കഷണ്ടിക്ക് വെയിലേൽക്കാതിരിക്കാൻ വലിയ കാലൻകുടയുമായി ​െവെക്കം മുഹമ്മദ് ബഷീർ ഫാറൂഖ് കോളേജ് മൈതാനം മുറിച്ചുകടന്ന് നടന്നുപോകാറുണ്ടായിരുന്നു.  ഈ യാത്ര ഇടയ്ക്കിടെ ഉണ്ടാവും. പ്രീഡിഗ്രി വിദ്യാർഥിനിയായ മകൾ ഷാഹിനയെ കാണാൻ ലേഡീസ് ഹോസ്റ്റലിലേക്കുള്ള പോക്കാണ്. കോളേജിന് ഓടിട്ട കെട്ടിടങ്ങൾ ബാക്കിയുള്ള കാലം... ഗ്രൗണ്ടിൽ വിദ്യാർഥികളിൽ ചിലർ പിന്നാലെകൂടും. മുൻപരിചയത്തിന്റെ ബലത്തിലാണ് ഈ കടന്നാക്രമണം. പുള്ളിക്കാരൻ തമാശപറയുന്നതുപോലും ഗൗരവത്തിലായിരിക്കും. വല്ലോം നാലക്ഷരം പഠിക്കാൻ നോക്കെടാ പിള്ളാരെ എന്നൊക്കെ പറയുമെങ്കിലും പുതുതലമുറയുമായി ഇടപഴകുന്നത് ഇഷ്ടമായിരുന്നു സുൽത്താന്. കോഴിക്കോടിന്റെ തണൽതേടിയണഞ്ഞ എഴുത്തുകാരും കലാകാരൻമാരും മാത്രമല്ല സർക്കാർ ജീവനക്കാരും പിന്നീട് നാട്ടിലേക്കു മടങ്ങാറില്ലായിരുന്നു. എല്ലാവർക്കും അത്രമേൽ പ്രിയങ്കരമായ ഇടമായിരുന്നു  സത്യത്തിന്റെ തുറമുഖമെന്ന് അറബികൾ പുകഴ്ത്തിയ കോഴിക്കോട്... വിദ്യാർഥിജീവിതകാലത്ത് മൂന്നുതവണ മാത്രമാണ് ബേപ്പൂരിലെ വയലാലിൽ ബഷീറിനെ സന്ദർശിക്കാൻ പോയതെങ്കിലും ഓരോ യാത്രയും ഓർമകളാൽ സമൃദ്ധം. കരുവൻതിരുത്തിയിലെ വീട്ടിൽനിന്ന് തോണിതുഴഞ്ഞാണ് അക്കരെ ബേപ്പൂരിലേക്കു  പോകാറുള്ളത്. ചാലിയാർ കടലിൽ സംഗമിക്കുന്ന ബേപ്പൂരിൽ പുഴയ്ക്ക് വേഗവും ഒഴുക്കും താരതമ്യേന കൂടുതലാണ്. അപക്വതയുടെ അടയാളമായ കൊസറ ചോദ്യങ്ങൾക്കും ദേഷ്യമൊന്നും പ്രകടിപ്പിക്കാറില്ലായിരുന്നു സുൽത്താൻ. പങ്കജ് മല്ലിക്കിന്റെയും സൈഗാളിന്റെയും ഗാനങ്ങൾ ഇഷ്ടപ്പെടുന്ന അങ്ങേയ്ക്ക് പങ്കജ് ഉദാസിനോട് ഇത്ര ഇഷ്ടം തോന്നാൻ എന്താണു കാരണം എന്നുചോദിച്ചു. ബോംബെയിലെ വി.എം. കുട്ടിയല്ലേ പങ്കജ് എന്ന പരാമർശം അദ്ദേഹത്തെ ചൊടിപ്പിക്കുകതന്നെ ചെയ്തു. ശബ്ദത്തിലെ മെലഡിയാണ് തന്നെ ആകർഷിച്ചതെന്നും ഗായകന് ശബ്ദമാണു പ്രധാനമെന്നും  അതീവ ക്ഷമയോടെയാണ്  പറഞ്ഞുതന്നത്. 
നിരന്തരം ഇന്റർവ്യൂവിനിരയാകുന്നത് ആരോഗ്യത്തിന് ഹാനികരമല്ലേ എന്ന ചോദ്യം മന്ദഹാസത്തോടെ സ്വീകരിക്കുകയും ചെയ്തു.
ബഷീറിനെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവിതത്തിന്റെ കലാപരമായ എക്‌സ്റ്റെൻഷനായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യം. സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടി ചെറുപ്പത്തിലേ നാടുവിടേണ്ടിവന്നതിനാൽ കടന്നുപോയ അനുഭവങ്ങളുടെ ലോകം തന്നെ അതിശയകരമാണ്. ഉപജീവനാർഥം കള്ളനും മന്ത്രവാദിയും പോക്കറ്റടിക്കാരനും സംന്യാസിയും കപ്പൽത്തൊഴിലാളിയുമായി. ലോക്കപ്പ്‌ മർദനമേറ്റു, ജയിലിൽക്കിടന്നു. ചെയ്ത ജോലികളോടെല്ലാം പരമാവധി നീതിപുലർത്തുക അദ്ദേഹത്തിന്റെ ശൈലിയായിരുന്നു.
ബഷീറിന്റെ ലാളിത്യവും നർമവുമൊക്കെ ഏതൊരെഴുത്തുകാരനും വെല്ലുവിളിയാണ് ഇന്നും.
ബഷീറിനു ലഭിച്ചിരുന്ന മാധ്യമശ്രദ്ധ സാഹിത്യത്തിലെ സവർണലോബിയെ എന്നും  അസ്വസ്ഥമാക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ, അഭിമുഖങ്ങൾ, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ ഉപജീവിച്ചുള്ള ലേഖനങ്ങൾ എന്നിങ്ങനെ ബഷീറാശ്രയ സാഹിത്യം എന്നൊരു വിഭാഗംതന്നെ നിലനിന്നിരുന്നു. ജേണലിസം ട്രെയിനികളുടെയും കോളേജ് മാസികക്കാരുടെയുമെല്ലാം പ്രിയപ്പെട്ട ഇരയായിരുന്നു ബഷീർ. വൈലാലിൽ വീട്ടിലെ മാങ്കോസ്റ്റീൻ മരച്ചുവട്ടിൽ പതിവായി ഹാജരായിരുന്ന ചില സഹൃദയർ പിൽക്കാലം എഴുത്തുകാരായി രൂപാന്തരപ്പെട്ടിട്ടുമുണ്ട്. എഴുത്ത് ഏതാണ്ട് നിന്നുപോയ വയസ്സുകാലത്ത് ബഷീറിനെ സംബന്ധിച്ചിടത്തോളം ഈ കാഴ്ചകളെല്ലാം വെറും എന്റർടെയ്‌ൻമെന്റ് മാത്രമായിരുന്നു. നമ്മൾ കാരണം ആരെങ്കിലും ജീവിച്ചുപോവുന്നെങ്കിൽ ആയിക്കോട്ടെ എന്ന സൻമനസ്സുതന്നെയായിരുന്നു പ്രധാന പ്രചോദനം.
വലിയ എഴുത്തുകാരൻ എന്നതിനേക്കാൾ ബഷീറിന്റെ മാനുഷിക ഗുണങ്ങളാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്. ബോട്ടുജെട്ടിയിൽ ബുക്‌സ്റ്റാളുമായി എറണാകുളത്തും പോൾസ് ട്യൂട്ടോറിയൽ കോളേജ് വാർഡനായി കോട്ടയത്തും അതിനുമുമ്പുള്ള അലച്ചിലിന്റെ കാലത്തുമെല്ലാം മറ്റുള്ളവരെക്കുറിച്ച് വേദനിക്കുന്ന ഒരു മനസ്സ് അദ്ദേഹം സൂക്ഷിച്ചു. കഥകളിലെല്ലാം ഈ വേദന അന്തർധാരയായി വർത്തിക്കുന്നുണ്ട്. കോട്ടയത്തെ ബഷീർകാലം എൻ. ഗോപാലകൃഷ്ണൻ ഹൃദയസ്പർശിയായി അനുസ്മരിച്ചിട്ടുണ്ട്. എറണാകുളത്ത് പ്രസ്‌ ക്ളബ്ബ് റോഡിലെ പഴയ ദീപിക ഓഫീസിനടുത്ത് ഒന്നാം നിലയിലെ മുറിയിൽ എന്നും ശരണാർഥികളുണ്ടാകുമായിരുന്നു. അക്കാലത്തെ കടുത്ത ദാരിദ്ര്യത്തെക്കുറിച്ച് മിക്കവാറും കഥകളിൽ പരാമർശമുണ്ട്. പട്ടിണി കലാപ്രവർത്തനത്തിനു പ്രതിഫലമായിരുന്ന നാളുകളിൽ ഭക്ഷണത്തിനായും നാടുപറ്റാൻ വണ്ടിക്കാശിനുവേണ്ടിയും എറണാകുളത്തെത്തുന്ന എഴുത്തുകാരും സംഗീതജ്ഞരുമൊക്കെ ആശ്രയിച്ചിരുന്നത് ബഷീറിനെയായിരുന്നു. താൻ കഴിച്ചില്ലെങ്കിലും വിരുന്നുകാരനെ ഊട്ടാൻ ശ്രമിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റെത്. ബുക് സ്റ്റാളുകളൊന്നും ഇന്നത്തെപ്പോലെ വരുമാനമുണ്ടാക്കുന്ന ബിസിനസായിരുന്നില്ല. എം.എൻ. വിജയൻ തന്റെ ആത്മകഥയായ കാലിഡോസ്കോപ്പിലും ഈ എറണാകുളം കാലം അനുസ്മരിക്കുന്നുണ്ട്. സുഹൃത്തുക്കളെ കാണാനായി ഇടയ്ക്കിടെ കോഴിക്കോട്ടു വരുമായിരുന്നു. ഭാർഗവീനിലയവുമായി ബന്ധപ്പെട്ട് ഈ യാത്രകളുടെ എണ്ണം കൂടി. പുതിയറയിലെ എസ്.കെ. പൊറ്റെക്കാട്ടിന്റെ വീടായ ചന്ദ്രകാന്തമായിരുന്നു പ്രധാനതാവളം. ഒന്നാന്തരമായി പാചകം ചെയ്യുമായിരുന്ന  ബഷീറിന്റെ ബിരിയാണി തിന്നാനും സൊറയിൽ പങ്കാളികളാകാനും എഴുത്തുകാരുടെയും സഹൃദയരുടെയും സംഘങ്ങൾ എപ്പോഴും ഉണ്ടാകുമായിരുന്നു. സുഹൃത്തും ഈ 
സംഘത്തിലെ അംഗവുമായിരുന്ന കൊളത്തറയിലെ മുല്ലവീട്ടിൽ അബ്ദുറഹ്മാനാണ് തന്റെ കുടുംബത്തിൽ നിന്നുതന്നെ ബഷീറിനൊരു കല്യാണാലോചന കൊണ്ടുവന്നത്. പ്രായം തെറ്റിയതിനാൽ വിവാഹം വേണ്ട എന്ന നിലപാടിലായിരുന്നു. ഉത്തമശിഷ്യൻ വി.കെ.എന്നും മറ്റും ചേർന്ന് ഗുരുവിനെ ബ്രെയിൻവാഷ് ചെയ്തെടുക്കുകയും ഒടുവിൽ കല്യാണം ഒരു യാഥാർഥ്യമായി പരിണമിക്കുകയും ചെയ്തു. ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന അബ്ദുറഹ്മാൻ മിഠായിത്തെരുവിലെ വീറ്റ് ഹൗസ് ഹോട്ടലിൽ ഉണ്ടായ ഒരു ചീട്ടുകളിത്തർക്കത്തിനിടെ സുഹൃത്തായ മൊയ്തീൻ സ്രാങ്കിന്റെ കത്തിക്കിരയായത് ഈ കൂട്ടായ്മക്കേൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു.
മഹാനായ എഴുത്തുകാരന്  വലിയ മനുഷ്യനാവാനും കഴിയും എന്നാണ് ബഷീർ തന്റെ ജീവിതത്തിലുടനീളം തെളിയിച്ചത്. കേരളത്തെ സംബന്ധിച്ചിടത്തോളം അപരിചിതമായ കാര്യമായിരുന്നു ഇത്. എഴുത്തുകാർ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെപ്പോലെ എഴുന്നള്ളിക്കപ്പെടേണ്ടവരാണെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. എഴുപതുകൾക്കുശേഷം കടന്നുവന്ന എഴുത്തുകാരിൽ വലിയൊരു പങ്ക് അവനവൻ കടമ്പ കടക്കാൻ കഴിയാത്തവരാണ്. സ്വന്തം സൃഷ്ടികളെക്കുറിച്ചൊക്കെ നിർത്താതെ പറഞ്ഞുകൊണ്ടിരിക്കുന്നത് മനോരോഗമാണെങ്കിൽ മലയാളത്തിലെ വലിയൊരു വിഭാഗം എഴുത്തുകാർക്ക് ഈ രോഗമുണ്ട്. ഏണസ്റ്റ് ഹെമിങ്‌ വേയെപ്പോലുള്ള മഹാന്മാരായ എഴുത്തുകാർ അഭിമുഖസംഭാഷണങ്ങളിൽപ്പോലും സ്വന്തം കഥകളെക്കുറിച്ചു സംസാരിക്കാൻ വിമുഖരായിരുന്നു. രണ്ട് എഴുത്തുകാർ കണ്ടുമുട്ടുമ്പോഴുള്ള ആത്മസംഘർഷങ്ങളെ ‘ഒരു സുന്ദരസന്ധ്യയിൽ’ എന്ന കഥയിൽ സക്കറിയ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. 
പാചകം ഒരു കലയാണെന്നു വിശ്വസിച്ചിരുന്ന ആളാണ് ബഷീർ. എഴുത്തിനു പുറമേ മാജിക്, കൺകെട്ട് ഉൾപ്പടെയുള്ള കലകളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ‘സുൽത്താൻ പറഞ്ഞ കഥകൾ’ എന്ന പുസ്തകത്തിൽ ഗുരുവിൽനിന്ന് മാജിക് പഠിച്ചതിനെക്കുറിച്ച് പ്രിയശിഷ്യൻ ടാറ്റാപുരം ഹൈദരലി പരാമർശിക്കുന്നുണ്ട്. പരിചയപ്പെടുന്ന ഏതൊരാളോടും സമഭാവനയോടെ പെരുമാറാൻ ബഷീറിനു കഴിഞ്ഞിരുന്നു എന്നത് അദ്ദേഹത്തിന്റെ മഹത്ത്വം തന്നെയാണ്. കത്തയക്കുന്ന ഓരോരുത്തർക്കും അവസാനകാലംവരെ സ്വന്തം കൈപ്പടയിൽ മറുപടിയയക്കാനും  അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സന്ദർശകരെ പട്ടിയെവിട്ടു കടിപ്പിക്കുന്നവർക്കിടയിലെ ഈ മാന്യത പലപ്പോഴും തിരിച്ചറിയപ്പെട്ടില്ല. 
ബഷീറിന്റെ മതസങ്കല്പംപോലും വ്യത്യസ്തമായിരുന്നു. അന്ത്യനാളുകളിൽ അദ്ദേഹത്തെ ഹൈജാക്ക് ചെയ്യാൻ ചില മൗലികവാദസംഘടനകൾ തീവ്രമായി ശ്രമിച്ചിട്ടും സാധിക്കാതെപോയത് അതുകൊണ്ടാണ്. 
സാഹിത്യത്തിന്റെ വെളിമ്പറമ്പുകളിൽപ്പോലും സ്ഥാനമില്ലാതിരുന്ന മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും നാടൻപണിക്കാരായ അധഃകൃതരുമൊക്കെ കഥകളിലും നോവലുകളിലും സ്ഥാനംപിടിക്കാൻ തുടങ്ങിയത് ബഷീറും പൊൻകുന്നം വർക്കിയും കേശവദേവുമൊക്കെ എഴുതിത്തുടങ്ങിയപ്പോഴാണ്. സാഹിത്യത്തിലെ സവർണലോബിയെ അസ്വസ്ഥമാക്കിയ രചനകൾ നിർവഹിച്ച എഴുത്തുകാരായിരുന്നു ഇവർ. ഇതു സാഹിത്യമേലാളന്മാരെ ചൊടിപ്പിച്ചു. അതിന്റെ ഭാഗമായി സംഘടിതമായ ആക്രമണങ്ങളുണ്ടായി. അവാർഡുകളിൽനിന്ന് അകറ്റിനിർത്തപ്പെട്ടു. മലയാള സാഹിത്യത്തിലെ ബഷീറിന്റെ ഗോപുരസമാനമായ സാന്നിധ്യം അദ്ദേഹം എഴുതിയ കാലത്തും അതിനുശേഷവും സാഹിത്യപ്രഭുക്കളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടന്ന ആക്രമണങ്ങളെ ചെറുത്തത് ഉത്‌ബുദ്ധരായ വായനക്കാർതന്നെയാണ്. വലിയ എഴുത്തുകാർ വായനക്കാരുടെ മനസ്സിലാണ് ജീവിക്കുന്നതെന്ന്‌ വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയായിരുന്നു.
hassankoy@gmail.com