പേടിയാട്ടുകാവ് വാവുത്സവം
കോഴിക്കോട്ടെ ആദ്യ ഉത്സവം തുലാമാസം കറുത്തവാവിൽ ആചരിക്കുന്ന മലബാറിലെത്തന്നെ ആദ്യ ഉത്സവമായ കടലുണ്ടിയിലെ പേടിയാട്ടുകാവിലെ വാവുത്സവമാണ്. പേടിയാട്ടമ്മ തുറക്കാനും അമ്മാഞ്ചേരിക്കാവിലമ്മ അടയ്ക്കാനും എന്നാണ് ചൊല്ല്.  (ചെമ്മാട് റൂട്ടിലെ കളിയാട്ടക്കാവിലെ അമ്മാഞ്ചേരി ഭഗവതിയുടെ ഉത്സവം എടവത്തിലാണ്. അതോടെ മലബാറിലെ ഉത്സവകാലം കഴിയും) മറ്റെവിടെയും കാണാത്ത പേടിയാട്ടുകാവിലെ ഉത്സവം കേരളത്തിലെ പ്രമുഖ ഉത്സവങ്ങളിൽ ഒന്നാണ്. ഗ്രാമീണവിശുദ്ധിയുടെ ഉത്തമദൃഷ്ടാന്തമായ പേടിയാട്ടുകാവ് വാവുത്സവം ഇക്കഴിഞ്ഞ ഒക്ടോബർ 29-നായിരുന്നു. 

ശൂരമ്പട (ശൂരസംഹാരം)
തുലാമാസം ഷഷ്ഠിക്ക്. കേരളത്തിൽ, തിരുവണ്ണൂർ  സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽമാത്രം കാണുന്ന മഹോത്സവമാണ് സ്കന്ദഷഷ്ഠി ശൂരസംഹാരം. അസുരനിഗ്രഹത്തിനായി ദേവസേനാപതിയായി അവതരിച്ച സുബ്രഹ്മണ്യസ്വാമിയുടെ വിജയത്തിന്റെ മഹോത്സവമാണിത്. പുരാണ ഇതിവൃത്തത്തെ പ്രതീകാത്മകമായി ചിത്രീകരിച്ച് നടത്തപ്പെടുന്ന ഈ അനുഷ്ഠാനം തമിഴ്സംസ്കാരത്തിൽ ശൂരൻപോര് എന്നാണ് അറിയപ്പെടുന്നത്. 
തിരുവണ്ണൂരിൽ ശൂരമ്പടയെന്ന പേരിലറിയപ്പെടുന്ന ശൂരസംഹാരവും സുബ്രഹ്മണ്യകോവിലും തിരുവണ്ണൂർ സാമൂതിരി കോവിലകത്തെ മഞ്ചൽ ചുമക്കാൻവന്ന തമിഴ് വംശജരാണ് തുടങ്ങിവെച്ചത്. ആ പാരമ്പര്യം നിലനിർത്തിപ്പോരുന്നത് തിരുവണ്ണൂരിലെ ജനങ്ങളാണ്. 
ശൂര, താരക, വീരബാഹു തുടങ്ങിയ ഭീമൻ കോലങ്ങൾ നാലടി ഉയരത്തിലുള്ള കൈവണ്ടികളിൽ ഉറപ്പിച്ച് സുബ്രഹ്മണ്യ, ഗണപതി രഥങ്ങളുമായി പ്രതീകാത്മകയുദ്ധം നടത്തുന്ന ശൂരമ്പട കേരളത്തിൽ മറ്റെവിടെയും കാണാത്തതാണ്. ‘ശൂരമ്പടയുടെ ചെമ്പടകൊട്ടി...’ എന്ന ചലച്ചിത്രഗാനത്തിലൂടെ പ്രസിദ്ധമാണ് തിരുവണ്ണൂർ ശൂരസംഹാരം. ഇക്കൊല്ലത്തെ ശൂരമ്പട നവംബർ അഞ്ചിനാണ്. 

അയ്യപ്പൻവിളക്കുകൾ
വൃശ്ചികം ഒന്നുതൊട്ട് ധനു പത്തുവരെ നീളുന്ന മണ്ഡലകാലംമുതൽ, മകരം വരെയുള്ള മൂന്നുമാസങ്ങൾക്കിടയിൽ കോഴിക്കോട്ട്‌ കൂടുതൽ കാണാവുന്ന ഉത്സവമാണ് അയ്യപ്പൻ വിളക്ക്. ആർഭാടപൂർവം നടത്തപ്പെടുന്ന അയ്യപ്പൻപാട്ടുതന്നെയാണ് അയ്യപ്പൻവിളക്ക്. ശബരിമലയ്ക്കുപോകാൻ കറുപ്പുടുത്ത് മാലധരിച്ച് വ്രതമെടുത്തവർ ചേർന്ന് സംഘടിപ്പിക്കുന്ന ചടങ്ങാണിത്. 
വാഴപ്പോളകൾകൊണ്ട് കൗതുകകരമായ അമ്പലങ്ങൾ നിർമിച്ച് അയ്യപ്പനെയും ഭഗവതിയെയും വാവരുസ്വാമിയെയും ഒന്നിച്ച് കുടിയിരുത്തുന്ന അയ്യപ്പൻ വിളക്കുകൾ. മത സൗഹാർദത്തിന്റെകൂടി ആരാധനയാണ്. അയ്യപ്പന്റെ ജനനംമുതലുള്ള അവതാരലീലകൾ പാടിപ്പൊലിപ്പിച്ച് പ്രതീകാത്മകമായി ആചരിച്ച് തികച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഒരുദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന അനുഷ്ഠാനമാണ് അയ്യപ്പൻവിളക്ക്. കേരളത്തിലെ പ്രമുഖ ഗജവീരന്മാരും വിവിധങ്ങളായ കലാരൂപങ്ങളും കോഴിക്കോട്ടെത്തുന്നത്‌ പാലക്കൊമ്പെഴുന്നള്ളത്തുകൾക്കാണ്. 

--------------------------------

നഗരത്തിലെ പ്രധാന 
അയ്യപ്പൻവിളക്കുകൾ
 പറയഞ്ചേരി അയ്യപ്പൻവിളക്ക് 
(ഡിസംബർ 10 ശനി)
 മാനാഞ്ചിറ അയ്യപ്പൻവിളക്ക്

-------------------------

ക്ഷേത്രോത്സവങ്ങൾ
വൃശ്ചികംമുതൽ മേടംവരെ ക്ഷേത്രോത്സവങ്ങളുടെ കാലമാണ്. പതഞ്ഞുപൊങ്ങുന്നത് എന്നാണ് ഉത്സവമെന്ന വാക്കിനർഥം. ക്ഷേത്രത്തിലെ ചൈതന്യം ഉത്സവച്ചടങ്ങിലൂടെ ശ്രീകോവിലിനകത്തുനിന്ന്‌ ചുറ്റമ്പലത്തിലേക്കും മതിൽക്കെട്ടിനകത്തേക്കും വ്യാപിച്ച് ക്ഷേത്രം നിൽക്കുന്ന ഗ്രാമത്തിന്റെ തട്ടകത്തിനകത്തേക്കും ഒഴുകിപ്പരക്കുന്നു എന്നാണ് വിശ്വാസം. അപ്പോൾ പുറമേ തങ്ങിനിൽക്കുന്ന മൃഗീയവാസനകളെല്ലാം മരണമടയും. അതാണത്രെ പള്ളിവേട്ടയുടെ സങ്കല്പം.
മുളയിട്ട്‌ കൊടികയറി വാദ്യഘോഷങ്ങളോടെ ആചരിക്കുന്ന ഉത്സവങ്ങൾ പള്ളിവേട്ട ആറാട്ടോടുകൂടി അവസാനിക്കുന്നു. ക്ഷേത്രകലകളുടെയും ജനകീയകലകളുടെയും വേദികളാണ്‌ ക്ഷേത്രോത്സവങ്ങൾ.
വളയനാട്ടുകാവും തളിയും തായമ്പകമേള സദസ്സുകളാണ്‌. ഇവിടങ്ങളിൽവന്ന്‌ കൊട്ടാത്ത കേരളത്തിലെ വാദ്യകലാകാരന്മാരില്ല. തളിയിൽ പഞ്ചവാദ്യത്തിന്‌ നല്ല ആസ്വാദകരുണ്ട്‌. ഗംഭീരമായ ഗാനമേളകളും വെടിക്കെട്ടും വളയനാട്ടുകാവ്‌, ശ്രീകണ്ഠേശ്വരം, പുതിയാപ്പ ഭഗവതിക്ഷേത്രം എന്നിവിടങ്ങളിൽ ചെന്നാൽ കാണാവുന്നതാണ്‌.

നഗരത്തിലെ പ്രധാന ഉത്സവങ്ങൾ
 കൂറ്റഞ്ചേരി ശിവക്ഷേത്രം: ഡിസംബർ 24-ന്‌ കൊടിയേറി 31 വരെ
 ശ്രീ വളയാനാട്ടുകാവ്‌: മകരത്തിലെ കാർത്തിക കൊടികയറി എട്ടുദിവസം ഉത്സവം
 കോഴിക്കോട്‌ തളി: വിഷുസംക്രമം കൊടികയറി എട്ടുദിവസം.

കളമെഴുത്തുപാട്ടുത്സവങ്ങൾ
പഞ്ചവർണപ്പൊടികൾകൊണ്ട്‌ ഭദ്രകാളി, വേട്ടയ്ക്കൊരുമകൻ, നാഗം, അയ്യപ്പൻ തുടങ്ങിയ ദേവതകളുടെ കളങ്ങൾ തറയിലെഴുതി സ്തുതിച്ചുപാടി നൃത്തംചെയ്യുന്ന ആരാധനാ സമ്പ്രദായം. പുള്ളുവരുടെ നാഗപ്പാട്ടിനും കളംപാട്ട്‌ എന്ന്‌ പറയാറുണ്ടെങ്കിലും കല്ലാറ്റ കുറുപ്പൻമാർ നടത്തുന്ന ഈ അനുഷ്ഠാനത്തിനാണ്‌ കളമെഴുത്തുപാട്ടുത്സവങ്ങൾ എന്ന്‌ പൊതുവേ പറയുന്നത്‌.
ഉമിക്കരികൊണ്ട്‌ കരിപ്പൊടി, അരിപ്പൊടികൊണ്ട്‌ വെള്ളപ്പൊടി, മഞ്ഞളും ചുണ്ണാമ്പും ചേർത്ത്‌ ചുവപ്പുപൊടി, ഇലപൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി, മഞ്ഞൾപൊടി എന്നീ അഞ്ചുപൊടികൾ കൊണ്ടാണ്‌ ഈ ധൂളീശില്പത്തിന്റെ നിർമാണം. കേരളീയരുടെ തനത്‌ പാട്ട്‌- ചിത്രകലാ പാരമ്പര്യമാണിത്‌.

നഗരത്തിലെ പ്രധാന
കളംപാട്ടുത്സവങ്ങൾ

 മണ്ഡലകാലം മുഴുവൻ വളയനാട്ടുകാവിൽ ഭഗവതിക്ക്‌ കളംപാട്ടുണ്ട്‌.
 കാരപ്പറമ്പ്‌ നെല്ലികാവിൽ ജനവരി 8, 9
 ഉദയ കുറുംബക്കാവിൽ മീനത്തിലെ മുപ്പെട്ട്‌ വെള്ളി, ശനി. ഇവിടങ്ങളിൽ ഓരോരോ ദിവസം ഇടവിട്ട്‌, തിയ്യാട്ടും കളംപാട്ടും.

തിറയാട്ടങ്ങൾ
നൃത്തരൂപത്തിലുള്ള അർപ്പണമാണ്‌ തിറയാട്ടം. ദൈവികമായ ആവിഷ്കാരമെന്നോ ദൈവീകമായ ദർശനമെന്നോ തിറയ്ക്ക്‌ അർഥം കൽപ്പിക്കാം. തിറകൾ കെട്ടിയാടുന്നത്‌ ദേവതാസങ്കേതങ്ങളായ കാവുകളിലോ തറവാടുകളിലോ ആകാം. കൊല്ലത്തിലൊരിക്കൽ നടത്തപ്പെടുന്ന തിറയാട്ടത്തിന്‌ നിരവധി അനുഷ്ഠാനങ്ങളും ചടങ്ങുകളുമുണ്ട്‌. തിറകൾക്ക്‌ രൂപവൈവിധ്യം ഉണ്ടാക്കുന്നത്‌ മുഖത്തെഴുത്തും ആഭരണങ്ങളും സവിശേഷമായ വസ്ത്രാലങ്കാരങ്ങളുമാണ്‌. തിറയാട്ടത്തിന്‌ തോറ്റംപാട്ടുകൾ പാടും. തുടി, ചെണ്ട, ഇലത്താളം, കുറുംകുഴൽ എന്നീ വാദ്യങ്ങൾ ഉപയോഗിക്കുന്നു. പ്രാചീനകേരളത്തിന്റെ ദേവതാ സങ്കൽപ്പങ്ങൾക്കാണ്‌ തിറയാട്ടത്തിൽ മുന്തിയ പരിഗണന. ധനുമുതൽ മേടം വരെയുള്ള അഞ്ചുമാസങ്ങളാണ്‌ തിറയാട്ടക്കാലം.
നഗരത്തിലെ പ്രധാന തിറയാട്ടങ്ങൾ
 മൊകവൂർ കാമ്പുറത്തുകാവിൽ കുംഭത്തിലെ രണ്ടാമത്തെ ശനി, ഞായർ
 കാളിപ്പറമ്പ്‌ ഭഗവതിക്ഷേത്രം മേടമാസത്തിൽ

താലപ്പൊലി
തികച്ചും സ്ത്രീ സാന്നിധ്യമുള്ള ഒരു അനുഷ്ഠാനമാണിത്‌. താലമെടുക്കുന്ന സ്ത്രീകൾ വൃതമെടുത്ത്‌, പരമ്പരാഗതരീതിയിലുള്ള പുത്തൻ വസ്ത്രങ്ങളണിഞ്ഞ്, പൂക്കൾചൂടി ക്ഷേത്രത്തിലെത്തുന്നു. താലത്തിൽ അരിയും പൂക്കളും നിറച്ച്‌, നാളികേരമുറിയിൽ നെയ്യോ എണ്ണയോ ഒഴിച്ച്‌ തിരികത്തിച്ച്‌ അതുമേന്തി ക്ഷേത്രപ്രദക്ഷിണംചെയ്യലാണ്‌ താലപ്പൊലി.
നഗരത്തിലെ പ്രധാന താലപ്പൊലികൾ
 കണ്ണഞ്ചേരി മഹാഗണപതിക്ഷേത്രം താലപ്പൊലി മഹോത്സവം ഡിസംബർ 25
 കുന്നത്തുപാലം പാല കുറുംബ ഭഗവതിക്ഷേത്രം കുംഭഭരണിക്ക്‌ താലപ്പൊലി.

തൈപ്പൂയ്യം
തമിഴരുടെ തൈമാസത്തിലെ പൂയ്യം. മലയാളികളുടെ മകരത്തിലെ പൂയ്യം. സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനമായാണ്‌ ഈ ദിവസം ആചരിക്കുന്നത്‌. കാവടിയാട്ടത്തിന്റെ ഉത്സവമാണ്‌ തൈപ്പൂയ്യം. 2017 ലെ തൈപ്പൂയ്യം ഫിബ്രവരി 10 വെള്ളിയാഴ്ചയാണ്‌.
നഗരത്തിലെ പ്രധാന തൈപ്പൂയ്യങ്ങൾ
 രാമനാട്ടുകര പരിഹാരപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രം
 ചെറുവണ്ണൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
 പോലൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം

ശിവരാത്രി
കുംഭമാസത്തിലെ കൃഷ്ണപക്ഷചതുർദശി ദിവസമാണ്‌ ഈ ആഘോഷം. ശിവഭക്തർക്ക്‌ വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്‌. ഉപവാസമനുഷ്ഠിക്കലും ഉറക്കമൊഴിക്കലുമാണ്‌ ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. കേരളത്തിലെ കലാകാരൻമാർക്ക്‌ ഏറ്റവും തിരക്കുള്ള ദിവസമാണ്‌ ശിവരാത്രി. ഫിബ്രവരി 25 ശനിയാഴ്ചയാണ്‌ 2017 ലെ ശിവരാത്രി. കോഴിക്കോട്ടെ എല്ലാ ശിവക്ഷേത്രങ്ങളിലും ശിവരാത്രി ആഘോഷമുണ്ട്‌.

നഗരത്തിലെ പ്രധാനപ്പെട്ട
 ശിവരാത്രി ഉത്സവങ്ങൾ

 കോഴിക്കോട്‌ തളി
 ശ്രീകണ്ഠേശ്വരം
 നല്ലൂർ ശിവക്ഷേത്രം
 ബിലാത്തികുളം ശിവക്ഷേത്രം എന്നിവിടങ്ങളിലാണ്‌. ഇതിലൊന്നും പെടാത്ത ഒറ്റപ്പെട്ട ഉത്സവങ്ങൾ അനവധിയുണ്ട്‌. തമിഴ്‌ വംശജരുടെ അമ്മൻകൊട ഉത്സവങ്ങൾ, ഗുരുതികൾ, ധനുവിലെ തിരുവാതിര മഹോത്സവങ്ങൾ. മീഞ്ചന്ത തിരുവച്ചിറ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഗുരുവായൂർ ഏകാദശി തുടങ്ങി ആയിരത്തോളം വരുന്ന ആണ്ടുത്സവങ്ങളുണ്ട്‌ കോഴിക്കോട്‌ നഗരത്തിൽ.
നാട്ടുത്സവങ്ങൾക്കുപുറമേ പ്രസിദ്ധമായ മലബാർ മഹോത്സവം ഉൾപ്പെടെ നിരവധി സാംസ്കാരികോത്സവങ്ങളുടെ സ്ഥിരം വേദിയാണ്‌ കോഴിക്കോട്‌.