കെ.ആർ. അമൽ

amal.kr93@gmail.com

എന്തെങ്കിലും സീനുണ്ടായാൽ (സീൻ പിടികിട്ടാത്തവർക്കായി: സംഭവങ്ങൾക്കുള്ള ന്യൂജൻ വിളിപ്പേരാണ് ‘സീൻ’) അതിൽ കേറി ട്രോളുക എന്നത് മലയാളി ട്രോളന്മാരുടെ സ്ഥിരം പണിയാണ്. പ്രാദേശികമാകട്ടെ അതല്ല, അന്തർദേശീയമാകട്ടെ ഏത് സീനും എടുക്കും നമ്മുടെ ട്രോളന്മാർ. 
ട്രോളി തുടങ്ങിയാൽ പിന്നെ അത് തീപോലെ ആളിപ്പടരും, പലപ്പോഴും വാർത്തയേക്കാൾ മൂർച്ചയേറിയതായി മാറും. 
ട്രോളുകളുടെ വരവോടെ ട്രോൾ ഗ്രൂപ്പുകളും പേജുകളും മുളച്ചുപൊങ്ങി. ഐ.സി.യു.വും ട്രോൾ മലയാളവുമൊക്കെ ആങ്ങനെ യുവാക്കളുടെ ഇഷ്ടപേജുകളായി മാറി. പീന്നീട് കൂണുകൾ പോലെ അനേകം പേജുകൾ വളർന്നുവന്നു. അംഗങ്ങളുടെ എണ്ണത്തിൽ ചിലർ ആറക്കം കടന്നു. ചിലർ നാലക്കം പോലും കടക്കാതെ വിസ്മൃതിയിലാണ്ടു. ‘പുലിവാൽ കല്യാണ’ത്തിലെ മണവാളനും ‘പഞ്ചാബി ഹൗസി’ലെ രമണനുമെല്ലാം ട്രോളന്മാരുടെ ഇഷ്ടകഥാപാത്രങ്ങളായി മാറി. ഇങ്ങനെ ട്രോളന്മാർ നീങ്ങുമ്പോഴാണ് ഇവർക്കിടയിലേക്ക് പ്രദേശികവാദം വന്നെത്തുന്നത്. ഇതിലെ ട്രെൻഡ് മനസ്സിലാക്കി പല പേജുകളും ജനിച്ചു.

സാമൂഹിക വിഷയങ്ങളിലെ ഇടപെടൽ

എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അധികാരികളുടെ അനാസ്ഥയ്ക്കും അവിടെ നടന്ന മരണങ്ങൾക്കും എതിരേ ശബ്ദം ഉയർത്തിയ ട്രോൾ എറണാകുളം, മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ ‘സേവ് ജി.എം.സി.’ കാമ്പയിന് ശക്തമായ പിന്തുണയും നൽകിയിരുന്നു. 
മെട്രോയിൽ വയ്യാതെ കിടന്ന, ബധിരനും മൂകനുമായ എൽദോയെ സാമൂഹിക മാധ്യമങ്ങളിൽ അവഹേളിച്ചപ്പോൾ അതിനെതിരേ ശബ്ദമുയർത്തിയ ചുരുക്കം ചില വേദികളിൽ ഒന്നാണ് ഈ ട്രോൾ പേജ്.മെട്രോ കൊണ്ടുവന്നതിനെച്ചൊല്ലി വിവിധ രാഷ്ട്രിയ പാർട്ടികളിൽപ്പെടുന്നവർ സോഷ്യൽ മീഡിയയിലൂടെ വാക്ക്‌പോര് നടത്തിയപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ട്രോൾ ഇറക്കിയതും പേജിനെ വ്യത്യസ്തമാക്കി.

ജഗജില്ലികളായി ജില്ലാ പേജുകൾ

ജില്ല’ എന്ന വികാരം ആദ്യം മനസ്സിലാക്കുന്നത് കൊല്ലം ജില്ലയിലെ ട്രോളന്മാരാണ്. ഇതിന്റെ ചുവടുപിടിച്ച് തൃശ്ശൂരും തുടങ്ങി ജില്ലാ ട്രോൾ പേജ്. ജനുവരി അവസാനം എറണാകുളം ജില്ല രംഗത്തേക്കു കടക്കുകയും തൊട്ടടുത്ത ദിവസം തിരുവനന്തപുരം എത്തുകയും ചെയ്തു. പിന്നീടങ്ങോട്ട് ജില്ലാ പേജുകളുടെ പകൽപ്പൂരമായിരുന്നു. ജില്ല പതിനാലും അങ്കത്തട്ടിലേക്കെത്തി. അതോടെ സീൻ മാറി.
അടുത്തടുത്ത ദിവസം ട്രോൾ പേജ് തുടങ്ങിയ എറണാകുളം, തിരുവനന്തപുരം പേജുകളാണ് റിപ്ലേ പോസ്റ്റിലൂടെ കൊമ്പുകോർത്ത് ‘സൈബർ യുദ്ധം’ ആദ്യം തുടങ്ങുന്നത്. എറണാകുളത്തിന്റെ പേജിൽ വരുന്ന പോസ്റ്റുകൾക്ക്, തിരുവനന്തപുരത്തിന്റെ റിപ്ലേ വന്നു തുടങ്ങി. ഫെബ്രുവരിയിലെ ഈ ഫൈറ്റ് ഒരാഴ്ചയോളമാണ് കത്തിനിന്നത്. ഇടുന്ന ട്രോളിൽ എതിരഭിപ്രായമുണ്ടെങ്കിൽ അതുകൂടി ചേർത്ത് എതിർ ട്രോൾ ഇറക്കുന്നതിനെയാണ് ‘റിപ്ലേ പോസ്റ്റ്’ എന്നു വിളിക്കുന്നത്. 
രണ്ടു മാസം കഴിഞ്ഞതും അടുത്ത ഫൈറ്റ് തുടങ്ങി. എന്നാൽ, അത് വേഗം കെട്ടണഞ്ഞു. മൂന്നാമത്തെ ഫൈറ്റാണ് ഏറ്റവും ശ്രദ്ധേയമായത്. എറണാകുളം ജില്ലയിലെ ചില പദ്ധതികൾ  ‘പത്മനാഭന്റെ രണ്ട് കിണ്ടി കൊടുത്താൽ കി​േട്ട്വാ’ എന്ന രീതിയിൽ തിരുവനന്തപുരത്തെ ട്രോളനിറക്കിയ തമാശ ട്രോൾ പിന്നീട് വലിയൊരു സൈബർ യുദ്ധത്തിലേക്ക് നീങ്ങി. രണ്ടു പേജിലും ഉള്ളവർ പരസ്പരം പോർവിളിച്ചു. കാര്യങ്ങൾ കൈവിട്ടുപോകും എന്നതായതോടെ അഡ്മിൻമാർ ചേർന്ന് പ്രശ്നം ഒത്തുതീർത്തു.
‘അതിരപ്പിള്ളി വെള്ളച്ചാട്ടം’ സ്ഥിതിചെയ്യുന്നത് എറണാകുളം ജില്ലയിലെ ചില പഞ്ചായത്തുകളുടെ പരിധിയിൽ കൂടിയാണെന്ന ട്രോൾ പോസ്റ്റ്, തൃശ്ശൂർ പേജും എറണാകുളം പേജും തമ്മിലുള്ള യുദ്ധത്തിനു കാരണമായി. ഒടുവിൽ അത് സന്ധിയിലെത്തിയെങ്കിലും ഇന്നും ആ പിണക്കം രണ്ടു കൂട്ടരിലുമുണ്ട്. 
മലബാർ സൈഡിലും ഉണ്ട് ചെറിയ ട്രോൾ ഫൈറ്റ്. മലപ്പുറവും കോഴിക്കോടും തമ്മിലാണിത്. വടക്കേ അറ്റത്തെ ട്രോളന്മാരായ ‘കെ.എൽ. 14’ ഇങ്ങനെയുള്ള വഴക്കിനൊന്നുമില്ല.

നാടിന്റെ 
വികസനത്തിനായി

ജില്ലയുടെ വികസനസ്വപ്നങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ കരുത്തേകുന്ന വേദിയാണ് ട്രോൾ എറണാകുളം. പല ആശയങ്ങളും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനും അവ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും ഈ പേജിന് സാധിച്ചിട്ടുണ്ട്. എറണാകുളം റെയിൽവേ മാർഷലിങ് യാർഡ് കേന്ദ്രികരിച്ചുള്ള കൊച്ചി സെൻട്രൽ ടെർമിനലും കേരള റെയിൽവേ സോണും ഇതിൽ പ്രധാനപ്പെട്ടവയാണ്. കൊച്ചി ഔട്ടർ ഹാർബർ, കൊച്ചി-വൈപ്പിൻ ടണൽ തുടങ്ങി നിരവധി പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നതിലും ട്രോളുകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജില്ലയിലെ അറിയപ്പെടാതെ കിടന്ന പല വിനോദസഞ്ചാര കേന്ദ്രങ്ങളും പുറംലോകത്തെ അറിയിക്കുന്നതിൽ പേജ് പ്രധാന പങ്കുവഹിച്ചു.

അഡ്മിൻമാരുടെ
സന്ധി

എറണാകുളം, ട്രിവാൻഡ്രം ട്രോൾ പേജുകൾ തമ്മിലുള്ള പ്രശ്നം പരിഹരിച്ചത് അഡ്മിൻമാരുടെ സമയോചിതമായ ഇടപെടലുകളാണ്. അഡ്മിൻമാർ തമ്മിൽ നല്ല കൂട്ടാണ്. പല കാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്. 
സ്ഥിരം പ്രശ്നക്കാരെ പേജിൽ നിന്ന് പുറത്താക്കുകയാണ് അഡ്മിൻമാർ ചെയ്യുന്നത്. ‘രാഷ്ട്രീയം, മതം തുടങ്ങിയ വിഷയങ്ങൾ ഗ്രൂപ്പിൽ പോലും അവതരിപ്പിക്കാൻ തങ്ങൾ അനുവദിക്കാറില്ല. ഗ്രൂപ്പിൽ അംഗങ്ങളിടുന്ന പോസ്റ്റിൽ നല്ലതെന്നു തോന്നുന്നവ മാത്രമേ പേജിലേക്ക് പരിഗണിക്കുയുള്ളൂ’ -അഡ്മിൻമാർ പറയുന്നു.

100 K പിന്നിട്ട് ട്രോൾ എറണാകുളം

കേരളത്തിലെ പ്രദേശിക ട്രോൾ പേജുകളിൽ അംഗങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം വാഴുന്ന പേജാണ് ട്രോൾ എറണാകുളം. പ്രദേശിക ട്രോൾ പേജുകളെ മുന്നിൽ നിന്ന് നയിച്ച ട്രോൾ എറണാകുളം ലക്ഷം ലൈക്കുകൾ എന്ന കടമ്പ കടന്നിരിക്കുകയാണ്. ജനുവരി 28ന് പ്രവർത്തനം തുടങ്ങിയ പേജ്, ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ പ്രദേശിക ട്രോൾ പേജാണ്. 180 ദിവസം മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ വേണ്ടിവന്നത്.  10 ലക്ഷത്തിലേറെ റീച്ചുള്ള ചുരുക്കം പേജുകളിൽ ഒന്നായ ട്രോൾ എറണാകുളം മലയാളത്തിലെ ഏറ്റവും വളച്ചയുള്ള ട്രോൾ പേജുമാണ്.  
 തൊട്ടു പിന്നിൽ എഴുപതിനായിരത്തിനു മുകളിൽ അംഗങ്ങളുമായി തൃശ്ശൂരുണ്ട്. പിന്നാലെ തിരുവനന്തപുരവും കൊല്ലവും.
 ലക്ഷം ലൈക്ക് നേടിയത്തിന്റെ ഭാഗമായി 13ന് ലുലു മാളിൽ വച്ച് ട്രോൾ എറണാകുളം അംഗങ്ങളുടെ സംഗമം നടത്തിയിരുന്നു. കൂടാതെ, ഒരുമാസം നീണ്ടു നിൽക്കുന്ന ട്രോൾ ലീഗും ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹികസേവന പരിപാടികളും ഇതുമായി ബന്ധപ്പെട്ട് നടക്കുകയാണ്.   ജില്ലയിലെ പ്രാദേശിക പേജുകളായ ട്രോൾ ആലുവ, ട്രോൾ അങ്കമാലി, ട്രോൾ മെട്രോ ഇടപ്പള്ളി, ട്രോൾ തൃപ്പൂണിത്തുറ, ട്രോൾ കളമശ്ശേരി തുടങ്ങി നിരവധി പേജുകളുടെ പിന്തുണയും ഇതിനുണ്ട്. 
ഷിനിൽ തുരുത്തുമ്മേൽ, അൽത്താഫ് കെ. ബഷീർ, ജസ്റ്റിൻ ജയൻ, ആഷിക് പാലയ്ക്കൽ തുടങ്ങിയവരാണ് ട്രോൾ എറണാകുളം പേജിന് നേതൃത്വം നൽകുന്നത്.

ട്രോൾ ലീഗിൽ 
മാറ്റുരയ്ക്കുന്ന ടീമുകൾ

വൈപ്പിൻ വാരിയർസ്, മുസിരിസ് ട്രോളേഴ്‌സ്(പറവൂർ), കളമശ്ശേരി കൊമ്പൻസ്, കിങ്‌സ് ഇടപ്പള്ളി, യുണൈറ്റഡ് കൊച്ചി, ട്രോളേഴ്‌സ് ഹബ്ബ് വൈറ്റില, റോയൽ ട്രോളേഴ്‌സ് തൃപ്പൂണിത്തുറ, കിങ്‌സ് ഓഫ് പിറവം, കൂത്താട്ടുകുളം കിടിലംസ്, മുവാറ്റുപുഴ മച്ചാൻസ്, കോതമംഗലം മണവാളൻസ്, കോലഞ്ചേരി തമ്പ്രാക്കൾ, കാക്കനാട് റോക്കിങ് മച്ചാൻസ്, ആലുവ ചാവേർസ്, അങ്കമാലി കട്ട ലോക്കൽസ്, കലൂർ കപ്പിത്താൻസ്, കടവന്ത്ര ക്രൂസഡേർസ്, അരൂർ ആചാര്യന്മാർ, ഇ.എൽ.പി.എച്ച് 40 പെരുമ്പാവൂർ, കാലടിക്കാരൻ.

 

എറണാകുളത്തിന്റെ
സംഭാവനകൾ

സ്ഥലപ്പേരുകളെ രസകരമായ ട്രോൾ രൂപത്തിൽ അവതരിപ്പിക്കുന്ന സ്ഥലപ്പേര് ട്രോൾ, സ്ഥലങ്ങളുടെ ഭാവങ്ങൾ കാണിക്കുന്ന എക്സ്‌പ്രഷൻസ് പോസ്റ്റ്, ട്രോൾ ലീഗ്, മറ്റു പേജുകളുമായി സഹകരിച്ച് മ്യൂച്വൽ പോസ്റ്റുകൾ തുടങ്ങിയവ ആദ്യമായി അവതരിപ്പിച്ചത് ട്രോൾ എറണാകുളമാണ്.
 ജില്ലാ-പ്രദേശിക പേജുകൾ തമ്മിലുള്ള സഹകരണത്തിന് ആരംഭം കുറിക്കാനും ഇതുവഴി കഴിഞ്ഞു.

 

ട്രോൾ എന്ന ബിസിനസ്

ട്രോളിനെ ചെറിയ കാര്യമായി കാേണണ്ട. ഇതിനു പിന്നിൽ വലിയ ബിസിനസ് ഒളിഞ്ഞിരിപ്പുണ്ട്. 
ബിസിനസ് രംഗത്തുള്ളവർ പലരും തങ്ങളെ ബന്ധപ്പെടാറുണ്ടെന്നാണ് പല അഡ്മിൻമാരും പറയുന്നത്. സിനിമാ മേഖലയിലുള്ളവർക്കും ട്രോളന്മാരെ വലിയ കാര്യമാണ്. 
ട്രോളിലൂടെ സിനിമയ്ക്ക് ലഭിക്കുന്ന പ്രമോഷനാണ് ഇതിനു കാരണം. എന്നാൽ, ജില്ലാ പേജുകൾ പൊതുവേ ഇതിന് വഴങ്ങാറില്ല.

വൺ സ്റ്റാർ കാമ്പയിനെന്ന 
വെല്ലുവിളി

ചില ജില്ലാ പേജുകൾ തങ്ങളുടെ പേജുകളിൽ കയറി ഒരു സ്റ്റാർ നൽകുന്നുവെന്നാണ് ട്രോൾ എറണാകുളം അഡ്മിൻ പറയുന്നത്. ഫെയ്സ്ബുക്കിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത് പേജിന്റെ റീച്ച് കുറച്ചു. ന്യൂസ് ഫീഡ് സെർച്ചിൽ വരാതെയുമുള്ള സാഹചര്യത്തിനും വഴിവെച്ചു. പേജിനുണ്ടായ റീച്ച് 20 ലക്ഷത്തിൽ നിന്നും 10 ലക്ഷത്തിലേക്ക് കുറഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത് എന്ന് ട്രോൾ എറണാകുളം അഡ്മിൻ ഷിനിൽ തുരുത്തുമ്മേൽ പറയുന്നു. മലപ്പുറം, കോഴിക്കോട് സ്ഥലങ്ങളിലുള്ളവരുടെ നല്ല പിന്തുണ പേജിന് ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കോക്കാച്ചിയും കിണ്ടിയും

ട്രോളന്മാരുടെ സംഭാവന ആയിരുന്നല്ലോ ‘കുമ്മനടി’യൊക്കെ. ഇതുപോലെ ഇരട്ടപ്പേര് ട്രോളന്മാർക്കും വീണുകിട്ടാറുണ്ട്. അങ്ങനെ എറണാകുളം ജില്ലക്കാർക്കു വീണ പേരാണ് ‘കോക്കാച്ചി’. കൊച്ചിയാകും കൊക്കാച്ചി ആയത് എന്നാണ് പറയുന്നത്.
 ‘പത്മനാഭന്റെ കിണ്ടി’യിൽ നിന്ന്‌ തിരുവനന്തപുരത്തെ ട്രോളന്മാർക്കു വീണ പേരാണ് ‘കിണ്ടി’. തൃശ്ശൂരുകാർ തങ്ങടെ ‘ഗഡി’ എന്ന പേരിൽ തൃപ്തരാണ്.