ഒരു കരിയർ കൗൺസിലിങ് പരിപാടിക്കിടെ മൂന്നാംവർഷ എൻജിനീയറിങ് വിദ്യാർഥിയായ ഒരു ആൺകുട്ടിയുമായി സംസാരിക്കാനിടയായി. ഉപരിപഠനത്തിന്റെ കാര്യത്തിൽ എടുത്ത തീരുമാനം (എൻജിനീയറിങ്) ശരിയായിരുന്നോ എന്ന സംശയം അവനുണ്ടായിരുന്നു. ആ സംശയത്തെ ദൂരീകരിക്കാനായിരുന്നു അവനെത്തിയത്. അവന് ഇഷ്ടമുള്ള കാര്യമല്ല ഇപ്പോൾ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലും അതിൽ വിജയിക്കാനും സാധിക്കില്ല ഈ ചിന്ത അവനിൽ ശക്തമായിരുന്നു. സംഭാഷണം തുടർന്നപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. തിരഞ്ഞെടുത്തിരിക്കുന്ന എൻജിനീയറിങ് ശാഖയുടെ ജോലി സാധ്യതയെക്കുറിച്ച് അവനോ മാതാപിതാക്കൾക്കോ വലിയ ധാരണയുണ്ടായിരുന്നില്ല. എങ്ങനെയാണ് ഈ വിഷയം തിരഞ്ഞെടുത്തതെന്ന് ചോദിച്ചപ്പോൾ വ്യത്യസ്തതയുള്ള കോഴ്‌സായി തോന്നിയതു കൊണ്ടാണ് എന്നായിരുന്നു അവന്റെ മറുപടി. അവന്റെ മാതാപിതാക്കളോട് ചോദിച്ചപ്പോൾ ഞങ്ങളുടെ ഇഷ്ടം കുട്ടിക്കുമേൽ അടിച്ചേൽപിക്കാൻ ശ്രമിച്ചില്ല. അവന്റെ താത്പര്യം എന്തോ അതു തന്നെയാകട്ടെ എന്നായിരുന്നു ഞങ്ങളുടെ നിലപാടെന്ന് അവരും മറുപടി പറഞ്ഞു. ഏതു തൊഴിൽ മേഖല തിരഞ്ഞെടുക്കണമെന്നതിനെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അധികാരം കുട്ടികൾക്ക് നൽകുന്നത് നല്ലതു തന്നെ. എന്നാൽ എങ്ങനെയാണ് തീരുമാനങ്ങളെടുക്കേണ്ടത്? അവയുടെ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടതില്ലേ? ഇത്തരം കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെന്ന് നിങ്ങൾ വിചാരിക്കുന്നില്ലേ? 
മറ്റൊരു സംഭവത്തെക്കുറിച്ചുകൂടി സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. കുറച്ച് ആഴ്ചകൾക്കുമുമ്പ് നടന്ന ഇന്റർ മെഡിക്കോസിസ് ഓൾകേരള മെഡിക്കൽ കോളേജ് യൂത്ത് ഫെസ്റ്റിവലിന്റെ വിധികർത്താക്കളിൽ ഒരാളായിരുന്നു ഞാൻ. ഇന്ത്യൻ ഫാസിസം യാഥാർഥ്യമാണോ എന്നതായിരുന്നു ഡിബേറ്റിന്റെ വിഷയം. നമ്മുടെ യുവഡോക്ടർമാർ ആ വിഷയത്തെ ക്കുറിച്ച് സംസാരിക്കുന്ന രീതി എന്നെ ആശ്ചര്യപ്പെടുത്തി. ഇരുപക്ഷത്തിന്റെയും പ്രകടനം നന്നായിരുന്നു. പരിപാടി നന്നായി അവസാനിച്ചു. എന്നാൽ പതിവുപോലെ എനിക്ക് ചിന്തിക്കാനുള്ള ഒരു വക അവശേഷിപ്പിച്ചായിരുന്നു പരിപാടി പൂർത്തിയായത്. ഇന്ത്യയിൽ ഫാസിസത്തിന്റെ സൂചനകൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ അത് സ്വാഭാവികമായി രൂപപ്പെട്ടതു തന്നെയല്ലേ? അതിനെ പ്രതിരോധിക്കാനും ശരിയാംവിധം കൈകാര്യം ചെയ്യാനും പാകത്തിലുള്ള നേതൃനിരയും ഊർജവും നമുക്കുണ്ടോ?  കുഞ്ഞുങ്ങളിലെ നേതൃത്വപാടവത്തെ നമ്മളിൽ എത്രപേർ പ്രോത്സാഹിപ്പിക്കാറുണ്ട്? മത്സരത്തിനും വിജയത്തിനും അപ്പുറം ഒരു ടീമായി പ്രവർത്തിക്കാൻ നാം കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടോ? രാജ്യത്തെ അഴിമതിയെയും രാഷ്ട്രീയക്കാരിലെ കള്ളനാണയങ്ങളെയും കുറ്റപ്പെടുത്താൻ നാം പലപ്പോഴും മുന്നിട്ടിറങ്ങാറുണ്ട്. ഇതിനൊക്കെ മാറ്റം വേണമെന്ന് ആവശ്യപ്പെടാറുമുണ്ട്. എന്നാൽ മാറ്റത്തിന്റെ പ്രയോക്താക്കളാകാൻ നമ്മിൽ എത്ര പേർ കുഞ്ഞുങ്ങളെ അനുവദിക്കും? മക്കൾ ബഹുരാഷ്ട്ര കമ്പനിയുടെ തലവന്മാരാകുന്നതിനേക്കാൾ രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമുള്ള നേതൃപദത്തിലെത്താൻ എത്രപേർ ആഗ്രഹിക്കും? 
വിവിധപ്രായത്തിലുള്ള കുട്ടികളുടെ മാതാപിതാക്കളുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങളും ഞാൻ അവരോട് നടത്തിയ സംഭാഷണങ്ങളെക്കുറിച്ച് എന്നെ ഓർമപ്പെടുത്തി. അവ ചില നിഗമനങ്ങളിലേക്ക് എന്നെ നയിച്ചു. 
പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടുക. ഇതു മാത്രമാണ് ഉയർന്ന വിദ്യാഭ്യാസ നിലവാരത്തിന്റെ സൂചനയെന്നാണ് രാജ്യത്തെ അധികം വിദ്യാഭ്യാസസ്ഥാപനങ്ങളും വിശ്വസിക്കുന്നത്. എന്നാൽ ചോദ്യമിതാണ്‌ പഠനശേഷം നിങ്ങളുടെ കുട്ടി പ്രാപ്തരാകേണ്ടത് എന്തിനു വേണ്ടിയാണ്?  ഉയർന്ന ഡിഗ്രികൾ കരസ്ഥമാക്കണോ? തൊഴിൽ ചെയ്യാനുള്ള കഴിവുള്ളവരാകണോ, സാമൂഹിക വൈകാരിക പക്വതയുള്ളവരാകണോ? അതോ ജീവിതത്തെ പ്രായോഗികമായി കൈകാര്യം ചെയ്യാൻ കഴിവുള്ളവരാകണോ? എന്റെ വ്യക്തിപരമായ അഭിപ്രായം ഇതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുക. അപ്പോൾ മാതാപിതാക്കൾക്ക് മറ്റു ചില കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് അറിവു പകർന്നു നൽകാൻ കഴിയും. അവ ഇതൊക്കെയാണ്; വിമർശനാത്മകമായി ചിന്തിക്കുക, തീരുമാനങ്ങൾ കൈക്കൊള്ളുക, വ്യക്തിശുചിത്വം പാലിക്കുക, മാറ്റങ്ങളെ അംഗീകരിക്കാൻ പ്രാപ്തരാക്കുക, വൈകാരിക പക്വതയുള്ളവരാക്കുക, സമ്മർദത്തെ അതിജീവിക്കുക, പാചകം ഉൾപ്പെടെയുള്ള വീട്ടുകാര്യങ്ങളെക്കുറിച്ച് പഠിക്കുക, ബാങ്കിങ്, അവനവന്റെ ചുറ്റുപാടിനെയും പരിസരത്തെക്കുറിച്ചും ഒക്കെ കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കുക. 
പാലക്കാട്ടുനിന്നുള്ള മാതാപിതാക്കളായ ഗോപാലകൃഷ്ണനെക്കുറിച്ചും വിജയലക്ഷ്മിയെ ക്കുറിച്ചും നിങ്ങൾ കേട്ടിട്ടുണ്ടാവും. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അവർക്ക് വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവർ അവരുടെ ഏകമകനെ സ്കൂളിൽ അയച്ചില്ല. പകരം ജീവിതത്തിൽ വിജയം നേടാനുള്ള പ്രായോഗിക പരിശീലനമാണ് അവനു നൽകിയത്. തീർത്തും അഭിനന്ദനാർഹമായ നടപടിയാണ് അവരുടെത്. 
സ്ഥിരംശൈലികളെ തകർത്തെറിഞ്ഞ് മുന്നേറാനുള്ള ധൈര്യം ഒരുപക്ഷേ എല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. പകരം വ്യത്യസ്ത ശൈലികളുടെ സത്ത കുഞ്ഞുങ്ങൾക്ക് പകർന്നു നൽകിയാലും മതിയാകും. ജീവിതരീതികൾ പഠിപ്പിക്കുക അല്ലെങ്കിൽ ജീവിക്കാൻ പഠിപ്പിക്കുക എന്ന പേരിൽ കുട്ടികൾക്കുമീതെ അമിത സമ്മർദം ഏർപ്പെടുത്തണമെന്നല്ല ഉദ്ദേശിച്ചത്. പകരം ഉദാഹരണങ്ങളിലൂടെ കുട്ടികൾക്ക് കാര്യം പറഞ്ഞു കൊടുക്കാം. അത് പിന്നീട് അവരിൽ ശീലമായി മാറുകയും ചെയ്യും. ജീവിതവിജയത്തിന് അനിവാര്യമായ രീതികളെ ക്കുറിച്ച് വരുംആഴ്ചകളിലെ ലേഖനങ്ങളിൽ.