കോൺവെന്റ് റോഡിനോടുചേർന്ന് സ്ഥിതിചെയ്യുന്ന ഇരുനില കെട്ടിടസമുച്ചയത്തിന്റെ മുകൾനിലയിൽനിന്ന് തയ്യൽയന്ത്രത്തിന്റെ ശബ്ദം കേൾക്കുമ്പോൾ അന്നക്കുട്ടി കാതുകൂർപ്പിച്ച് ശ്രദ്ധിക്കും. ചുളിവുകൾവീണ ഇടതുകൈ ചെവിക്കുപിറകിലേക്ക് ചേർത്തുവെച്ച്, അരനൂറ്റാണ്ടിലേറെയായി തനിക്ക് ചിരപരിചിതമായ താളം അവർ ആസ്വദിക്കും. മുറിച്ചൊപ്പിച്ചുവെച്ച തുണികൾ വസ്ത്രങ്ങളാക്കിമാറ്റുന്ന അന്തേവാസികളിലെ ഇളമുറക്കാരോട് മത്സരിക്കാനുറച്ച് തന്റെ മുറിയിലെ പഴഞ്ചൻ തയ്യൽയന്ത്രത്തിൽ ദിനചര്യപോലെ തുടരുന്ന ജോലി ഈ എഴുപത്തിനാലുകാരി ഇന്നും ആവർത്തിക്കുകയാണ്. കർണാടക സ്വദേശിനിയായ പതിനെട്ടുകാരി മുതൽ തയ്യൽക്കാരികളിൽ സീനിയർ പട്ടത്തിന് അടുത്ത അവകാശിയായ ചീന്തലാർ സ്വദേശിനി സെലിൻ (55) ഉൾപ്പെടെ 33 അന്തേവാസികൾകൂടി കോഴിക്കോട് നഗരത്തിലെ ഏറ്റവും പുരാതനമായ ഈ തയ്യൽ പരിശീലനകേന്ദ്രത്തിൽ അന്നക്കുട്ടിക്ക്‌ കൂട്ടായുണ്ട്.
   എൺപത്തിമൂന്നുവർഷത്തെ പാരമ്പര്യം അവകാശപ്പെടാനുണ്ട് സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ മേൽനോട്ടത്തിലുള്ള സെയ്‌ന്റ് വിൻസെന്റ് ഹോമിലെ തയ്യൽപ്പരിശീലനകേന്ദ്രത്തിന്. 1923 ഒക്ടോബർ അഞ്ചിനാണ് അന്നത്തെ കോഴിക്കോട് ബിഷപ്പ് പോൾ പെരീനി സെയ്‌ന്റ് ബെർണഡെറ്റെ സ്ത്രീസദനവും അനാഥശിശുഭവനും സ്ഥാപിക്കുന്നത്. ഇറ്റലിയിലെ സെയ്‌ന്റ് ബൽത്തലോമിയ കപ്പിത്താനിയോയും വിഞ്ചൻസ ജറോസയും ചേർന്ന് സ്ഥാപിച്ച സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ കേരളത്തിലെ പിൻമുറക്കാർ പിന്നീട് ഈ അഗതിമന്ദിരങ്ങളുടെ മേൽനോട്ടച്ചുമതല ഏറ്റെടുക്കുകയായിരുന്നു. 1934-ലാണ് അഗതിമന്ദിരത്തോടുചേർന്ന് ഒരു ടെയ്‌ലറിങ്-എംബ്രോയ്ഡറി യൂണിറ്റ് പിറവിയെടുക്കുന്നത്. അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം നിർധന കുടുംബങ്ങളിലെ പെൺകുട്ടികളും പിന്നീട് സൗജന്യ തയ്യൽ പരിശീലനകേന്ദ്രത്തിലേക്ക് എത്തിത്തുടങ്ങി. ജീവിക്കാൻ വക തേടിയെത്തിയവരും പഠനംതുടങ്ങി ഒരു ഉപജീവനമാർഗമായി തയ്യൽ ജോലി തിരഞ്ഞെടുത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു.  
  സെയ്‌ന്റ് വിൻസെന്റ് ഹോമിലെ സൗജന്യ തയ്യൽ പരിശീലനകേന്ദ്രത്തിലെ അന്തേവാസികളിലേറെയും ജീവിതയാഥാർഥ്യങ്ങളുടെ കയ്പുനീർ കുടിക്കേണ്ടിവന്നവരാണ്. സ്വന്തം വീട്ടിനകത്ത് പിതാവിൽനിന്നുപോലും പീഡനം ഏൽക്കേണ്ടിവന്നവരും ഉറ്റവരും ഉടയവരുമില്ലാതെ അനാഥത്വത്തിലേക്ക് ഉപേക്ഷിക്കപ്പെട്ടവരും സ്വന്തമായൊരു കൂരപോലുമില്ലാത്ത നിർധനരുമെല്ലാം ഹോമിലെ തയ്യൽയന്ത്രത്തിൽ കൈവെച്ച് തുന്നിച്ചേർക്കുന്നത് അവരുടെ ജീവിതം തന്നെയാണ്. ഭക്ഷണവും താമസവും അവർക്ക് സൗജന്യമായൊരുക്കുന്ന ഹോം അധികൃതർ തയ്യൽജോലിക്കുള്ള പ്രതിഫലവും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഭദ്രമായെത്തിക്കുന്നുണ്ട്. സ്ത്രീകൾക്കുള്ള വസ്ത്രങ്ങൾ തയ്‌ക്കുന്നതിനുപുറമേ ഹാൻഡ്‌വർക്ക്, എംബ്രോയ്ഡറി, കട്ട് വർക്ക് എന്നിവയും ഇവിടെ ചെയ്തുകൊടുക്കുന്നു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട ഒരുവിഭാഗത്തിന് തൊഴിൽ ഉറപ്പാക്കാനുള്ള സദുദ്ദേശ്യംകൂടി നിലനിർത്തി വ്യക്തികളും സ്ഥാപനങ്ങളും ഇവിടേക്ക് ഓർഡറുകൾ നൽകിവരുന്നു. സിസ്റ്റർ വിജയാ ജോസഫ്, സിസ്റ്റർ ഡോറിസ് എന്നിവരാണ് അന്തേവാസികൾക്ക് തയ്യൽപ്പരിശീലനം നൽകുന്നത്. 
  തയ്യൽ പരിശീലനകേന്ദ്രമെന്നതിന് അപ്പുറം വലിയൊരു സാമൂഹികദൗത്യം നിറവേറ്റിയ ഖ്യാതിയും ഈ സ്ഥാപനത്തിന് അവകാശപ്പെടാനുണ്ട്. പത്താംക്ലാസ് പഠനംകഴിഞ്ഞ് നേരെ തയ്യൽ പഠിക്കാനെത്തിയ കുട്ടികളിൽ മികവേറിയവരെന്ന് തങ്ങൾക്ക് ബോധ്യപ്പെട്ടവരെ സന്ന്യാസിനി സമൂഹം ഉപരിപഠനമേഖലയിലേക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട്. നിരവധി കുട്ടികൾക്ക് പഠനത്തിനൊപ്പം താമസസൗകര്യവും ഏർപ്പെടുത്തിയ സ്ഥാപന അധികൃതർ, തയ്യൽ വഴങ്ങാത്തവർക്ക് ഹോമിനകത്തെ സോപ്പുത്‌പന്ന നിർമാണകേന്ദ്രത്തിലും പരിശീലനത്തിന് അവസരമേകുന്നു.
 1969-ൽ ഇൻഡസ്ട്രിയൽ സ്കൂൾ സ്ഥാപിച്ചപ്പോൾ അതിനൊപ്പം സർക്കാർ സഹായത്തോടെ കേരള ഗവ. ടെയ്‌ലറിങ് എജ്യുക്കേഷൻ എന്ന പേരിൽ തയ്യൽപ്പരിശീലന ക്ലാസിനും തുടക്കമായി. വിൻസെന്റ് ഹോമിനകത്തെ കേന്ദ്രത്തിൽ സൗജന്യമായി തയ്യൽപ്പരിശീലനം നൽകിയപ്പോൾ, പുറമേനിന്നുള്ളവരിൽനിന്ന്‌ പ്രതിമാസം നിശ്ചിതഫീസ് ഈടാക്കിയാണ് കെ.ജി.ടി.ഇ. കേന്ദ്രം നടത്തിവന്നത്. ഫാഷൻ ഡിസൈനിങ് ആൻഡ്‌ ഗാർമെന്റ് ടെക്‌നോളജി കോഴ്‌സ് നടത്താൻ സ്ഥാപന അധികൃതർ തയ്യാറാവാത്തതിന്റെ പേരിൽ കെ.ജി.ടി.ഇ.ക്ക്‌ നൽകിവന്ന സഹായധനം 2011-ൽ സംസ്ഥാന സർക്കാർ പിൻവലിച്ചു. എങ്കിലും പരിശീലനകേന്ദ്രത്തെയും പരിശീലകയായ ‘അനിത ടീച്ചറെ’യും സെയ്‌ന്റ് വിൻസെന്റ് ഹോം അധികൃതർ നിലനിർത്തി. ഇത്തവണ പതിനഞ്ചുപേരാണ് ഇവിടെമാത്രമായി തയ്യൽപ്പരിശീലനം നടത്തുന്നത്. കഴിഞ്ഞവർഷം 58 പേർ കേന്ദ്രത്തിൽനിന്ന്‌ പരിശീലനം പൂർത്തിയാക്കിയിരുന്നു.
  അന്നക്കുട്ടിക്കും സെലിനുമെല്ലാം ജീവിതം ‘തയ്ച്ചെടുക്കാൻ’ ഇനിയും സെയ്‌ന്റ് വിൻസെന്റ് ടെയ്‌ലറിങ് യൂണിറ്റിലെ യന്ത്രങ്ങൾ കിതയ്ക്കാതെ ചലിച്ചുതുടങ്ങും... തങ്ങളുടെ കരവിരുതിൽ കീറത്തുണികൾ വസ്ത്രങ്ങളായി മാറവേ കണ്ണുകളിൽ ആത്മാഭിമാനത്തിന്റെയും സംതൃപ്തിയുടെയും തിളക്കം പ്രകടമാക്കുന്ന ഈ അഗതികൾക്ക് ഏറെനാൾ കൂട്ടാവാൻ...