തിരുവണ്ണൂർ എന്ന സ്ഥലം കോവിലകങ്ങളാൽ നിറഞ്ഞസ്ഥലമാണ്‌. മതസൗഹാർദത്തിന്റെ ഉദാഹരണമായി തിരുവണ്ണൂരിനെ കാണിച്ചുകൊടുക്കാം. പ്രാചീനകാലം മുതൽ അറബികളുമായി അത്രയേറെ സ്നേഹം നിലനിർത്തിയ സ്ഥലം. ഇന്നും അതിനൊരു പോറലുമേറ്റിട്ടില്ല എന്നത്‌ പരമസത്യമാണ്‌. പൂഴിച്ചിറക്കുളം  തിരുവണ്ണൂർ കോവിലകക്കാർ പൊതുജനങ്ങൾക്കും പിന്നീട്‌ കോർപ്പറേഷനും കൈമാറുകയാണ്‌ ചെയ്തത്‌. 
തിരുവണ്ണൂർ പുതിയ കോവിലകത്തെ  കുല ഗുരുവായി അവകാശം സിദ്ധിച്ചവരായിരുന്നു ദേശമംഗലത്തെ വാരിയർമാർ. അവരാണ്‌ കോവിലകത്തെ അംഗങ്ങൾക്ക്‌ പ്രാഥമിക വിദ്യാഭ്യാസം നൽകിപ്പോന്നിരുന്നത്‌. സംസ്കൃതം, ഗുണകോഷ്ടം, മനഃപാഠം, മണിപ്രവാള കഥകൾ എന്നിവയെല്ലാം അവരിൽനിന്ന്‌ പഠിച്ചശേഷം ശ്രീകൃഷ്ണവിദ്യാലയത്തിലേക്ക്‌ പ്രവേശിക്കുന്നു. അവിടത്തെ സംസ്കൃതപരിശീലനത്തിനുശേഷമാണ്‌ തിരുവണ്ണൂർ സ്കൂളിലെ ഏഴാംക്ലാസിൽ  വിദ്യാഭ്യാസം തുടങ്ങുന്നത്‌. അതിനുശേഷമാണ്‌ സാമൂതിരി കോവിലകത്തേക്കുള്ള യാത്ര തുടങ്ങുന്നത്‌. പുതിയ കോവിലകത്തിന്‌ നാല്‌ താവഴികളാണുള്ളത്‌. പടിഞ്ഞാറേക്കെട്ട്‌, കിഴക്കേക്കെട്ട്‌, തെക്കേക്കെട്ട്‌, മുകളിൽ താവഴി എന്നിങ്ങനെ... 
പടിഞ്ഞാറേക്കെട്ട്‌  താവഴിയിലെ ശ്രീ കുട്ടുണ്ണിത്തമ്പുരാൻ പദ്യപാഠാവലിയിൽ അതി താത്‌പര്യമുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ സഹോദരിമാരും കവയിത്രികളായിരുന്നു. അവസാന  താവഴിയിൽപ്പെട്ട കുട്ടുണ്ണി തമ്പുരാനും പി.കെ.ടി. രാജയും യഥാക്രമം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിലും തൃശ്ശൂർ കേരളവർമ  കോളേജിലും ചരിത്രാധ്യാപകരായിരുന്നു. കിഴക്കേക്കെട്ട്‌ താഴ്‌വഴിയിലെ അനുജൻ  തമ്പുരാൻ കുടുംബാംഗങ്ങൾക്ക്‌ സ്വത്ത്‌ സമ്പാദിക്കുന്നതിൽ തത്‌പരനായിരുന്നു. ആദ്യമായി പുതിയ കോവിലകത്ത്‌ കുടുംബാംഗങ്ങൾക്കിടയിൽ കാർഷികവൃത്തി തൊഴിലാക്കി ജീവിച്ചുപോന്നു. ആദ്യമായി പുതിയ കോവിലകത്ത്‌  റബ്ബർ കൃഷി നടത്തി  മാതൃക കാണിച്ചത്‌ വലിയ കുഞ്ഞുണ്ണി  രാജയായിരുന്നു.
തെക്കേക്കെട്ട്‌ താവഴിയിലാണ്‌ ശ്രീനികേതൻ എന്ന ബംഗ്ലാവ്‌. ഇത്‌ അനിയൻ  രാജ എന്ന ശ്രീമാൻ തമ്പുരാൻ ഉണ്ടാക്കിയതാണ്‌. ഏകദേശം 180 വർഷത്തെ പഴക്കമുണ്ടിതിന്‌. തികച്ചും ബ്രിട്ടീഷ്‌ ആർക്കിടെക്‌ചർ മാതൃകയിലാണ്‌ നിർമാണം നടത്തിയിട്ടുള്ളത്‌. ഇറ്റലിയിൽനിന്നും ഇറക്കുമതി ചെയ്ത മൊസൈക്ക്‌ ഉപയോഗിച്ചാണ്‌ നിലം പരുവപ്പെടുത്തിയിരിക്കുന്നത്‌. ഈ കെട്ടിടത്തിന്റെ നിർമാണത്തിന്‌ സിമന്റോ കോൺക്രീറ്റോ ഉപയോഗിച്ചിട്ടേയില്ല. സാധാരണ ചെങ്കല്ലിൽ മനോഹരമായി പണിത്‌ പുറമേ കുമ്മായം തേച്ചതുമാത്രം. ഇവിടത്തെ പിന്തുടർച്ചക്കാരായിവന്ന വേറൊരു അനുജൻ തമ്പുരാൻ കോഴിക്കോട്ടെ മോഡേൺ ഹിന്ദു ഹോട്ടിലിന്റെ ഉടമയായിരുന്നു.
ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്‌ സഞ്ചരിച്ച ശ്രീദേവിവർമ ഈ ബംഗ്ലാവിലെ സാമൂഹികനേതാവായിരുന്നു. അവരുടെ മകൾ സേതുവർമ. സേതുവർമയുടെ മകൾ പ്രീതിരാജയാണ്‌ ഞാൻ വരച്ച ശ്രീനികേതൻ ബംഗ്ലാവിന്റെ ഇപ്പോഴത്തെ അവകാശികളിലൊരാൾ.  മുകളിൽ താവഴിയിലെ സംസ്കൃത അധ്യാപകനും ശ്രീകൃഷ്ണവിദ്യാലയത്തിലെ അധ്യാപകനുമായ പി.കെ. ഏട്ടനുണ്ണി രാജ പിൽക്കാലത്ത്‌ സാമൂതിരി രാജാവായിട്ടാണ്‌ തീപ്പെട്ടത്‌.