തിരുവനന്തപുരത്ത്‌ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുത്ത സ്വദേശികളും വിദേശികളുമടക്കമുള്ള നിരവധി ചലച്ചിത്ര സംവിധായകർ കൊച്ചി-മുസിരിസ് ബിനാലെയിലുമെത്തി.
ഇരുപത്തൊന്നാം ഐ.എഫ്.എഫ്‌.കെ.യിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ‘ദി റിട്ടേൺ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഗ്രീൻ സെങ്‌, വെനീസ് ബിനാലെയുമായാണ് കൊച്ചി ബിനാലെയെ താരതമ്യം ചെയ്തത്. വെനീസ് ബിനാലെയ്ക്ക് കൂടുതൽ ബജറ്റും സ്ഥലവും ഉണ്ടെങ്കിലും പ്രദർശിപ്പിച്ചിരിക്കുന്ന സൃഷ്ടികളുടെ ഗുണമേന്മയുടെ കാര്യത്തിൽ കൊച്ചി ബിനാലെയും വെനീസ് ബിനാലെയും തമ്മിൽ വ്യത്യാസം അനുഭവപ്പെടുന്നില്ലെന്ന് സെങ്‌ പറഞ്ഞു. സിംഗപ്പൂർ സ്വദേശിയായ സെങ്‌ ഈവർഷം ആദ്യം വെനീസ് ബിനാലെ സന്ദർശിച്ചിരുന്നു. ‘വൈവിധ്യങ്ങൾ’ എന്ന കൊച്ചി ബിനാലെയുടെ മൂന്നാം പതിപ്പിന്റെ പ്രമേയത്തിനു ചേരുന്ന രീതിയിൽ വിവിധ മാധ്യമങ്ങളിലായി സംയോജിപ്പിച്ച സൃഷ്ടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ശബ്ദവും സ്പന്ദനവും കൂട്ടിയോജിപ്പിച്ച പുതിയ തലങ്ങൾ അവതരിപ്പിച്ച കമീൽ നോർമെന്റിന്റെ ഇൻസ്റ്റലേഷൻ അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള കലാകാരന്മാരെ ഒരുമിച്ചു കൊണ്ടുവന്ന ബിനാലെ വേദിയിൽ സർഗാത്മകതയുടെ വിവധ രൂപങ്ങൾ കാണാനാവുമെന്ന് ‘സിങ്ക്’ എന്ന ചിത്രം ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ദക്ഷിണാഫ്രിക്കൻ സംവിധായകൻ ബ്രെറ്റ് ഇന്നസ് പറഞ്ഞു. സൃഷ്ടികൾ ചിന്തയ്ക്ക് ഇടം നൽകുന്നതും പരീക്ഷണാത്മകവുമാണ്. സിനിമയിലെ ആഖ്യാന രീതിയിൽനിന്ന് വ്യത്യസ്തമായി കാണിയെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവയാണ് ഇവയെന്നും ബ്രെറ്റ് പറഞ്ഞു.

പ്രചോദനത്തിനായി ബിനാലെയിലെത്തിയ ഡച്ച് ഡോക്യുമെന്ററി സംവിധായകനും നരവംശ ശാത്രജ്ഞനുമായ ലൂക് വ്രീസ്വികിന് നിരാശാനാവേണ്ടി വന്നില്ല. സാഹിത്യവും തത്ത്വചിന്തയും ദൃശ്യങ്ങളും ശബ്ദങ്ങളും ഇടകലർന്ന ധാരാളം കലാസൃഷ്ടികൾ കാണാൻ കഴിഞ്ഞതായി ലൂക് പറഞ്ഞു. കവിതാലാപനവും ദൃശ്യാനുഭവവും ഒരുമിച്ചു ചേർക്കുന്ന ശർമിഷ്ഠ മൊഹന്തിയുടെ ‘ഐ മേക് ന്യൂ ദ സോങ്‌ ബോൺ ഓഫ് ഓൾഡ്’    അടക്കമുള്ള സൃഷ്ടികൾ കലയിൽ ഞാനെന്താണ് കാണാൻ ആഗ്രഹിക്കുന്നത് എന്നതിനെപ്പറ്റി ചിന്തിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ഐ.എഫ്.എഫ്‌.കെ.യിൽ ‘ബരാഖ് മീറ്റ്‌സ് ബരാഖ്’ എന്ന ചിത്രം പ്രദർശിപ്പിച്ച സൗദി അറേബ്യൻ സംവിധായകൻ മഹ്‌മൂദ് സബാഗും ബിനാലെയിലെ ആഖ്യാനത്തിലേയും രൂപത്തിലേയും വൈവിധ്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഇന്ത്യയിലെയും പാകിസ്താനിലെയും കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതുതന്നെ ബിനാലെയെ സമാനതകളില്ലാത്തതാക്കുന്നു. രാജ്യത്തിനു തന്നെ മാതൃകയാണിത്. ബിനാലെ സന്ദർശിച്ചതിലൂടെ ഫോർട്ടുകൊച്ചിയുടെ ജനങ്ങളെയും ചരിത്രത്തെയും  കൂടുതലറിയാനായി. ഇന്ത്യൻമഹാസമുദ്രത്തിലൂടെ നടന്ന സാംസ്കാരികാന്തര കൈമാറ്റങ്ങളെക്കുറിച്ചുള്ള തന്റെ പ്രോജക്ടിനെ ഇതു സഹായിക്കുമെന്നും സബാഗ് പറഞ്ഞു.

ബിനാലെ തന്നെ ഒരു ഇൻസ്റ്റലേഷനാണെന്നു പറഞ്ഞ ‘കാ ബോഡിസ്കേപ്പി’ന്റെ സംവിധായകൻ ജയൻ ചെറിയാൻ കലാവിഷ്കാരങ്ങളുടെ ഒരു പരിച്ഛേദം കാണാനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. നമ്മൾ ജീവിക്കുന്ന കാലത്തിനനുസരിച്ച് കലാസൃഷ്ടിയിൽ വ്യക്തമായ വ്യത്യാസം വരുന്നുണ്ട്. നിർബന്ധിത പലായനത്തിന്റെയും അഭയാർഥി പ്രതിസന്ധിയുടെയും ആഴം റൗൾ സുറീതയുടെ ‘സീ ഓഫ് പെയിൻ’ കൃത്യമായി പറയുന്നുണ്ട്. കാലഘട്ടത്തിന്റെ സാമൂഹിക-രാഷ്ട്രീയ കാലവാസ്ഥയെപ്പറ്റി ഭൂരിഭാഗം സൃഷ്ടികളും നേരിട്ടോ അല്ലാതെയോ പരാമർശിക്കുന്നുണ്ടെന്നും ജയൻ ചെറിയാൻ വിലയിരുത്തി.