മൈക്കൽ ഫെൽപ്‌സ് 
വിശേഷണങ്ങൾക്കപ്പുറത്തേക്ക് സ്വയംകടന്നുപോയ മനുഷ്യൻ. നീന്തൽക്കുളത്തിലെ സ്വർണമീൻ. ഫെൽപ്‌സെന്നാൽ ഒളിമ്പിക്സ് സ്വർണമെന്നർഥം. റിയോയിൽനിന്നുള്ള അഞ്ചുസ്വർണവും ചേർത്ത് ഒളിമ്പിക്സിന്റെ ചരിത്രത്തിൽ 23 സ്വർണം നേടിയ ആദ്യ മനുഷ്യൻ. ഇനി ഒരു മനുഷ്യന് സാധ്യമാകുമോയെന്ന് സംശയമുള്ള നേട്ടം കരസ്ഥമാക്കിയ അമേരിക്കൻ താരം. സിഡ്‌നിയിൽ തന്റെ 15-ാമത്തെ വയസ്സിൽ 200 മീറ്റർ ബട്ടർഫ്ളൈയിൽ തോൽവിയോടെയായിരുന്നു ഒളിമ്പിക്സ് അരങ്ങേറ്റം. വിടവാങ്ങുന്നത് 4 X 100 മീറ്റർ മെഡ്‌ലെ റിലേയിൽ രാജ്യത്തിനായി സ്വർണം നേടിയെടുത്ത്. ‘ഇനിയില്ല, എന്റെ ശരീരവും കാലുകളും വേദനിക്കുന്നു’- 2020-ൽ ടോക്യോയിൽ തന്നെ പ്രതീക്ഷയ്ക്കേണ്ടെന്ന് സൂചിപ്പിച്ച് 31-കാരനായ ഫെൽപ്‌സ് പറയുമ്പോൾ നീന്തൽക്കുളം ശൂന്യമാകും. 

കാത്തി ലെഡേക്കി 
നീന്തൽക്കുളത്തിലെ ലേഡി ഫെൽപ്‌സ് എന്ന വിശേഷണം മാത്രം മതിയാകും കാത്തി ലേഡേക്കി ആരാണെന്ന് അറിയാൻ. റിയോ ഒളിമ്പിക്സിലെ നീന്തൽക്കുളത്തിൽ നിന്ന്‌ നാലുസ്വർണവും ഒരു വെള്ളിയുമാണ് അമേരിക്കയുടെ കാത്തി ലെഡേക്കി നേടിയെടുത്തത്. 200, 400, 800 മീറ്റർ ഫ്രീസ്റ്റൈൽ വ്യക്തിഗതവിഭാഗത്തിലും 4 X 200മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും റിയോയിൽ സ്വർണം നേടി. 4 X 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ വെള്ളിയും നേടിയ അമേരിക്കൻ ടീമിലംഗമായിരുന്നു കാത്തി. ലോകചാമ്പ്യൻഷിപ്പുകളിലോ ഒളിമ്പിക്സിലോ മത്സരിച്ച ഫൈനലുകളിലൊന്നും കാത്തി ലെഡേക്കി പരാജയമറിഞ്ഞിട്ടില്ല. 19 വയസ്സ് മാത്രമുള്ള ഈ താരം ഒൻപത്‌ ലോകകിരീടങ്ങളും ഇതിനുള്ളിൽ സ്വന്തമാക്കിയിട്ടുണ്ട്. 15-ാം വയസ്സിൽ ലണ്ടനിൽ 800 മീറ്ററിൽ സ്വർണം നേടിയായിരുന്നു കാത്തി ഒളിമ്പിക്സിൽ തന്റെ വരവറിയിച്ചത്. റിയോയിൽ മത്സരിച്ച വ്യക്തിഗതയിനങ്ങളിലെല്ലാം സ്വർണംവാരിയ താരം ടോക്യോയിൽ പ്രകടനം ഇനിയും മെച്ചപ്പെടുത്തുമെന്ന് പറയുമ്പോൾ നമുക്കും കാത്തിരിക്കാം. 

സിമോണ ബൈൽസ്‌ 
ദുരിതംനിറഞ്ഞ കുട്ടിക്കാലമായിരുന്നു സിമോണ ബിലെസിന്. മദ്യത്തിനടിമയായിരുന്നു അമ്മ. അവരുടെ സംരക്ഷണം കുട്ടിയായിരിക്കെ ലഭിച്ചില്ല. അമ്മയുടെ അച്ഛനും അവരുടെ രണ്ടാംഭാര്യയും സിമോണയെ ജിംനാസ്റ്റിക്സ്‌ പഠിക്കാൻ കൊണ്ടുവിട്ടു. പിന്നീടുള്ളതെല്ലാം അഭ്യാസമായിരുന്നു. ജീവിതം ഒരു കൈയിലെത്തിക്കാനുള്ള സിമോണയുടെ അഭ്യാസം. ഇപ്പോഴവർ അമേരിക്കൻ ജിംനാസ്റ്റിക്സ് ടീമിലെ രാജകുമാരിയാണ്. ഒളിമ്പിക് സ്വർണം ഒഴിച്ചുള്ള നേട്ടങ്ങളെല്ലാം സ്വന്തമാക്കി റിയോയിലെത്തിയ സിമോണ അവിടെയും വിജയക്കൊടി പാറിച്ചു. വനിതകളുടെ ടീം ഓൾറൗണ്ട് വിഭാഗത്തിൽ അമേരിക്ക വിജയിച്ചത് സിമോണയുടെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. 2013-നുശേഷം ജിംനാസ്റ്റിക്സ് വ്യക്തിഗത വിഭാഗത്തിൽ ഒരു മത്സരത്തിലും തോറ്റിട്ടില്ലാത്ത സിമോണ റിയോയിലും വിജയം ആവർത്തിക്കുകയായിരുന്നു. വനിതകളുടെ ഓൾറൗണ്ട് മത്സരത്തിൽ സ്വർണം നേടിയാണ് ഒളിമ്പിക്സിലെ ആദ്യ വ്യക്തിഗത സ്വർണം പത്തൊൻപതു നേടിയത്. വനിതകളുടെ വോൾട്ടിലും സിമോണ ഫൈനലിലെത്തിയിട്ടുണ്ട്. ഒളിമ്പിക്സിനുശേഷം ജിംനാസ്റ്റിക്സ് കരിയർ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള താരം കുടുംബജീവിതത്തിന് ഒരുങ്ങുകയാണ്. ബ്രസീൽ ജിംനാസ്റ്റിക്സ് താരം ആർതർ മരിയാനോയാണ് ജീവിതത്തിലെ കൂട്ടുകാരൻ. ഞാൻ അടുത്ത ഉസൈൻ ബോൾട്ടോ, മൈക്കൽ ഫെൽപ്‌സോ അല്ല, ഞാനാണ് ആദ്യത്തെ സിമോൺ ബൈൽസ്‌ എന്നുറക്കെപ്പറഞ്ഞ താരം തന്റെ നേട്ടങ്ങൾ സ്വയം ആഘോഷിക്കുന്നു. 

റാഫെല്ല സിൽവ
റാഫെല്ലയുടേതായിരുന്നു ഒളിമ്പിക്സ് ലോകംകണ്ട ഏറ്റവും നല്ലമധുരപ്രതികാരം. ലണ്ടനിൽത്തന്നെ അയോഗ്യയാക്കിയവർക്കുള്ള ചുട്ടമറുപടിയായിരുന്നു റാഫെല്ല റിയോയിൽ നൽകിയത്. വെടിമരുന്നിന്റെ ഗന്ധമുള്ള ചേരിയിൽനിന്ന്‌ വന്ന റാഫെല്ല ജൂഡോ മത്സരത്തിൽ സുവർണവിജയം കൈവരിച്ചില്ലെങ്കിൽ അതായിരുന്നു അത്ഭുതം. വനിതകളുടെ 57 കിലോവിഭാഗത്തിൽ ടോപ്പ് സീഡ് മംഗോളിയയുടെ സുമിയ ഡോർജ്‌സുരയെ ഏകപക്ഷീയമായിട്ടായിരുന്നു ബ്രസീലിലെ ഏറ്റവും കുപ്രസിദ്ധമായ ‘സിറ്റി ഓഫ് ഗോഡ്’ ചേരിയിൽ നിന്നുവരുന്ന റാഫെല്ല തോൽപ്പിച്ചത്. ‘എന്നെ കുരങ്ങെന്നായിരുന്നു ചിലർ കളിയാക്കിയിരുന്നത്. എന്റെ സ്ഥാനം കൂട്ടിലെന്നായിരുന്നു അവരുടെ പരിഹാസം. അങ്ങനെയല്ല, എന്റെ സ്ഥാനം കായികമേഖലയിലും ജൂഡോയിലും ആണെന്ന് ഞാൻ സ്വയം തെളിയിക്കുകയായിരുന്നു’ -റിയോയിൽ വിജയം നേടിയശേഷം 24-കാരിയായ റാഫെല്ല പറഞ്ഞു. 

ടീം ഫിജി 
വ്യക്തിഗത നേട്ടങ്ങൾക്കൊണ്ട് താരങ്ങൾ റിയോയിനെ ആഘോഷമാക്കുമ്പോൾ ഇതാ ഒരു യഥാർഥ ടീം. റഗ്ബി സെവൻസിൽ സ്വർണം നേടിയ ഫിജിയാണ് റിയോയിലെ താര ടീം. 92 വർഷത്തിനുശേഷം ഒളിമ്പിക്സിലേക്ക് തിരികെയെത്തിയ റഗ്ബിയിലെ വിജയം ഫിജിയിൽ ദേശീയ ആഘോഷമായി. ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഫിജി നേടുന്ന ആദ്യസ്വർണമാണിത്. റഗ്ബി സെവൻസ് കളി തുടങ്ങിയ ബ്രിട്ടനെത്തന്നെ ഫൈനലിൽ തോൽപ്പിച്ചാണ് ഒസിയ കൊളിനിസ്യുവിന്റെ നേതൃത്വത്തിലുള്ള ടീം ഫിജി വിജയം കണ്ടത്. 

43-7 നായിരുന്നു ബ്രിട്ടനെ ഫിജി തകർത്തത്. ദരിദ്രരാജ്യമായ ഫിജിയിലെ ജനസംഖ്യ ഒമ്പതുലക്ഷത്തോളമാണ്.  ഫിജിയിലെ ഏറ്റവും ജനകീയ വിനോദമായ റഗ്ബി. രണ്ടുതവണ ലോകകപ്പും മൂന്നുതവണ ലോകസീരീസും വിജയിച്ചിട്ടുള്ള ഫിജി ഒളിമ്പിക്സ് വിജയത്തിൽ മതിമറന്നാഘോഷിച്ചു.