. ജെൻട്രി. ഞങ്ങളെല്ലാവരും ചേർന്ന് ഒരു  ഓർഗനൈസേഷനുണ്ടാക്കി അതാണ് ‘യൂക്ക്’ പിൽക്കാലത്ത് ആധുനികനാടകങ്ങൾ അവതരിപ്പിച്ച് ആ പ്രസ്ഥാനം നഗരത്തിൽ ശ്രദ്ധനേടി. ശ്യാംപ്രസാദ്, മുരളി, വി.എം.വിനു ജോസ് ചേറേമണ്ണിൽ തുടങ്ങിയവർ യൂക്കിന്റെ പേരിൽ ഇവിടെ നാടകങ്ങൾചെയ്തു.
ഡോ. ഇന്ദുകുമാറിന്റെ ‘തൃഷ്ണ’ എന്ന നാടകത്തിലൂടെയാണ് യൂക്ക് പിറന്നത്. തുടർന്ന് അഭിനയവും സംവിധാനവും. 100 നാടകങ്ങൾ സംവിധാനംചെയ്യുകയും 150 നാടകങ്ങളിലും അൻപതോളം സിനിമയിലും അഭിനയിക്കുകയും ചെയ്തു ഇതുവരെ. ഇതിലപ്പുറം സന്തോഷിക്കാൻ വേറെയെന്തുണ്ട്.’’
അമച്വർ നാടകങ്ങളാണ് വിജയൻ വി. നായർ കൂടുതലും സംവിധാനം ചെയ്തത്. പ്രൊഫഷണലുകൾക്കുവേണ്ടി കെ.പി.എ.സി.ക്ക് രണ്ടും സംഗമത്തിന്‌ മൂന്നും വർണമുദ്ര, സൗമ്യസ്വര എന്നിവർക്ക് ഒാരോ നാടകവും ചെയ്തു. നാടകത്തിൽ ഏറെ പ്രസിദ്ധിയാർജിച്ചത് ക്ഷണിക്കുന്നു കുടുംബസമേതം, മാട്രിമോണിയൽ ഡോട്ട് കോം, പെണ്ണുയിരിന്റെ പ്രത്യയശാസ്ത്രം തുടങ്ങിയവയാണ്.
പ്രൊഫഷണൽ നാടകങ്ങളേക്കാൾ അമച്വർ നാടകങ്ങൾ അവതരിപ്പിക്കാനാണ് താത്‌പര്യമെന്ന് വിജയൻ പറയുന്നു. പ്രൊഫഷണൽ നാടകങ്ങൾ ബിസിനസാണ്. ഇതിനാൽ അതിൽ കൂട്ടിച്ചേർക്കലുകൾ വേണ്ടിവരും. എന്നാൽ, അമച്വർ നാടകം സംവിധായകൻ പൂർണസ്വതന്ത്ര്യത്തോടെ ചെയ്യുന്നതാണ്. അതിനാൽ അതിന്‌ സാക്ഷാത്കാരം കൂടും.
നാടകത്തിന്‌ ആസ്വാദകർ കൂടിവരുന്നതായി വിജയൻ വി. നായർ പറഞ്ഞു. ഇടക്കാലത്ത് ആളുണ്ടായിരുന്നില്ല. അതിനുകാരണം നാടകക്കാർതന്നെയാണ്. ജനങ്ങളോട് സംവദിക്കാത്ത നാടകങ്ങളാണ് പലരും സൃഷ്ടിച്ചിരുന്നത്. മലയാളത്തിൽ നാടകസംസ്കാരം വളർന്നുകഴിഞ്ഞാൽമാത്രമേ നാടകം ഉപജീവനമായി കാണേണ്ടതുള്ളൂ. വിദേശത്ത് നാടകം ഒരു സംസ്കാരമാണ്. അവിടെയെല്ലാം നാടകങ്ങൾക്ക് സ്പോൺസർമാരുണ്ട്. ഇവിടെയാരുണ്ട്?
അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘പാലേരിമാണിക്യം’ തനിക്ക് ബ്രേക്ക്‌ തന്ന ചിത്രമാെണന്ന് അദ്ദേഹം പറഞ്ഞു. അടൂരിന്റെ നിഴൽക്കുത്ത്, ജയരാജിന്റെ ഗുൽമോഹർ തുടങ്ങിയവയും വിജയൻ വി. നായരെ പ്രസിദ്ധനാക്കിയ ചിത്രങ്ങളാണ്. ‘അട്ടപാടി’ എന്ന തമിഴ് ചിത്രത്തിലും  ‘ബാക്ക് വാട്ടേഴ്സ്’ എന്ന ഹോളിവുഡ് ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
എസ്.കെ.യുടെ ‘ഒരു തെരുവിന്റെ കഥ’ നാടകമാക്കുന്നത് ഏതാണ്ട് ഒരുവർഷത്തെ പ്രയത്നംകൊണ്ടാണ്. വിശാലമായ ഫ്രെയിമിൽ അവതരിപ്പിക്കാനായിരുന്നു ഉദ്ദേശ്യം. പുതിയറയിലെ ചന്ദ്രകാന്തം സാംസ്കാരികവേദി അതിനുള്ള സഹായവും നൽകിയിരുന്നു. പക്ഷേ, നോട്ടുപിൻവലിച്ചതുമൂലമുണ്ടായ സാമ്പത്തികപ്രശ്നം നാടകത്തെയും ബാധിച്ചു. പുതിയറയിലെ നാട്ടുകാരുടെ സഹകരണത്തോടെയാണ് നാടകം അരങ്ങേറുന്നത്. ഇതിന്‌ ചന്ദ്രകാന്തം വേദി പ്രസിഡന്റ് പി. ദിവാകരനോടും മറ്റ് ഭാരവാഹികളോടും കടപ്പാടുണ്ടെന്നും വിജയൻ വി. നായർ പറഞ്ഞു.