വെളിച്ചംതേടി വന്നവര്‍

എണ്ണയുടെ മണംപരന്ന, ചക്കിന്റെ ശബ്ദം കേട്ടുണർന്നിരുന്ന ഒരു കാലമുണ്ടായിരുന്നു പാളയത്തിന്. അൻപതും അറുപതും ചക്കുകൾ അന്ന് ഒരേസമയം ഈ നഗരത്തിനുവേണ്ടി എണ്ണയാട്ടി. സാമൂതിരി കോവിലകത്തും നഗരത്തിലെ ക്ഷേത്രങ്ങളിലുമെല്ലാം വിളക്കുകളിൽ, സാലഭഞ്ജികകളിൽ, പ്രാർഥനാവേളകളിൽ പാളയത്തെ എണ്ണയെരിഞ്ഞു. ചക്കും കാളയും എണ്ണയുടെ മണവുമൊന്നുമില്ലെങ്കിലും ആ പഴയ ചരിത്രത്തിന്റെ ശേഷിപ്പുകൾ ഇന്നും പാളയത്തുണ്ട്, കുടിയേറ്റത്തിന്റെ അടയാളമായി. 
 സാമൂതിരിയുടെ ഭരണകാലത്ത് തമിഴ്‌നാട്ടിൽനിന്ന് ഈ നഗരത്തിലേക്ക് കുടിയേറിപ്പാർത്ത തമിഴ് ചെട്ടികളുടെ കേന്ദ്രമാണ് പാളയം. എണ്ണയാട്ട് കുലത്തൊഴിലായി സ്വീകരിച്ച തമിഴ് വാണിയർ എന്നറിയപ്പെടുന്ന സമൂഹമാണിവർ. തൊഴിലും അഭയവും തേടി ഈ നഗരത്തിലെത്തിയപ്പോൾ സാമൂതിരികോവിലകത്തെ അമ്മത്തമ്പുരാട്ടി ചെമ്പ് പട്ടോലയിൽ  തമിഴ്‌ ചെട്ടികൾക്ക് ചാർത്തിനൽകുകയായിരുന്നു ഈ പ്രദേശം. പുതിയ കോവിലകംപറമ്പ് എന്നാണ് അന്ന് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്.  
കോട്ടപ്പറമ്പ് ആസ്പത്രി മുതൽ ചിന്താവളപ്പ് വരെയുള്ള ഭാഗത്ത് കുടിലുകെട്ടി എണ്ണയാട്ടി  അവർ ജീവിതം തുടങ്ങി. ഒരു ചക്കും കാളയും അന്ന് തമിഴ്‌ ചെട്ടിമാരുടെ എല്ലാവീടുകളിലുമുണ്ടായിരുന്നു. ഗുരുവായൂരിൽ വാകച്ചാർത്തിനും വൈക്കം ക്ഷേത്രത്തിൽ വിശിഷ്ടദിനങ്ങളിലും  ഇവരുടെ ചക്കിൽ ആട്ടിയ എണ്ണയായിരുന്നു ഉപയോഗിച്ചിരുന്നത്. പാളയത്ത് മാർക്കറ്റും ബസ്‌ സ്റ്റാൻഡും  വന്നതോടെ കുറേ കുടുംബങ്ങൾ അവിടെനിന്ന് കുടിയിറക്കപ്പെട്ടു. കാളകളെ ഉപയോഗിച്ചുള്ള ചക്കുകൾക്ക് പകരം യന്ത്രങ്ങൾ വന്നതോടെ ആ മേഖലയിലും തൊഴിൽ കുറഞ്ഞു. ഇപ്പോൾ ഇരുപതോളം കുടുംബങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. ക്ഷേത്രവുമായി ചേർന്നുനിൽക്കുന്ന സമൂഹമാണിവർ. 
സമൂഹമായാണ് കൂടുതലും താമസിക്കുന്നത്. അതുകൊണ്ട് ഇവരുടെ കേന്ദ്രങ്ങളിലെല്ലാം ഒരു ക്ഷേത്രവും കാണും. മാരിയമ്മയാണ്  കുലദേവത. പാളയത്ത് ഒരു മാരിയമ്മൻ ക്ഷേത്രമുണ്ട്. തൊട്ടടുത്ത് കറപ്പസ്വാമിയുടെ ആൽത്തറയും കാണാം. തമിഴ് ശൈലിയിലാണ് ഇപ്പോഴും ഇവിടെ ഉത്സവം നടക്കുന്നത്. പൂവും ചന്ദനവുമല്ല  വേപ്പിലയും മഞ്ഞളുമാണ് ഇവിടത്തെ പൂജാദ്രവ്യങ്ങൾ. കുംഭമാസത്തിൽ മാത്രമേ ഉത്സവമുണ്ടാവൂ. കുടത്തിൽ വെള്ളംനിറച്ചാണ് ദേവിയെ ആവാഹിക്കുക. കേരളത്തിലെ ക്ഷേത്രങ്ങളിലേതുപോലെ കൊടിമരവും  ഉണ്ടാവില്ല. പ്ലാവിലയും വേപ്പിലയും മാവിലയും ചരടിൽച്ചേർത്ത് കാൽനാട്ടൽ ചടങ്ങുകളോടെയാണ് ഉത്സവം തുടങ്ങുക. ട്രിച്ചിയിലെ സമയപുരം മാരിയമ്മൻകോവിലാണ് ഇവരുടെ മൂലസ്ഥാനം. 
തലമുറകൾ പിന്നിട്ടെങ്കിലും ചിലർക്ക് ഇപ്പോഴും തമിഴ്‌നാട്ടിൽ ബന്ധുക്കളുണ്ടെന്ന് ഇവർ പറയുന്നു.  240 വർഷത്തോളം പഴക്കമുണ്ട് പാളയം മാർക്കറ്റിനോടു ചേർന്നുള്ള മാരിയമ്മൻ കോവിലിന്. തമിഴ്‌ ചെട്ടികൾ കേരളത്തിലെത്തിയത് ഏതുകാലത്താണെന്ന് വ്യക്തമായ അറിവില്ലെങ്കിലും മൂന്നു നൂറ്റാണ്ടെങ്കിലും മുൻപ്  കോഴിക്കോട്ടെത്തിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. പണ്ട് പാളയം കേന്ദ്രീകരിച്ചായിരുന്നു കൂടുതൽപ്പേരും. എന്നാൽ, കണ്ണഞ്ചേരി, കല്ലായി, ബേപ്പൂർ, പന്നിയങ്കര, മീഞ്ചന്ത എന്നിവിടങ്ങൾ ഇപ്പോൾ തമിഴ്‌ ചെട്ടി സമൂഹമുണ്ട്. കേരളത്തിൽ ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും വലിയ സമൂഹമാണിവർ. വൈശ്യരാണിവർ. അതുകൊണ്ട് കച്ചവടരംഗത്തും സജീവമായിരുന്നു. ഇവരുടെ പലായനത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ലെന്ന് കേരളത്തിലെ തമിഴ് ചെട്ടികളെക്കുറിച്ച് പഠനം നടത്തിയ ഡോ. എസ്. മുരുകേശൻ പറയുന്നു. 
ചോളരാജാവ് വാണിയത്തിപ്പെണ്ണിനെ വിവാഹമാലോചിച്ചപ്പോൾ അതിനു തയ്യാറാവാതെ രാജകോപം ഭയന്ന് നാടുവിട്ടതാണെന്ന ഒരു കഥയുണ്ട്. ഇത് വെറും കഥയാണോ സത്യമാണോ എന്നത് ഇന്നും വ്യക്തമല്ല. 
വാണിയരേക്കാൾ താഴ്ന്നജാതിക്കാരനായിരുന്നത്രെ ചോളരാജാവ്.  കച്ചവടമോ തൊഴിലോ തേടിയുള്ള യാത്രയിൽ കേരളത്തിലുമെത്തി എന്നും പറയുന്നുണ്ട്. കാരണം കച്ചവടപ്രാധാന്യമുള്ള സ്ഥലങ്ങളിലാണ് ഇവർ കേന്ദ്രീകരിച്ചത്. തിരുവനന്തപുരത്ത് ചാലമാർക്കറ്റിനു സമീപവും തമിഴ്‌ ചെട്ടികളുണ്ട്. ആദിമകാലത്ത് എന്നോ ദ്രാവിഡസംസ്കൃതിയുടെ കൈവിളക്കും പിടിച്ച് ചുരമിറങ്ങിയെത്തിയവരാണ് വണികവൈശ്യർ എന്ന് കോഴിക്കോട്ടെ ക്ഷേത്രത്തിൽ എഴുതിവെച്ചതു കാണാം.
ബ്രാഹ്മണരെപ്പോലെ പൂണൂൽ ധരിക്കുമെന്നതാണ് ഇവരുടെ പ്രത്യേകത. പൂണൂൽ നിർബന്ധമല്ലെങ്കിലും മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ളവയിൽ പൂണൂലണിയും. ഈ നാടിനോട് അലിഞ്ഞുചേർന്നെങ്കിലും തമിഴ്‌പാരമ്പര്യത്തെ ചേർത്തുപിടിക്കുന്നുണ്ട്. വെള്ളി, ചൊവ്വ ദിവസങ്ങളിൽ മുറ്റത്ത് ചാണകം മെഴുകി ഇപ്പോഴും അരിപ്പൊടിക്കോലങ്ങൾ വരയ്ക്കാറുണ്ട്.  തമിഴ് ബ്രാഹ്മണരാണ് കോഴിക്കോട്ട് ഈ രീതിതുടരുന്നത്. ആദ്യകാലങ്ങളിൽ വീടുകളിൽ  തമിഴായിരുന്നു സംസാരിച്ചിരുന്നത്. ഇപ്പോൾ  മാറി. എങ്കിലും ചില പഴമക്കാർ തമിഴ് സംസാരിക്കുന്നവരുണ്ട്.  ആചാരങ്ങളിൽ തമിഴ് രീതിതന്നെയാണ്‌ പിന്തുടരുന്നത്. 
വിവാഹരീതികൾ ഇപ്പോഴും തമിഴ് ശൈലിയിലാണ്. തിരുമംഗല്യം എന്നാണ് കല്യാണങ്ങൾക്ക് പറയുക. കല്യാണത്തിന് പൊന്നുരുക്കാൻ തട്ടാൻ വരന്റെ വീട്ടിലെത്തും. അതു വലിയ ചടങ്ങായാണ് ഇപ്പോഴും നടത്തുന്നത്. സ്വർണം ഉരുക്കി തട്ടാൻ ജീവിതത്തിൽ ഐശ്വര്യം നേരും. ആ സ്വർണംകൊണ്ടാണ് താലിയുണ്ടാക്കുക. കല്യാണത്തിന്‌ ഒരാഴ്ചമുന്നേ ഈ ചടങ്ങ്  നടത്തും. വിവാഹത്തിന് നേരത്തേ നഗരപ്രദക്ഷിണമുണ്ടായിരുന്നു. ഇപ്പോൾ അത് അപൂർവമായേ  നടക്കാറുള്ളൂ. കല്യാണത്തിന് തമിഴ്‌രീതിയിലാണ് മന്ത്രങ്ങൾ ചൊല്ലുന്നത്. വധൂവരൻമാരുടെ കൈചേർത്തുപിടിച്ച് നീർവീഴ്ത്തിക്കൊണ്ട് ചൊല്ലുന്ന കൈപ്പിടിശാസ്ത്രം തമിഴിലുള്ളതാണ്. മറ്റ് പരദേശസമൂഹത്തെപ്പോലെ ഇവരും ഗോത്രപാരമ്പര്യമുള്ളവരാണ്. അംബിപ്പെരിയാർ ഗോത്രത്തിൽപ്പെട്ടവരാണ് തമിഴ് ചെട്ടികൾ.
കച്ചവടസമൂഹമാണെങ്കിലും അധികാരത്തിലും പങ്കാളിയായിരുന്നു. കൊച്ചിദിവാനായിരുന്ന ഷൺമുഖം ചെട്ടി തമിഴ് ചെട്ടിയാണ്.  അദ്ദേഹം പിന്നീട് രാജ്യത്തിന്റെ ആദ്യ ധനകാര്യ മന്ത്രിയായി ചരിത്രത്തിൽ ഇടം നേടി.