പാടാനും ആടാനും 
മാത്രമല്ല ഈ ആട്ടക്കഥ

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച പണ്ഡിതനും കവിയും സഹൃദയനും നാടകകൃത്തുമായ ഉണ്ണായി വാരിയർക്ക് കേരളീയർക്കിടയിൽ ശാശ്വതപ്രതിഷ്ഠ നേടിക്കൊടുത്തത് നളചരിതം ആട്ടക്കഥയാണ്. പാടാനും ആടാനും മാത്രമുള്ളതല്ല വായനമുറിയിൽ പ്രമുഖസ്ഥാനം നേടാനും യോഗ്യമാണ് ആട്ടക്കഥയെന്നു തെളിയിച്ചത് ഈ കൃതിയാണ്. ഇതര ആട്ടക്കഥകളെ സാഹിത്യമൂല്യത്തിൽ ഏറെ പിൻതള്ളി നളചരിതം. വേഷക്കാരന് മുദ്ര കാട്ടാൻ ചില പദങ്ങളുണ്ടാക്കിയെടുക്കുക എന്നതിൽനിന്ന്, ഉയർന്ന കവിതാമൂല്യമുള്ള പദ്യങ്ങളും ആകർഷകമായ നാടകീയമുഹൂർത്തങ്ങളും വൈവിധ്യമുള്ള കഥാപാത്രങ്ങളും നിരാശയിൽനിന്നുണ്ടാകുന്ന അസൂയയും പ്രതികാരവും വേർപാടിൽനിന്നുണ്ടാകുന്ന നിരാശയും എല്ലാംചേർത്ത് സമ്പൂർണനാടകഗ്രന്ഥം കഥകളിക്കുതകുംവിധം രചിക്കുകയായിരുന്നു ഉണ്ണായിവാരിയർ.
മഹാഭാരതത്തിലെ ആരണ്യപർവത്തിൽ പത്തിരുപത്തിയഞ്ച് ശ്ലോകങ്ങളിൽ വിവരിച്ചിട്ടുള്ള നളന്റെകഥ നാലു ദിവസങ്ങളിലായി രംഗത്തവതരിപ്പിക്കാൻ പറ്റുന്ന ആട്ടക്കഥയായി ആവിഷ്കരിച്ചപ്പോൾ ഉണ്ണായിവാരിയരിലെ കവിയുടെയും പണ്ഡിതന്റെയും ഔന്നത്യമാണ് തെളിഞ്ഞുകണ്ടത്. അതുകൊണ്ടാണ് അരങ്ങത്തെന്ന പോലെ വായനമുറിയിലും ആ കൃതിക്ക് ശാശ്വതസ്ഥാനം കൈവന്നത്. 
സൗന്ദര്യം, വിദ്യ എന്നിങ്ങനെ സകലഗുണങ്ങളും ഒത്തിണങ്ങിയ നളന് നാരദൻ മുഖേന ദമയന്തിയുമായി പരിണയം സാധ്യമാകുന്നതിൽ അസൂയപൂണ്ട കലി കോപാകുലനാവുന്നു. നളനെയും ദമയന്തിയെയും പലവിധ ദുരിതങ്ങൾ അനുഭവിപ്പിക്കുന്നു കലി. എന്നാൽ, ഒടുവിൽ ഈശ്വരാനുഗ്രഹത്താൽ അവർ വീണ്ടും ഒത്തുചേരുന്നു. പീഡനങ്ങളുടെ നൈതികശാസ്ത്രമാണ് ഈ കഥ. അത്തരം അനുഭവങ്ങളെല്ലാം ചേർത്തുവെച്ച് മികച്ച നാടകം മെനഞ്ഞെടുക്കുകയാണ് വാരിയർ ചെയ്തത്. ശ്ലോകങ്ങൾ സംസ്കൃതത്തിലും പദങ്ങൾ മണിപ്രവാളത്തിലുമുള്ള ഈ കൃതിയിൽ അർഥം ഗ്രഹിക്കാൻ പ്രയാസമുള്ള ഭാഗങ്ങളുണ്ട്. പലപ്പോഴും വ്യാഖ്യാനം ആവശ്യമായി വരും.
കർക്കശക്കാരായ കഥകളി ആസ്വാദകർക്ക് നളചരിതം അത്ര സ്വീകാര്യമല്ല. ചിട്ടയുള്ള ആട്ടപ്രകാരമോ ലക്ഷണമൊത്ത കലാശച്ചുവടുകളോ ഇല്ല. എന്നാൽ, ഇതൊന്നും അരങ്ങത്ത് നളചരിതത്തെ തളർത്തിയില്ല. സഹൃദയർക്ക്, കളിഭ്രമക്കാർക്ക്, വേഷക്കാർക്ക്, പാട്ടുകാർക്ക് -എല്ലാവർക്കും വേണം ഈ കഥ.
ഖസാക്കിന്റെ ദാർശനികത

ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ കഥ പറയുമ്പോൾ അതിലെ ആവിഷ്കരണശൈലിയുടെ പ്രത്യേകതമൂലം സർവലൗകികതയും സർവകാലികതയും ധ്വനിപ്പിക്കൽ സാധ്യമാകുന്നത് സൃഷ്ടി സങ്കേതങ്ങളുടെ മൗലികമായ പരിഷ്കാരങ്ങളിലൂടെയാണ്. ‘ഖസാക്കിന്റെ ഇതിഹാസം എക്കാലവും വായനക്കാരെ കണ്ടെത്തുന്നത് ഒ.വി. വിജയന്റെ ഈ അദ്‌ഭുതസിദ്ധികൊണ്ടാണ്.
കരിമ്പനക്കൂട്ടങ്ങളും നെൽപ്പാടങ്ങളും ഇടകലർന്നു കിടക്കുന്ന പാലക്കാട്ടെ ചിതലിമലയുടെ താഴ്‌വരയിൽ ഖസാക്ക് എന്ന പരിഷ്കാരരഹിതമായ ഉൾനാട്ടിലെ ഏകാധ്യാപക വിദ്യാലയത്തിൽ ജോലിക്കെത്തിയ രവി ആ ഗ്രാമത്തിലെ വ്യക്തികളെയും സംഭവങ്ങളെയും നിസ്സംഗനായി, നിഷ്കാമനായി അനുഭവിച്ചറിയുന്നതാണ് ഇതിവൃത്തം. സാഹചര്യങ്ങളുടെ സ്വാധീനം കൊണ്ട് പരിണാമം വരുന്ന ഒരു സാധാരണ കഥാപാത്രമല്ല രവി. ഖസാക്കിലേക്കുവരുമ്പോഴും അവിടെനിന്ന് മടങ്ങിപ്പോകുമ്പോൾ പാമ്പുകടിയേറ്റ് (കൂമൻ കാവിലെ ബസ്‌സ്റ്റോപ്പിൽ വെച്ച്) ലോകവാസം അവസാനിക്കുമ്പോഴും രവിയെന്ന വ്യക്തിയിൽ പറയത്തക്ക മാറ്റങ്ങളൊന്നും വന്നിട്ടില്ല. കുറേ അനുഭവങ്ങൾ അയാൾക്കു കിട്ടിയെന്നു മാത്രം.
മിഥ്യയും യാഥാർഥ്യവും ഒപ്പം ചേർത്തുകൊണ്ടുപോകുന്ന രചനാരീതി അദ്ദേഹത്തിന്റേതുമാത്രമാണ്.
സ്നേഹവും കാമവും പശ്ചാത്താപവും ശോകവും അനുകമ്പയും -എല്ലാം ഈ ശൈലിയിൽ അദ്ദേഹം ധ്വനിപ്പിക്കുന്നു. അനായാസമായി, അനുസ്യൂതമായി. അനനുകരണീയമായി. മലയാളഭാഷയുടെ വളർച്ചയ്ക്കും പരിണാമത്തിനും സഹായിച്ച ഒരു എഴുത്തുകാരനും കൂടിയാണ് വിജയൻ.
ഭാരതീയ പാരമ്പര്യത്തിൽ നിന്നുകൊണ്ടുള്ള, അതിനുവിധേയമായിട്ടുള്ള, അതിൽ നിന്നുദ്‌ഭവിച്ച ഒ.വി. വിജയന്റെ ദാർശനികതയും ജീവിതതത്ത്വശാസ്ത്രവും മറ്റുപലകൃതികളിലെക്കാൾ അധികം ‘ഖസാക്കിൽ’ കാണാം.
 കാത്തിരിപ്പിന്റെ ഋതുപരിവർത്തനം 

വീണ്ടുംവീണ്ടും വായിക്കാനുള്ള പ്രേരണതരുന്ന ഒരു പിടിനോവലുകൾ മലയാളത്തിലുണ്ടല്ലോ. അവയിൽ ഏറ്റവും മുമ്പായി ഓർക്കുന്ന ഒരു കൊച്ചു നോവലാണ് 1964-ൽ പ്രസിദ്ധീകരിച്ച എം.ടി. വാസുദേവൻനായരുടെ മഞ്ഞ്.  മനസ്സിൽ തട്ടുന്ന മനുഷ്യകഥാനുഗാനം കാവ്യാത്മകമായ ഗദ്യം. അരനൂറ്റാണ്ടിനുശേഷം ഇന്നും വായിക്കുമ്പോൾ എന്തോ ഒരു അനുതാപം ആത്മവേദന ജനിപ്പിക്കുന്നു. 
നൈനിറ്റാളിലെ ഒരു ബോർഡിങ് സ്കൂളിൽ അധ്യാപികയായ വിമല അവിടെ സീസൺതോറും വന്നുപോകുന്ന ടൂറിസ്റ്റുകളിലൊരാളുമായി പരിചയപ്പെട്ടു. അടുപ്പം എല്ലാ അതിരുകളും ലംഘിച്ചു. ഒരുമിച്ചുള്ള ജീവിതം ആഗ്രഹിച്ചു. സീസൺ കഴിഞ്ഞപ്പോൾ സുധീർകുമാർ മിശ്ര പോയി. തിരിച്ചുവന്നില്ല. പിന്നെ കാത്തിരിപ്പാണ്. ഈ പ്രതീക്ഷയും കാത്തിരിപ്പും ഓരോ സീസണിലും ആവർത്തിക്കുകയാണ്. അതാണ് നോവൽ. അച്ഛൻ അന്തരിക്കുകയും അമ്മ വിട്ടുപോവുകയും ചെയ്ത വിമലയ്ക്ക് ഒഴിവുകാലത്ത് നാട്ടിൽ പോവുന്നതുപോലും ഒരു ചടങ്ങുമാത്രം-വിരസം. 
മിശ്രയെ കാത്തിരിക്കുന്ന വിമലയുടെ മനസ്സ് നൈനിറ്റാളിലെ ഋതുപരിവർത്തനത്തിൽ പ്രതിഫലിപ്പിച്ചുകാട്ടുന്നു എം.ടി. സമാന്തരമായി ഗോരാസാബ് െെനനിറ്റാളിന് ദാനം ചെയ്തുപോയ തോണിക്കാരൻ പയ്യന്റെ കഥയും പോക്കറ്റിൽ അച്ഛന്റെ ഫോട്ടോ കൊണ്ടുനടക്കുന്ന, ഓരോ സീസണിലും ‘വരും വരാതിരിക്കില്ല’ എന്ന് മനസ്സിൽ ആവർത്തിച്ചുറപ്പിക്കുന്ന ആ പയ്യൻ. കാല്പനിക ദുഃഖത്തിന്റെ ആവിഷ്കാര പശ്ചാത്തലമായി, അകലെ ഏകതാരയിൽനിന്നുവരുന്ന സർദാറിന്റെ ഗാനം. ഇങ്ങനെ പറഞ്ഞുപോകാം. പക്ഷേ, മഞ്ഞിന്റെ മനോഹാരിത അത് വായിച്ചുതന്നെ അനുഭവിക്കണം. 

 ദാർശനികസമസ്യകളുടെ വിഹ്വലത

ആനന്ദിന്റെ കൃതികളെല്ലാം പ്രസക്തമാകുന്നത് അവ അനാവരണം ചെയ്യുന്ന വ്യതിരിക്തമായ ആ ദാർശനികതലം കൊണ്ടാണ്. ജീവിതത്തിന്റെ ലക്ഷ്യരാഹിത്യവും അർഥരാഹിത്യവും പ്രതീക്ഷകൾ സൃഷ്ടിക്കുന്ന പ്രഹേളികകളും ആഗ്രഹങ്ങൾ അവസാനിക്കുന്ന നിരാശകളും ഉൾക്കൊള്ളുന്ന രചനകളാണ് ഇദ്ദേഹത്തിന്റേത്. 
മലയാളനോവൽ ശാഖയിൽ അടിസ്ഥാന മൗലികതയുള്ള ഒരു വഴിത്തിരിവാണ് മരണസർട്ടിഫിക്കറ്റിന്റെ വരവ്. പരമ്പരാഗത നായികാനായക സങ്കല്പം തിരസ്കരിച്ചിരിക്കുന്നു. വ്യക്തിജീവിതത്തിലെയോ സാമൂഹ്യ ജീവിതത്തിലെയോ ഉയർച്ചതാഴ്ചകൾ ഇതിൽ വിഷയമാക്കിയിട്ടില്ല. 
സ്നേഹം, ദുഃഖം, ദേഷ്യം തുടങ്ങിയ സങ്കല്പങ്ങളേയില്ല. അമൂർത്തവും നിഗൂഢവുമായ ചില വിഹ്വലതകൾക്കടിമപ്പെട്ട് ജീവിതം തള്ളിനീക്കുന്ന ഒരു വ്യക്തി. വിചിത്രമായൊരു പ്രപഞ്ചം, വിചിത്രമായ കുറേ സാഹചര്യങ്ങൾ, വിചിത്രമായ ഒരു അനുഭവവും. നോവൽ നൽകുന്ന സന്ദേശമാണ് പ്രധാനം. ആസ്വദിച്ചു വായിക്കാനാവില്ല. വായിച്ചശേഷം മനനം ചെയ്യാം. ദാർശനികസമസ്യകൾ സൃഷ്ടിക്കാം. പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ കണ്ടെത്താം. എന്നാലും ശൈലിയിലും ഉള്ളടക്കത്തിലും സന്ദേശത്തിലും പ്രദർശിപ്പിക്കുന്ന മൗലികത ശ്രദ്ധിക്കപ്പെടും എന്ന് അടിവരയിട്ടുപറയാം.