കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ കൂടുതലായി നാലു പുരയ്ക്കൽ മാഹീനും ഉസ്മാനും പുതിയകടവുകാരൻ ഹംസയും ഗാന്ധി റോഡ് ജങ്‌ഷനിൽ ഒത്തുകൂടുന്നു. റോഡരികിലെ സിമന്റു ബെഞ്ചുകളിൽ കടൽക്കാറ്റുമേറ്റുള്ള വിശേഷം പറച്ചിൽ, സന്തോഷവും  സങ്കടങ്ങളും  പങ്കുവെക്കൽ. അങ്ങനെ വൈകുന്നേരങ്ങൾ ചെലവഴിക്കും. ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവരും പ്രായം ചെന്നവരുമായി  നിരവധി പേരാണ്  ചങ്ങാതിക്കൂട്ടങ്ങളെ തേടി ഈ കവലയിലെത്തുന്നത്. അല്പനേരത്തെ കൂടിച്ചേരലും വിശേഷം പറച്ചിലും...സന്ധ്യ മയങ്ങുമ്പോഴേക്കും സഭ പിരിയും. 

എന്നാൽ, ഒരു വർഷത്തോളമായി ഈ സായാഹ്ന സംഗമങ്ങൾക്ക് ദുരിത നിമിഷങ്ങളാക്കുന്നത്, ദുർഗന്ധമാണ്. ഒന്നുകിൽ അഴുക്കുചാലിൽ നിന്നുള്ള ചെളിയുടെ ഗന്ധം, അല്ലെങ്കിൽ എരിയുന്ന പ്ലാസ്റ്റിക് പുക. അതാണ് അവസ്ഥ. ഗാന്ധി ജങ്‌ഷനിൽ ഇവർ വൈകുന്നേരങ്ങൾ ചെലവഴിക്കുന്ന  ബീച്ച് റോഡിന് പിറകിലെ ഒഴിഞ്ഞ ചതുപ്പ് നിലം മാലിന്യ നിക്ഷേപ കേന്ദ്രമാണിപ്പോൾ. നഗരത്തിലെ അഴുക്കുചാലിൽനിന്ന് കോരിയെടുത്ത ചെളി,  പ്ലാസ്റ്റിക്, തെർമോകോൾ അവശിഷ്ടങ്ങൾ,  വിവാഹ സംഘങ്ങളും വീട്ടുകാരും വ്യാപാരികളുമൊക്കെ കൊണ്ടുവരുന്ന  മാലിന്യം, ഇവയെല്ലാം തള്ളുന്നത് ഇവിടെയാണ്.  ഈ മാലിന്യക്കാഴ്ചയെങ്കിലും കണ്ണിൽനിന്ന് മറയ്ക്കാമെന്ന ലക്ഷ്യത്തോടെ സമീപത്തെ കച്ചവടക്കാർ  പച്ചത്തുണികൊണ്ട്‌ മൂക്കിൽ കെട്ടിയിട്ടുണ്ടെങ്കിലും  മൂക്കിൽ തുളച്ചു കയറുന്ന ദുർഗന്ധത്തിന് ഇതൊന്നും ഒരു പരിഹാരമല്ലല്ലൊയെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ വർഷം മിഠായിത്തെരുവിൽ തീപ്പിടിത്തമുണ്ടായപ്പോൾ, തുണിക്കെട്ടുകൾ അടക്കമുള്ള അവശിഷ്ടങ്ങൾ കൊണ്ടിട്ടതും ഇവിടെയാണ്. കത്തിയ തുണിക്കെട്ടുകൾ ദിവസങ്ങളോളം കിടന്ന് എരിഞ്ഞു. വൈകുന്നേരങ്ങളിൽ അല്പം ആശ്വാസത്തിനായി ഒത്തുകൂടിയ വയോധികർക്ക്  ചുമയും ശ്വാസം മുട്ടലുമൊക്കെയായി. ഇവിടെ മാലിന്യം കൂട്ടിയിടുന്നതിനെതിരേ നിരവധി തവണ കോർപ്പറേഷനിൽ പരാതി പറഞ്ഞു. നഗരത്തിൽ കുമിയുന്ന മാലിന്യം എന്തുചെയ്യണം എന്നറിയാതെ ഉഴലുന്ന അധികാരികള് പക്ഷേ ഈ വയോധികരുടെ പരാതികൾ ചെവി കൊടുത്തില്ല. 
ആദ്യകാലങ്ങളിൽ നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി അമ്പതോളം പേർ  എത്തിച്ചേരാറുണ്ടായിരുന്നു. മതിൽവക്കായിരുന്നു ഇരിപ്പിടം. റോഡ് ഉയർത്തിക്കെട്ടിയപ്പോൾ മതിലിന്റെ ഉയരം കുറഞ്ഞ്, ഇരിക്കാൻ പറ്റാതെയായി. യു.എൽ.സി.സി. നിർമിച്ചു നൽകിയ പത്ത് സിമന്റ് ബെഞ്ചുകളാണ് ഇപ്പോൾ ഇവിടെയുള്ളത്. 

ഇരിപ്പിടം കിട്ടിയപ്പോഴേക്കും, ഇവിടം ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയായെന്ന് മാഹീൻ പറയുന്നു. വെള്ളയിൽ ഹാർബർ പരിസരങ്ങളിലായി നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളും ഈ  പ്രദേശത്തെ സുരക്ഷിതമല്ലാതാക്കിയിരിക്കുകയാണ്.  ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളും പൊന്തക്കാടുകളും മറയാക്കി ലഹരി ഉപയോഗവും ഇടപാടുകളും സജീവമാണ്. ആരോ ഉപേക്ഷിച്ചുപോയ പെട്ടിക്കടയാണ് ഇവർ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രശ്നം. വർഷങ്ങളായി ഇവിടെ കിടക്കുന്ന പെട്ടിക്കട എടുത്തുമാറ്റാൻ കൗൺസിലർ മുഖേന നിരവധി തവണ പരാതി നൽകിയെങ്കിലും പരിഹാരമായിട്ടില്ല.