ഇന്നത്തെ നാഗരിക സമൂഹത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദം തുടങ്ങിയവയിൽ നിന്നുള്ള രോഗവിമുക്തിക്ക് വേണ്ടി അത്യധികം ഉത്കണ്ഠാകുലരായ സമൂഹം, താരതമ്യേന എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതും എന്നാൽ ചിലപ്പോൾ മാരകമായേക്കാവുന്ന ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻ ഗുനിയ, മലേറിയ എച്ച്.1 എൻ1 എന്നീ പകർച്ചവ്യാധികളെപ്പറ്റി വേണ്ടത്ര ബോധവാന്മാരാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

എന്താണ് ഡെങ്കിപ്പനി? 
ഈഡിസ് കൊതുകിലൂടെ മനുഷ്യരിലേക്ക് പകരുന്ന അസുഖമാണ് ഡെങ്കിപ്പനി. അതായത് ഈ കൊതുകില്ലെങ്കിൽ ഡെങ്കിപ്പനി ഇല്ലായെന്നർഥം. 
പേരിന്റെ ഉത്ഭവം: പേരിന്റെ ഉത്ഭവത്തെപ്പറ്റി അന്വേഷിക്കുമ്പോൾ നാം ചെന്നെത്തുന്നത് സ്പാനിഷ് ഭാഷയിലെ ഡിങ്ക എന്ന വാക്കിലാണ്. ഈ പദം സൂചിപ്പിക്കുന്നത് കടുത്ത ശരീരവേദനയാൽ കഷ്ടപ്പെടുന്ന ഒരാളിന്റെ നടത്തരീതിയെയാണ്. ഈ രോഗത്തിന്റെ മറ്റുപേരുകളായ ബ്രെയ്ക്‌ബോൺ ഫീവർ, ഡാൻസി ഫീവർ എന്നിവയും ഈ നിഗമനത്തെ ന്യായീകരിക്കുന്നു. 
ചരിത്രം : ഡെങ്കി പകർച്ചപ്പനിയായി അംഗീകരിക്കപ്പെട്ടതായി കാണുന്നത് 1780 കളിലാണ്. ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും പ്രത്യക്ഷപ്പെട്ട ഡെങ്കിപ്പനി 1779 ലാണ് തിരിച്ചറിയപ്പെട്ടത്. 1789- ൽ ബെഞ്ചമിൻ റഷ് ഡെങ്കിപ്പനിക്ക് വേദനയുടെ കാഠിന്യത്തെ പരിഗണിച്ച് Break bone fever എന്ന് പേർ നൽകി. 
ഡെങ്കിപ്പനിയുടെ അണുക്കളെ കൊണ്ടുവരുന്നത് കൊതുകുകളാണ് എന്ന് കണ്ടെത്തിയത് 20-ാം നൂറ്റാണ്ടിലാണ്. ഇന്ന് ഏകദേശം 40% ലോകജനത ഈ രോഗത്തിന്റെ പരിധിയിലാണ്.
ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി റിപ്പോർട്ടു ചെയ്യപ്പെട്ടത് 1956 ലാണ്. 1963 ൽ കൊൽക്കത്തയിൽ ഡെങ്കിപ്പനി ഒരു പകർച്ചവ്യാധിയായി പൊട്ടിപ്പുറപ്പെടുകയും 30% ആളുകൾ തീർത്തും ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. പിന്നീട് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. 
കേരളത്തിൽ രോഗവ്യാപ്തി : 2017 മേയ് മുതൽ ജൂൺ 30 വരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ മാത്രം 3000 രോഗികളാണ് ഈ പനിക്ക് ചികിത്സ തേടിയത്. മറ്റ് ജില്ലകളിൽ പ്രത്യേകിച്ചും തിരുവനന്തപുരത്ത് ഇതിലും കൂടുതൽ രോഗികൾ ചികിത്സ തേടിയിട്ടുണ്ട്. കൃത്യമായ കണക്കുകൾ ലഭിക്കുന്നതേ ഉള്ളൂ. 
ഡെങ്കിപ്പനി ഉണ്ടാക്കുന്ന രോഗാണു: ഇതിന്റെ രോഗാണു ഒരുതരം വൈറസ് ആണ്. ഈ വൈറസുകൾ നാല്‌ വിധമുണ്ട്. ടൈപ്പ് ഒന്ന്, ടൈപ്പ് രണ്ട്, ടൈപ്പ് മൂന്ന്, ടൈപ്പ് നാല്. ടൈപ്പ് ഒന്നിലൂടെ 
രോഗബാധിതനാവുന്ന ഒരാൾക്ക് ആ ടൈപ്പിലൂടെ പിന്നീട് രോഗം വരാറില്ല. എന്നാൽ ഇങ്ങനെ രോഗവിമുക്തിനേടിയ ഒരാൾക്ക് അടുത്തവർഷം വേറെ ടൈപ്പിലൂടെ രോഗം വന്നു കൂടായ്കയില്ല. 
അപ്പോൾ രോഗം സങ്കീർണമായേക്കാം. എന്നാൽ ഒരിക്കൽ അസുഖം വന്നാൽ മൂന്നോ നാലോ മാസത്തേക്ക് മറ്റൊരു ടൈപ്പിലൂടെയും രോഗബാധ ഉണ്ടാവുന്നില്ല. 
രോഗം പരത്തുന്ന കൊതുകുകൾ : ഈഡിസ് പെൺകൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. രോഗബാധിതനായ ഒരാളെ കടിക്കുന്ന ഈഡിസ് കൊതുക് ഈ വൈറസിന്റെ വാഹകയാകുന്നു. 
പകൽ സമയത്താണ് ഇവ മനുഷ്യനെ കടിക്കുന്നത്. എന്നാൽ ഇവയ്ക്ക് 400 മീറ്റർ ദൂരം വരെ മാത്രമേ പറന്നെത്താൻ കഴിയൂ. ഇവ മറ്റു ജീവികളുടെ രക്തത്തെക്കാൾ മനുഷ്യരക്തമാണ് ഇഷ്ടപ്പെടുന്നത്. ഇവ ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. എട്ടോ പത്തോ കടികളിലൂടെ മാത്രമേ മുട്ടയിടാൻ ആവശ്യമായരക്തം ഇവയ്ക്ക് ലഭ്യമാവുകയുള്ളൂ. വളരെ കുറച്ചു വെള്ളം മാത്രമേ (മൂന്ന് മില്ലിലിറ്റർ) ഇവയ്ക്ക് മുട്ടയിടുവാൻ ആവശ്യമുള്ളൂ. ഈ മുട്ടകൾ ഒരുവർഷംവരെ വെള്ളമില്ലെങ്കിലും നശിക്കുകയില്ല. സിക്കാഫീവർ, ചിക്കുൻഗുനിയ, മഞ്ഞപ്പനി (yellow fever) എന്നീരോഗങ്ങളും ഈഡിസ് കൊതുകാണ് പരത്തുന്നത്. 15 ദിവസമാണ് ഇതിന്റെ ആയുസ്സ്. മഞ്ഞപ്പനി ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ആശ്വസിക്കാം. 
രോഗബാധ : കൊതുകുകടിയിലൂടെ ഒരാളിൽ പ്രവേശിക്കുന്ന വൈറസ് ക്രമാതീതമായി പെരുകുന്നു. ഇതിനെ വൈറീമിക് ഫെയ്‌സ് (Viremic phase)എന്നു പറയുന്നു. 
ഇതിന്റെ ഫലമായി ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡികൾ ചില സങ്കീർണതകൾ ഉണ്ടാക്കുന്നു. രക്തക്കുഴലുകൾക്ക് സാരമായ തകരാറുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി രക്തക്കുഴലുകളിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങാൻ തുടങ്ങുന്നു. ഇത് രോഗത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു. 
രോഗലക്ഷണങ്ങൾ : ശക്തമായ പനി (2 മുതൽ 7 ദിവസം വരെ), ശക്തമായ തലവേദന, ശരീരവേദന, സന്ധിവേദന, കൈകളിലും കാലുകളിലും ചുകന്ന പാടുകൾ, കണ്ണ് ചുവന്നുവരൽ, ഓക്കാനം, ഛർദി എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങൾ.

രോഗനിർണയം
പനി തുടങ്ങി രണ്ട് ദിവസത്തിനുള്ളിൽ തന്നെ രോഗിയുടെ രക്താണുക്കളുടെ സംഖ്യയിൽ മാറ്റം വരുന്നു. രക്തം കട്ടപിടിക്കുന്നതിനാവശ്യമായ പ്ലേറ്റ്‌ലറ്റുകളുടെയും രോഗപ്രതിരോധത്തിനു സഹായിക്കുന്ന ശ്വേതരക്താണുക്കളുടെയും അളവ് കുറഞ്ഞ് തുടങ്ങുന്നു. ലളിതമായ പരിശോധനയിലൂടെ ഇത് കണ്ടെത്താവുന്നതാണ്.
Liver function test: SGOT, SGPT എന്നിവ ക്രമാതീതമായി വർധിക്കുന്നു.
NSI ELISA, IgM Assay എന്നീ പരിശോധനകൾ രോഗബാധ കണ്ടെത്താൻ സഹായകമാണ്.

പ്രതിരോധ മാർഗങ്ങൾ
കൊതുകുനിവാരണം
ഡ്രൈഡേ ആചരിക്കൽ
ഒരു പ്രത്യേക ദിവസം ഒരു പ്രദേശത്തെ ആളുകൾ അവിടെയുള്ള കൊതുകുകൾ തങ്ങാൻ സാധ്യതയുള്ള എല്ലാ വെള്ളക്കെട്ടുകളും ഒഴിവാക്കണം. റെസിഡന്റ്സ് അസോസിയേഷനുകൾ ഈ കാര്യം ശ്രദ്ധിക്കണം.വീടിനകത്തും പുറത്തുമുള്ള ചിരട്ടകൾ, പൂച്ചട്ടിയിലെ വെള്ളം, ചെറിയ അടപ്പുകൾ, സ്ലാബുകളിൽ കെട്ടി നിൽക്കുന്ന വെള്ളം എന്നിവ ഒഴിവാക്കുക. ഈഡിസിനു വളരാൻ 3 മി: ലിറ്റർ വെള്ളം മതി. Mosquito repellents ഉപയോഗിച്ചാൽ ഒരു പരിധി വരെ കൊതുകുകളെ അകറ്റാം.
കുട്ടികളെ കളിക്കാൻ വിടുമ്പോൾ കൈകാലുകൾ മൂടുന്ന വസ്ത്രങ്ങൾ ധരിപ്പിക്കാൻ ശ്രദ്ധിക്കുക. കൊതുകു വലകൾ ഉപയോഗിക്കുക. അസുഖം വന്ന രോഗികളെ കൊതുകുവലയിൽ കിടത്തുക. 
ശരീരത്തിൽ (Mosquito repellents) പുരട്ടുക. വാതിലുകൾക്കും ജനവാതിലുകൾക്കും വലയിടുക. 

പ്രതിരോധ വാക്സിൻ
ഡെങ്കിപ്പനിക്കുള്ള പ്രതിരോധ വാക്സിൻ ആഗോളതലത്തിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഇതേപ്പറ്റിയുള്ള പഠനങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതിന്റെ ഫലപ്രാപ്തി ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്. 

മിഥ്യാധാരണകൾ
പപ്പായ ഇല, പപ്പായസത്ത് തുടങ്ങിയവ ഡെങ്കിപ്പനിയുടെ ചികിത്സയിൽ ഫലപ്രദമെന്ന് തെളിയിക്കുന്ന പഠനങ്ങളൊന്നും തന്നെയില്ല. ഇവ മിക്കപ്പോഴും ഗുണത്തെക്കാളധികം ദോഷമുണ്ടാക്കിയേക്കാം.
കിവി, അനാർ തുടങ്ങിയ ഫലങ്ങളും പ്ലേറ്റ് ലെറ്റ് കൗണ്ട് കൂട്ടുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങൾ ഉണ്ടായിട്ട് കൂടി ഓരോ മഴക്കാലത്തും കേരളം പനിച്ചൂടിൽ വിറയ്ക്കുന്നുണ്ടെങ്കിൽ, പ്രതിസ്ഥാനത്ത് നാം നിർത്തേണ്ടത് ബോധവത്കരണത്തിന്റെ കുറവിനേയും വികലമായ ശുചിത്വ ബോധത്തിനേയുമാണ്. ഡെങ്കി പോലെയുള്ള സാംക്രമിക രോഗങ്ങൾ വ്യക്തിയുടെയല്ല, സമൂഹത്തിന്റെ ആതുരാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. അത്കൊണ്ട് തന്നെ കൂട്ടായ പ്രതിരോധമാണ് ചികിത്സയായി വേണ്ടത്.

ചികിത്സ
എല്ലാ രോഗികൾക്കും പരിപൂർണ വിശ്രമം ആവശ്യമാണ്. പനിയുള്ളപ്പോൾ നനഞ്ഞ തുണികൊണ്ട് ദേഹം മുഴുവനും തുടയ്ക്കാവുന്നതാണ്. പാരസെറ്റമോളും പനി നിയന്ത്രിക്കാൻ സഹായിക്കുന്നു. 
പ്രഷർ കുറയുന്ന രോഗികൾക്ക്  ഫ്ളൂയിഡ് ധാരാളമായി നൽകണം. ഡെങ്കിഹമറേജിക് ഫീവർ, ഡെങ്കിഷോക്ക് സിൻഡ്രാം എന്നീ മാരകമായ അവസ്ഥകളിൽ പ്ലേറ്റ്‌ലറ്റ് 10,000 ൽ താഴെ കൗണ്ടുള്ളപ്പോൾ FFP എന്നിവയും നൽകാറുണ്ട്. 
പനി ഇല്ലാത്ത 24 മണിക്കൂറുകൾക്കുശേഷം പ്ലേറ്റ് ലറ്റ്‌ കൗണ്ട് 50,000- ന്‌ മുകളിലായാൽ രോഗികൾക്ക് വീട്ടിലേക്ക് പോകാം. 
ഡെങ്കി ഹെമറേജിക് ഫീവർ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നീ ഗുരുതരമായ അവസ്ഥകളിലേക്ക് രോഗം മൂർച്ഛിക്കാൻ സാധ്യത ഉണ്ട്. ഇത്തരം സാഹചര്യങ്ങളിൽ രോഗിക്ക് രക്തസ്രാവം തടയാൻ പ്ലേറ്റ്‌ലറ്റ് PRP, എഫ്.എഫ്.പി. (FFP) എന്നിവ നൽകേണ്ടി വരും.
എല്ലാ രോഗബാധിതർക്കും പ്ലേറ്റ്‌ലറ്റ് കയറ്റേണ്ട കാര്യമില്ല. സാധാരണ പ്ലേറ്റ്‌ലറ്റ് കൗണ്ട് ഉള്ളവർക്ക് വരെ ചിലപ്പോൾ രക്തസ്രാവമുണ്ടായേക്കാവുന്നതാണ്. 
പ്ലേറ്റ്‌ലറ്റ്‌ കയറ്റി കൗണ്ട് കൂട്ടുകയല്ല ചികിത്സയുടെ ലക്ഷ്യം. 
പ്ലേറ്റ്‌ലറ്റ് (PRP) ആർക്കെല്ലാം 
ആവശ്യമുണ്ട്?
 20000 താഴെ കൗണ്ട് ഉള്ളവർ. 
  രക്തസ്രാവത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നവർ 
ആർക്കെല്ലാം തീവ്രപരിചരണം ആവശ്യമുണ്ട്?
  ശക്തമായ ഛർദി, വയറുവേദന 
  പ്രഷർ കുറയൽ 
  രക്തസ്രാവത്തിന്റെ ലക്ഷണങ്ങൾ 
  മൂത്രത്തിന്റെ അളവു കുറയൽ, അപസ്മാരം, കറുത്ത മലം പോകൽ. 
ആർക്കെല്ലാം വീട്ടുചികിത്സ സാധ്യമാകും?
പ്ലേറ്റ്‌ലറ്റ് കൗണ്ട് ഒരു ലക്ഷത്തിൽ കൂടുതൽ രോഗം സ്ഥിരീകരിച്ചവർക്ക് ആസ്പത്രിവാസം ആവശ്യമില്ല. ഇവർ അടുത്തുള്ള ലാബിൽനിന്ന് രണ്ടു ദിവസം  ഇടവിട്ട് PLC (പ്ലേറ്റലറ്റ് കൗണ്ട്)
പരിശോധിക്കണം. 50000-ൽ കുറവുണ്ടെങ്കിൽ ഉടൻതന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

 ലേഖകൻ കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ്‌ പ്രൊഫസ്സറാണ്‌