പലകാലങ്ങളിൽ അരങ്ങിലും അണിയറയിലും ഒപ്പം പ്രവർത്തിച്ചവർക്കൊപ്പം ജയപ്രകാശ് കാര്യാൽ ഇരുന്നു, അവരുടെ പ്രിയപ്പെട്ട ജെ.പി.യായി. എല്ലാവരുടേയും വാക്കുകളിൽ നിറയെ നാടകത്തിലും ജീവിതത്തിലും സ്നേഹംമാത്രം പകർന്നുനല്കിയ ജെ.പി. നിറഞ്ഞു.
ജയപ്രകാശ് കാര്യാലിന് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ശ്രദ്ധയുടെ നേതൃത്വത്തിൽ നാടകസുഹൃത്തുക്കൾ ഒത്തുചേർന്നത്. കോഴിക്കോടൻ നാടകത്തിന്റെ മുഖമായി ജയപ്രകാശ് കാര്യാൽ മാറിയതെങ്ങനെയെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. രാവുണ്ണിയും കുടുക്കയും പോലെ മനോഹരമായ നാടകങ്ങൾ രംഗത്തെത്തിച്ച ജെ.പി.യെക്കുറിച്ചാണ് വി.കെ. പ്രഭാകരൻ പറഞ്ഞത്. ചിത്രകാരനായ ജെ.പി.യുടെ നാടകങ്ങളും ചിത്രകലപോലെ സുന്ദരമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ജനകീയസംവിധായകനായ ജയപ്രകാശ് കാര്യാലിനെക്കുറിച്ചാണ് വിജയൻ വി. നായർ പറഞ്ഞത്. റാണി ദിവാകരന് നാടകം കുട്ടിക്കളിയല്ലെന്ന് പഠിപ്പിച്ച ശ്രേഷ്ഠനായ ഗുരുവാണ് ജെ.പി. പെയിന്റിങ്ങുപോലെ മനോഹരമായ ചമയവും വെളിച്ചവും ഒരുക്കിയ ജയപ്രകാശ് കാര്യാലിനെക്കുറിച്ചാണ് വിജയരാഘവൻ പറഞ്ഞത്. 
കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി പശ്ചാത്തലത്തെക്കുറിച്ച് വിശദമായി പഠിച്ച് നാടകത്തിനായി സമർപ്പിക്കുന്ന കൂട്ടുകാരൻ, പ്രതിഫലം മോഹിക്കാത്ത, പ്രശസ്തിയുടെ പിറകേ പോകാത്ത നാടകക്കാരൻ, കലാകാരികളുടെ സംരക്ഷണം ഉറപ്പാക്കുന്ന സംവിധായകൻ... കൂട്ടുകാരുടെ വിശേഷണങ്ങൾ പിന്നേയും നീണ്ടു. പി.പി. ജയരാജൻ, എം.ആർ. ബാലൻ, സുലൈമാൻ കക്കോടി, കോയ മുഹമ്മദ്, അർഹം റാസ തുടങ്ങിയവർക്കെല്ലാം പറയാനുണ്ടായിരുന്നതും അതുതന്നെയായിരുന്നു. എല്ലാവരുടേയും നല്ലവാക്കുകൾ സ്നേഹംനിറഞ്ഞ ചിരിയോടെയാണ് ജെ.പി. കേട്ടത്. 
ജയപ്രകാശ് കാര്യാലിനെക്കുറിച്ച് യതി കാവിൽ, ഗിരീഷ് കളത്തിൽ, സി.കെ. ഗിരീഷ് എന്നിവർ ചേർന്ന് തയ്യാറാക്കിയ ‘കാര്യാൽ മാഷ്: അരങ്ങിന്റെ സഹചാരി’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ജയപ്രകാശ് കാര്യാൽ വരച്ച അമ്പതിലേറെ ചിത്രങ്ങളുടെ പ്രദർശനവും ആർട്ട് ഗാലറിയിൽ തുടങ്ങി. പല നാടകങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളവയേറെയും.
സമ്മേളനം എ. പ്രദീപ് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.കെ. ഗിരീഷ് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പുരുഷൻ കടലുണ്ടി എം.എൽ.എ. മുഖ്യാതിഥിയായി. വിജയൻ കാരന്തൂർ, കെ.ആർ. മോഹൻദാസ്, സി.കെ. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് എം.വി. സുരേഷ് ബാബു രചിച്ച് ജയപ്രകാശ് കാര്യാൽ സംവിധാനംചെയ്ത ‘അമ്മ വിത്തുകൾ’ നാടകം അരങ്ങിലെത്തി. ചൊവ്വാഴ്ച രാത്രി ഏഴിന് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉപഹാരം നൽകും.