ലോകത്തിനുമുന്നിൽ കോഴിക്കോടിന്റെ അഭിമാനമുദ്രകളിൽ പ്രധാനപ്പെട്ടതായ മിഠായിത്തെരുവ് പുതിയ ഭാവത്തിൽ പൂർണമായി തുറന്നുകൊടുക്കാൻ ഇനി ആഴ്ചകൾ മാത്രം. ആളുകൾക്ക് അനായാസം നടക്കാവുന്നതും വാഹനങ്ങളുടെ ഇരമ്പിപ്പാച്ചിലുകളില്ലാത്തതുമായ തരത്തിലായിരിക്കണം ഈ പൈതൃകഇടനാഴി എന്നാണ് ലോകത്ത് ഇത്തരം തെരുവുകൾ ഏറെക്കണ്ട വിദഗ്ധരും ആർക്കിടെക്ടുകളുമെല്ലാം പറയുന്നത്. എങ്കിൽമാത്രമേ ഈ പൈതൃക ഇടനാഴി ലോകനിലവാരത്തിൽ എത്തൂ. എന്തുകാര്യത്തിലുമെന്നപോലെ ഇതിലും എതിർപ്പുകളും വ്യത്യസ്താഭിപ്രായങ്ങളും ഉയർന്നുകഴിഞ്ഞു. ചർച്ചകളിലൂടെ അഭിപ്രായ സമന്വയത്തിലെത്തേണ്ട കാര്യമാണിത്

നവംബറിൽ മിഠായിത്തെരുവ് കോഴിക്കോട്ടെ ഏറ്റവും മനോഹരമായ  പൈതൃക ഇടനാഴിയായി മാറും. നടപ്പാതകളിൽ ഗ്രാനൈറ്റുകൾ പാകി, വിളക്കുകൾ കൊണ്ടലങ്കരിച്ച് കേരളീയ ശൈലിയിലുള്ള മേൽക്കൂരകളോടെ  ഭംഗിയുള്ള തെരുവ്. അവിടെ വയോധികർക്ക് സഞ്ചരിക്കാൻ വീൽചെയറുകൾ, കുട്ടികൾക്ക് തെരുവു കാണാൻ ബഗ്ഗീസ്
(കൊച്ചുവാഹനങ്ങൾ), അങ്ങനെ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ മിഠായിത്തെരുവിനെ കോഴിക്കോട്ടുകാർക്ക്, സഞ്ചാരികൾക്ക് മുന്നിൽ  പുതിയൊരു അനുഭവമാക്കുകയാണ്.  നടന്ന് തെരുവ് ആസ്വദിച്ച് ഷോപ്പിങ് നടത്താനുള്ള സംവിധാനമാണ്  ആലോചിക്കുന്നത്.  

വാഹനങ്ങൾ നിരോധിച്ചാലേ ഈ ലക്ഷ്യം യാഥാർഥ്യമാക്കാനാവൂ. അതിന് തുടക്കത്തിലേ എതിർപ്പുകളുയർന്നുകഴിഞ്ഞു. കച്ചവടത്തെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. അതുകൊണ്ട് തെരുവിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കാൻ മുൻ സിറ്റിപോലീസ് കമ്മിഷണർ ജെ. ജെയ്‌നാഥ് ശ്രമം നടത്തിയെങ്കിലും അതുപേക്ഷിക്കേണ്ടിവന്നിരുന്നു. മിഠായിത്തെരുവിലെ കടകളിൽ സാധനം വാങ്ങാനെത്തുന്നവർ കൂടുതലും വൈക്കം മുഹമ്മദ് ബഷീർ റോഡിൽ വാഹനങ്ങൾ  നിർത്തി നടന്നുവരുന്നവരാണ്. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രികരാണ് തെരുവ് ഗതാഗതത്തിനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് കച്ചവടത്തെ ബാധിക്കില്ലെന്നാണ് ഗതാഗതരംഗത്തെ വിഗ്‌ധരും ആർകിടെക്റ്റുകളും പറയുന്നത്.       

ലോകരാജ്യങ്ങളിലെ പൈതൃകത്തെരുവുകളെല്ലാം   നടക്കാനുള്ളതുമാത്രമാണ്. അവിടെയെത്തുന്ന സഞ്ചാരികൾക്ക് ഷോപ്പിങ്ങിനൊപ്പം തെരുവിന്റെ ചരിത്രവും മനസ്സിലാക്കാൻ പറ്റും. അതുകൊണ്ട് വിനോദസഞ്ചാരികളുടെ യാത്രാപട്ടികയിൽ ഇത്തരം  തെരുവുകൾ ഇടംനേടാറുണ്ട്. പക്ഷേ, ഒരു വിദേശ വിനോദസഞ്ചാരിയെയുമായി വന്നാൽ മിഠായിത്തെരുവ് നടന്നു കാണണമെങ്കിൽ  വാഹനത്തിരക്കൊഴിയുന്നതുവരെ കാത്തുനിൽക്കണമെന്നതാണ് അവസ്ഥ.  പകൽ മിഠായിത്തെരുവിലിറങ്ങിയാൽ വാഹനങ്ങൾ തട്ടുമോയെന്നാണ് ഭയം. ഈ തെരുവിൽ കച്ചവടസ്ഥാപനങ്ങൾ മാത്രമല്ല, പതിറ്റാണ്ടുകൾ പഴക്കമുള്ള കോഴിക്കോട്ടെ പാഴ്‌സി സമൂഹത്തിന്റെ കേന്ദ്രമായ പാഴ്‌സി അഞ്ജുമാൻ ബാഗ്, അഗ്നിക്ഷേത്രം തുടങ്ങിയ പൈതൃക കേന്ദ്രങ്ങളും കൂടെയുണ്ട്.
അതുമാത്രമല്ല, ഭാവിയിൽ മാനാഞ്ചിറയെയും പാളയത്തെയും കോഴിക്കോടിന്റെ വ്യവസായ ചരിത്രത്തിന്റെ സ്മാരകമായ കോംട്രസ്റ്റിനെയും  ടൗൺഹാളിനെയും  ആർട്ട് ഗ്യാലറിയെയുമൊക്കെ ബന്ധിപ്പിക്കാവുന്ന  ഒരു ഇടനാഴിയാക്കി വിനോദസഞ്ചാര മേഖലയ്ക്കുകൂടെ ഉപയോഗപ്പെടുത്താനുള്ള സാധ്യതകളും ഉണ്ട്. മിഠായിത്തെരുവിൽ വാഹനങ്ങൾ നിയന്ത്രിച്ച് കച്ചവടത്തിന് മാത്രമായി വിട്ടുകൊടുക്കണമെന്നാണ് ലോക പ്രശസ്തനായ ദക്ഷിണാഫ്രിക്കൻ ആർക്കിടെക്റ്റ് പീറ്റർ റിച്ച് ഒരിക്കൽ ഈ തെരുവു സന്ദർശിച്ചപ്പോൾ പറഞ്ഞത്.  മിഠായിത്തെരുവിലൂടെ വാഹനഗതാഗതം അനുവദിച്ചതിലും അധാർമികമായ പ്രവൃത്തി ലോകത്ത് ഒരു രാജ്യത്തും അനുവദിച്ചുകൊടുക്കില്ലെന്നാണ്  കോഴിക്കോട്ടുവന്നപ്പോൾ  തെസ്പൂർ സർവകലാശാലയിലെ സോഷ്യോളജി വിഭാഗം പ്രൊഫസറായിരുന്ന ഡോ.എം.എ. കലാമിന്റെ പ്രതികരണം.

എല്ലാ രംഗത്തുള്ള വിദഗ്ധരും ഇത് നടക്കാനുള്ള തെരുവാക്കുന്നതിനോട് യോജിക്കുന്നുണ്ട്. പക്ഷേ, കച്ചവടക്കാർക്ക് സാധനങ്ങൾ ഇറക്കാനും മറ്റും നിശ്ചിതസമയത്തേക്ക് വാഹനം അനുവദിച്ചുകൊടുക്കണമെന്ന് മാത്രം. തെരുവിലെത്തുന്നവർക്ക് പാർക്കിങ്ങിനുള്ള സൗകര്യവും ചെയ്തു കൊടുക്കണം. അങ്ങനെ വരുമ്പോൾ വ്യാപാരവും കൂടും. ഇപ്പോൾ പണിയുന്ന നടപ്പാതകൾ ട്രോളിയിൽ സാധനങ്ങൾ കൊണ്ടുപോകാവുന്ന തരത്തിലുള്ളതാണ്. അതുകൊണ്ട് അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ വരില്ല.

ഈ തെരുവുകൾ ഇങ്ങനെ
ഇസ്താംബുളിലെ  ഇസ്‌റ്റിക്‌ലാൽ തെരുവ് കാൽനടയാത്രക്കാർക്ക് മാത്രമുള്ളതാണ്. ഇസ്താംബുളിലെതന്നെ 15-ാം നൂറ്റാണ്ടിൽ നിർമിച്ച കപലി ചർഷി ചന്തയും നടന്നു കാണാൻ മാത്രമേ സാധിക്കൂ. ഏഴര ഏക്കറിലാണ് മുകൾവശം മൂടിയ ഈ ചന്ത. നാലായിരം കടകളുണ്ട് ഇവിടെ. പ്രതിദിനം രണ്ടരലക്ഷത്തിനും നാലുലക്ഷത്തിനുമിടയിലാണ് സന്ദർശകർ.

ലോകസഞ്ചാരി പറയുന്നു: വ്യാപാര
തെരുവുകളിലേക്ക് വാഹനങ്ങൾ വിടാറില്ല


ലോകസഞ്ചാരിയും ‘സഞ്ചാരം’ എന്ന പരിപാടിയിലൂടെ പ്രശസ്തനുമായ സന്തോഷ് ജോർജ് കുളങ്ങര പറയുന്നു മിഠായിത്തെരുവ് നടന്നുകാണണം
കഴിഞ്ഞയാഴ്ച ഞാൻ പെറുവിലെ സാംസ്കാരികനഗരമായ കുസ്‌ക്കോയിലായിരുന്നു. അവിടെ ടൗൺ സ്ക്വയറിലേക്ക് വാഹനങ്ങൾ വിടുന്നതേ കണ്ടിട്ടില്ല. ടൗൺ സ്ക്വയറിന് പുറത്തുകൂടെ വാഹനങ്ങൾ പോവും. ആളുകൾ അവിടെയിറങ്ങി തെരുവിലൂടെ നടക്കുകയാണ് ചെയ്യുന്നത്. ഇതേ പോലെതന്നെ വിദേശരാജ്യങ്ങളിലെ  വ്യാപാരത്തെരുവുകളിലൊന്നും വാഹനങ്ങൾ കടത്തിവിടാറില്ല. മിഠായിത്തെരുവിൽ ഇങ്ങനെ ഒരു മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ച് വ്യാപാരികൾ ആശങ്കപ്പെടുന്നതിൽ കാര്യമില്ല. കച്ചവടക്കാർക്ക് ഗുണമേ ഉണ്ടാവൂ. കാറിൽ പോവുന്നവരേക്കാൾ കൂടുതൽ നടന്നുപോവുന്നവരാണ് ഷോപ്പിങ് നടത്തുക. മിഠായിത്തെരുവിനെ തുറന്ന മാളായിട്ട് പരിഗണിക്കുകയാണ് വേണ്ടത്. പക്ഷേ, ഒരു സുപ്രഭാതത്തിൽ മിഠായിത്തെരുവിൽ വാഹനങ്ങൾ നിരോധിച്ച് നടക്കാനുള്ളത് മാത്രമാക്കുന്നതിൽ കാര്യമില്ല. ഇവിടേക്ക് എങ്ങനെ ആളുകളെത്തും? സ്വന്തമായി വാഹനങ്ങളുമായി വരുന്നവർ  എവിടെ  പാർക്ക് ചെയ്യും എന്ന ചോദ്യത്തിന് മറുപടി നൽകണം. അല്ലാതെ പൊടിക്കൈകൾ കാണിച്ചതുകൊണ്ട് കാര്യമില്ല. ഇതിനൊപ്പംതന്നെ മിഠായിത്തെരുവിലൂടെ നിലവിൽ പോവുന്ന വാഹനങ്ങൾ മറ്റേതുവഴി തിരിച്ചുവിടുമെന്നും തീരുമാനിക്കണം. മാനാഞ്ചിറ മൈതാനത്ത് അണ്ടർ ഗ്രൗണ്ട് പാർക്കിങ് സൗകര്യമൊരുക്കി ആ മൈതാനത്തെ അങ്ങനെതന്നെ നില നിർത്താം. ഇത്തരം കാര്യങ്ങൾ നടപ്പാക്കുമ്പോൾ സമഗ്രമായ പ്ലാനിങ് വേണം. ആസൂത്രണമില്ലാത്തതാണ് നമ്മുടെ നഗരങ്ങളുടെയൊക്കെ പ്രശ്നം.