പുസ്തകത്തിൽ വായിച്ചും ചിത്രങ്ങളിൽ കണ്ടും പരിചയപ്പെട്ട എവറസ്റ്റ്‌ കൊടുമുടിയാണ്‌ ഞാൻ കീഴടക്കിയത്‌’’ -ഇന്ത്യൻ പർവതാരോഹണ ചരിത്രത്തിൽ അത്യപൂർവ നേട്ടങ്ങളുടെ ശിൽപ്പിയായ ലഫ്‌റ്റനന്റ്‌ കേണൽ രൺവീർ സിങ്‌ ജമ്‌വാൽ പറഞ്ഞു. എവറസ്റ്റ്‌ മൂന്നു തവണയാണ്‌ ഈ യുവാവ്‌ കീഴടക്കിയത്‌. ‘‘പോകുന്ന വഴിയിൽ ഭയാനകമായ ഹിമപാതവും ശീതക്കൊടുങ്കാറ്റും നേരിടേണ്ടി വന്നിട്ടുണ്ട്‌. കഴിഞ്ഞ വർഷം ഹിമാലയം അക്ഷരാർത്ഥത്തിൽ വിറച്ചതും അനുഭവിച്ചു’’ - അദ്ദേഹം പറഞ്ഞു.
ഡിസംബർ 11 പർവത ദിനമായി ഐക്യരാഷ്ട്ര സംഘടന ലോകമെങ്ങും ആഘോഷിക്കുമ്പോൾ ഇന്ത്യൻ കരസേനയിലെ അതീവ സാഹസികനായ ഈ യുവാവ്‌ ‘മാതൃഭൂമി നഗര’ വുമായി എവറസ്റ്റ്‌ അനുഭവങ്ങൾ പങ്കിട്ടു.
എവറസ്റ്റ്‌ മൂന്നുതവണ കീഴടക്കിയ ഒരേ ഒരു ഇന്ത്യക്കാരൻ രൺവീർ സിങ്ങാണ്‌. ദക്ഷിണ അമേരിക്കയിലും റഷ്യയിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമുള്ള കൊടുമുടികളിലും വിജയക്കൊടി നാട്ടിയപ്പോൾ രൺവീർ സിങ്‌ ഇന്ത്യയുടെ അഭിമാനമായി. നാലു ഭൂഖണ്ഡങ്ങളിലെ കൊടുമുടികളുടെ ചരിത്രത്തിലും ആദ്യമായി ഒരു ഇന്ത്യക്കാരന്റെ പേര്‌ തിളക്കമാർന്ന ലിപിയിൽ സ്ഥാനം പിടിച്ചു.
രൺവീറിന്‌ 40 വയസ്സ്‌ ആകുന്നു. കശ്മീർ സ്വദേശി. ന്യൂഡൽഹിയിലെ കരസേനാ ഓഫീസിൽ സാങ്കേതിക വിഭാഗത്തിലെ ജനറൽ സ്റ്റാഫ്‌ ഓഫീസറാണ്‌ ഊർജസ്വലനായ ലോകസഞ്ചാരി കൂടിയായ ഈ യുവാവ്‌. മികച്ച വായനക്കാരൻ.
അടുത്ത ലക്ഷ്യം അന്റാർട്ടിക്കയിലെ 'വിൻസർ കൊടുമുടി'യാണ്‌. ഇത്തവണ യാത്രതിരിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ നീട്ടിവച്ചു. അടുത്ത വർഷം യാത്ര യാഥാർത്ഥ്യമാക്കാനാണ്‌ ആഗ്രഹം.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ആഞ്ഞുവീശുന്ന ശീതക്കാറ്റ്‌ അവിടെയുണ്ട്‌. നടന്നാലും കയറാൻ കഴിയാത്ത പാതകൾ. പക്ഷേ, ദൃഢനിശ്ചയത്തോടെയാണ്‌ ഒരുക്കങ്ങൾ. വിൻസർ കൊടുമുടിയുടെ ഉയരം 16,050 അടിയാണ്‌- രൺവീർ സിങ്‌ പറഞ്ഞു: ‘‘എന്റെ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവായിരിക്കും വിൻസർ കൊടുമുടി. തികച്ചും വ്യത്യസ്തമായ അന്തരീക്ഷം. രൗദ്രഭാവമാണ്‌ കാലാവസ്ഥയ്ക്ക്‌. പേടിപ്പെടുത്തുന്ന ഹിമാനികൾ ചുറ്റും.’’
ജമ്മുവിലെ സാമ്പ ജില്ലയിലെ ബദോറിയാണ്‌ രൺവീറിന്റെ ഗ്രാമം. അതിപ്പോൾ ആഗോള സാഹസിക ഭൂപടത്തിൽ സ്ഥാനം പിടിച്ചു. രൺവീർ സിങ്‌ ജനിച്ചുവളർന്നത്‌ അവിടെയാണ്‌. വീടിനു ചുറ്റും വയലുകൾ. സുഖകരമായ കാറ്റ്‌. നടപ്പാതകളിൽ ഹിമകണങ്ങൾ. വിദ്യാർത്ഥിയായിരിക്കുമ്പോൾ ഹോക്കിയിലും ഫുട്‌ബോളിലും താത്‌പര്യമായിരുന്നു.
2003-ൽ ഗുൽമാർഗിൽ എത്തിയപ്പോൾ, സ്വപ്നങ്ങൾ ആകാശത്തെ എത്തിപ്പിടിക്കാനുള്ള ഉയരത്തിലേക്ക്‌ നീങ്ങി. 20-ൽ കൂടുതൽ തവണ എവറസ്റ്റ്‌ കീഴടക്കിയ, നേപ്പാളിലെ അപ്പാ േഷർപ്പയെ ഒരിക്കൽ കണ്ടപ്പോൾ മനസ്സ്‌ ഭ്രമിച്ചു. ദിവസങ്ങളോളം വിസ്മയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എവറസ്റ്റ്‌ ജേതാക്കളായ ടെൻസിങ്‌, ഹിലാരി, റെയ്‌നോൾഡ്‌ മെസ്‌നർ, ജോർജ്‌ മലോറി എന്നിവരെക്കുറിച്ച്‌ വായിച്ചപ്പോൾ എവറസ്റ്റിലേക്ക്‌ പറന്നുയരുന്ന പ്രതീതി.
 സ്വപ്നം സാക്ഷാത്‌കരിച്ചു. 2012-ൽ ആദ്യമായി എവറസ്റ്റ്‌ കൊടുമുടിയിൽ എത്തി. 2013, 2016 എന്നീ വർഷങ്ങളിലും വിജയം ആവർത്തിച്ചു. 2015-ൽ ദൗത്യം ഇടയ്ക്കുവെച്ച്‌ നിർത്തിവെക്കേണ്ടി വന്നു. ഭയാനകമായ ഹിമപാതവും കൊടുങ്കാറ്റും പ്രകൃതിക്ഷോഭവുമായിരുന്നു കാരണം. അന്ന്‌ ഹിമാലയത്തിലെ മഞ്ഞിൻശൃംഗങ്ങൾ തകർന്നു വീണു.
എവറസ്റ്റ്‌ യാത്രയിൽ പലപ്പോഴും അപകടങ്ങൾ ഉണ്ടാകുക പതിവാണ്‌. ശീതക്കാറ്റ്‌ പ്രവചിക്കാൻ കഴിഞ്ഞെന്നു വരില്ല. സ്ഫോടനം പോലെയായിരിക്കും ഹിമപാതം. നടന്നുപോകുന്ന വഴികൾ ചിലപ്പോൾ ഇടിഞ്ഞുവീഴും. ഭയത്തെ തട്ടിയകറ്റാനുള്ള മനക്കരുത്ത്‌ കൂടിയേ തീരൂ. എവറസ്റ്റ്‌ കയറ്റത്തിൽ ദേഹത്ത്‌ ഒരു പോറൽ പോലും ഏറ്റിട്ടില്ല.
2012-ൽ ആദ്യത്തെ എവറസ്റ്റ്‌ കയറ്റത്തിൽ പതിനേഴു പേർ ഉണ്ടായിരുന്നപ്പോൾ ഏഴുപേർ വനിതകൾ ആയിരുന്നു. 2013-ൽ 20 പേരും 2016-ൽ 14 പേരും രൺവീർ സിങ്ങിന്റെ സംഘത്തിൽ ഉണ്ടായിരുന്നു.
മൂന്നുതവണ എവറസ്റ്റ്‌ കീഴടക്കിയത്‌ ഇന്ത്യക്കാരന്റെ ലോക റെക്കോഡാണ്‌. യൂറോപ്പിലെ ആൽപ്സിലും ഹിമാലയത്തിലെ കുമാപോങ്ങിലും ലഡാക്കിലും നേപ്പാളിലും രൺവീർ സിങ്‌ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. സമാനതകൾ ഇല്ലാത്ത വ്യക്തിത്വം. മൊത്തം 24 പർവതാരോഹണ സംഘങ്ങളെ അദ്ദേഹം നയിച്ചിട്ടുണ്ട്‌.
ഫുട്‌ബോൾ-ഹോക്കി ഗ്രൗണ്ടുകളിൽ ലഭിച്ച അനുഭവം പർവതാരോഹണത്തിന്‌ കളമൊരുക്കി. തുടർന്നുള്ള പ്രചോദനം നൽകിയത്‌ കരസേനയും തന്റെ മേലധികാരികളുമാണ്‌. ‘‘താങ്കൾ എവറസ്റ്റ്‌ ജേതാവാകും -പലരുടെയും വാക്കുകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു. എവറസ്റ്റ്‌ കയറാൻ, താൻ തിരഞ്ഞെടുക്കപ്പെട്ടുവെന്ന്‌ കേട്ടപ്പോൾ അതു മനസ്സിന്‌ കരുത്തു പകർന്നു. ആ നിമിഷം ഇപ്പോഴും ഓർമിക്കുന്നു’’
‘‘പരിശീലനം ഒരു വർഷം നീണ്ടുനിന്നു. ശാരീരികവും മാനസികവുമായ തയ്യാറെടുപ്പിന്റെ നാളുകൾ. എവറസ്റ്റിന്‌ മുമ്പ്‌ ഹിമാലയത്തിന്റെ പരിസരങ്ങളിലും ആറ്‌്‌ ശൃംഗങ്ങൾ കയറി. ശക്തിയും പുതിയ കാഴ്ചപ്പാടും പകർന്നതാണ്‌ ആ മലകയറ്റങ്ങൾ.’’
‘‘2012 മെയ്‌ 25-നാണ്‌ ആദ്യമായി എവറസ്റ്റിൽ കയറി ഇന്ത്യൻ പതാക നാട്ടിയത്‌. അതുവരെ പുസ്തകങ്ങളിൽ മാത്രമാണ്‌ കൊടുമുടിയെക്കുറിച്ച്‌ വായിച്ചത്‌. ടെലിവിഷൻ ചിത്രങ്ങളിൽ ‘മഞ്ഞിന്റെ സമുദ്രം’ പലതവണ കണ്ടിരുന്നു. സമുദ്രത്തിന്റെ അഗാധതയിലേക്ക്‌ വീഴുന്നതു പോലെയായിരുന്നു ആദ്യാനുഭവം. ചുറ്റും നോക്കി ഇന്ത്യൻ പതാകയിൽ പിടിച്ച്‌ അല്പനേരം നിന്നു... പ്രാർഥിച്ചു... കണ്ണുകൾ അടച്ചുനിന്നു... കണ്ണുകൾ തുറന്നപ്പോൾ വ്യത്യസ്തമായ ലോകം. എവറസ്റ്റ്‌ കൊടുമുടിക്ക്‌ 29,029 അടി ഉയരമുണ്ട്‌. ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന പ്രതീതി. ചുറ്റും വീണ്ടും നോക്കി. നിഗൂഢതയ്ക്ക്‌ നിർവചനങ്ങൾ ഇല്ലായിരുന്നു’’ -രൺവീർസിങ്‌ പറഞ്ഞു.
‘‘ആദ്യത്തെ എവറസ്റ്റ്‌ യാത്രയ്ക്ക്‌ 40 നീണ്ട ദിവസങ്ങൾ എടുത്തു. കൊടുമുടിയിലേക്കു കയറാൻ സുഹൃത്തുക്കളും പരിചയസമ്പന്നരായ ഷെർപ്പകളും ഉണ്ടായിരുന്നു. ഓക്സിജൻ സിലിണ്ടറുകളും ഭക്ഷ്യസാധനങ്ങളും ടെന്റും കമ്പിളി വസ്ത്രങ്ങളും മറ്റും തോളിലേറ്റാൻ ഷെർപ്പകളും കൂടെ ഉണ്ടായിരുന്നു. ആദ്യത്തെ അനുഭവം ഏഴാം സ്വർഗമായിരുന്നു. കൊടുമുടിയിലേക്കുള്ള വഴികാട്ടികൾ ഷെർപ്പകളാണ്‌’’ -രൺവീർ സിങ്‌ ചാരിതാർഥ്യത്തോടെ പറഞ്ഞു.
‘‘കൊടുമുടിയിലേക്ക്‌ സ്ഥിരം പാത ഇല്ല. ഓരോ വർഷവും പുതിയ പാതകളാണ്‌. ചിലയിടങ്ങളിൽ കയറുകൾ വലിച്ചുകെട്ടിയാണ്‌ മുകളിലേക്കുള്ള കയറ്റം. അവയുടെ സ്ഥാനം നിശ്ചയിക്കാൻ ഷെർപ്പകൾ തന്നെ വേണം.’’
‘‘പലതും മുൻകൂട്ടി കാണേണ്ടതുണ്ട്‌. പ്രത്യേകിച്ച്‌ ഹിമപാതങ്ങൾ. മഞ്ഞിൽ നിൽക്കുന്ന നടപ്പാതകൾ ചിലപ്പോൾ തകർന്നു തരിപ്പണമാകും. അതോടെ, വലിയ കുഴികളിലേക്ക്‌, നടന്നുപോകുന്നവർ വീഴും. കൂടെ നിൽക്കുന്നവർക്ക്‌ അവരെ സഹായിക്കാൻ കഴിഞ്ഞെന്നു വരില്ല. എല്ലാം മിന്നൽപോലെ നടക്കും. എത്രയോ സാഹസികർ അങ്ങനെ കഥാവശേഷരായിട്ടുണ്ട്‌. ഉയർന്നു നിൽക്കുന്ന ‘ഹിമാനി’കളും ചിലപ്പോൾ ദുരന്തത്തിന്റെ പാറക്കെട്ടുകളെപ്പോലെയായിരിക്കും... അപ്രതീക്ഷിതമായി പലതും സംഭവിക്കും. അതൊക്കെ നേരിടാനുള്ള കരുത്താണ്‌ പ്രധാനം. ഷെർപ്പകൾ തന്നെ, നമ്മെ സംരക്ഷിക്കുന്ന ദൈവങ്ങൾ!!’’
കഠിനമായ എവറസ്റ്റിലേക്കുള്ള ആരോഹണം പോലെ തന്നെയാണ്‌ അവരോഹണവും. ഇറക്കത്തിൽ കാലുകൾ വഴുതിവീഴാറുണ്ട്‌. അതിനാൽ, അതീവ ജാഗ്രതയോടെയാണ്‌ ഈ നിമിഷങ്ങൾ കാണേണ്ടത്‌. ഈ ഘട്ടങ്ങളിലാണ്‌ ഷെർപ്പകളുടെ സഹനശക്തി നമുക്കു ബോധ്യപ്പെടുന്നത്‌. ഏതു പ്രതിസന്ധികളെയും നേരിടാൻ മിന്നൽവേഗത്തിൽ മനസ്സിനെ സജ്ജമാക്കുന്നവരാണ്‌ ഷെർപ്പകൾ. 2015 ഏപ്രിലിലെ എവറസ്റ്റ്‌ കയറ്റം അവിസ്മരണീയമായിരുന്നുവെന്ന്‌ രൺവീർ സിങ്‌ പറഞ്ഞു. അന്നാണ്‌ ബേസ്‌ ക്യാമ്പിൽ മിന്നിൽപ്പിണർ പോലെ ‘ഹിമപാതം’ ഉണ്ടായത്‌. മിനിറ്റുകൾക്കുള്ളിലാണ്‌ അവിടെ ഉണ്ടായിരുന്ന 19 വിദേശികൾ കൊല്ലപ്പെട്ടത്‌. 60ഓളം പേർക്ക്‌ പരിക്കുപറ്റി. ക്യാമ്പിൽ പെട്ടെന്ന്‌ ഭീതിപടർന്നു. അവിടെ ഉണ്ടായിരുന്ന ഇന്ത്യൻ കരേസനയുടെ ടീമാണ്‌ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്‌. അതിന്‌ രൺവീർ നേതൃത്വം നൽകി. മണിക്കൂറുകൾക്കുള്ളിൽ പലയിടങ്ങളിൽ നിന്ന്‌ ഹെലികോപ്‌റ്ററുകൾ എത്തി. ചരിത്രത്തിലെ വൻ രക്ഷാപ്രവർത്തനമാണു നടന്നത്‌. ദൗത്യം അന്ന്‌ ഉപേക്ഷിച്ചത്‌ അങ്ങനെയാണ്‌.
ഈയിടെയായി അപകടങ്ങൾ കുറവാണ്‌. ഹിമാലയത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. അതിനാൽ, ഹിമപാതങ്ങളെക്കുറിച്ച്‌ മുൻകൂട്ടി അറിയാം. മലകയറ്റത്തിനിടയിൽ ചെറിതൊരു പിഴവോ അശ്രദ്ധയോ മതി, അത്‌ വൻ അപകടത്തിന്‌ കാരണമായേക്കും. ഹിമപാതങ്ങളെപ്പോലെ ശീതക്കൊടുക്കാറ്റും നടപ്പാതകളിലെ വിള്ളലുകളും അപകടങ്ങൾ ഉണ്ടാക്കാറുണ്ട്‌. അതുപോലെ, മലകയറുന്നവരുടെ ആരോഗ്യനിലയും ഭദ്രമായിരിക്കണം. ഭക്ഷണം കൃത്യസമയത്തു വേണം. നല്ല ഭക്ഷണമായിരിക്കണം. എവറസ്റ്റ്‌ ബേസ്‌ ക്യാമ്പാണ്‌ യഥാർത്ഥത്തിൽ കൊടുമുടിയിലേക്കുള്ള കയറ്റത്തിന്റെ കളരി. എല്ലാ സാഹസികതയുടെയും മാതാവായി പർവതാരോഹണത്തെ കണക്കാക്കാം. ജീവിതത്തിന്റെ കാഴ്ചപ്പാട്‌, അതു മാറ്റുന്ന വിപ്ളവകരമായ മാറ്റം... ഏത്‌ പ്രതിസന്ധിയെയും വെല്ലുവിളികളെയും നേരിടാൻ കരുത്തു കിട്ടും - രൺവീർ സിങ്‌ പറഞ്ഞു.
ഓംകാർ സിങ്‌ - സാവിത്രി ദമ്പതിമാരുടെ മകനാണ്‌. കിരൺ ജമ്‌വാലാണ്‌ രൺവീർ സിങ്ങിന്റെ ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്‌. ജമ്മുവിലെ ആർമി സ്കൂളിലായിരുന്നു പഠനം.