വടകര: ലോകകപ്പ് ഫൈനലില്‍ ഇറ്റലിയുടെ മറ്റരാസിയെ സിനദിന്‍ സിദാന്‍ തലകൊണ്ടിടിച്ചിട്ട സംഭവം ഫുട്‌ബോള്‍ പ്രേമികള്‍ മറക്കില്ല. ആ സംഭവത്തെ ഒരു രാജ്യം നാണയത്തിലേക്ക് പകര്‍ത്തിയിട്ടുണ്ട്, ലൈബീരിയ. സിദാന് റഫറി ചുവപ്പുകാര്‍ഡ് കാണിക്കുന്ന ചിത്രം ആലേഖനം ചെയ്ത നാണയം മുതല്‍ ലോകത്തിന്റെയും ഇന്ത്യയുടെയും സംസ്‌കാരവും ചരിത്രവും വെളിവാക്കുന്ന നൂറുകണക്കിന് നാണയങ്ങള്‍ വടകരയില്‍ അണിനിരക്കുകയാണ്.

വടകര റോട്ടറിയും കാലിക്കറ്റ് ന്യൂമിസ്മാറ്റിക് സൊസൈറ്റിയും നടത്തുന്ന അഖിലേന്ത്യാ നാണയ-കറന്‍സി പ്രദര്‍ശനത്തിലാണ് വിവിധ രാജ്യങ്ങളുടെ നാണയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ആദ്യദിനം പ്രദര്‍ശനം കാണാനെത്തിയത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ്. വടകര ടൗണ്‍ഹാളിലാണ് പരിപാടി. പ്രദര്‍ശനം വെള്ളിയാഴ്ചയും തുടരും. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും വിവിധകാലഘട്ടങ്ങളിലെ നാണയങ്ങളും കറന്‍സികളും ഇവിടെയുണ്ട്. കാലിക്കറ്റ് ന്യൂമിസ്മാറ്റിക് സൊസൈറ്റിയിലെ 18 പേരുടെ ശേഖരത്തിലുള്ളതാണിവ. ലണ്ടന്‍ ഒളിമ്പിക്‌സിലെ 289 കായികയിനങ്ങളെ പ്രതിനിധാനംചെയ്ത് 29 നാണയങ്ങള്‍, ബ്രസീല്‍ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട 16 നാണയം, ഒപ്പം ക്രിക്കറ്റ്, ഫുട്‌ബോള്‍ തുടങ്ങിയ മത്സരങ്ങളുമായി ബന്ധപ്പെട്ട് കാലങ്ങളായി ഇറക്കുന്ന നാണയങ്ങള്‍. ഇവ എം. പ്രകാശിന്റെ ശേഖരത്തിലുള്ളതാണ്.

ഇന്ത്യ ഇറക്കിയ 10, 25, 50, 60, 70, 75, 100, 150, 500, 1000 രൂപയുടെ നാണയങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തെ ശ്രദ്ധേയമാക്കുന്നു. പ്രാചീന ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളുടെ വൈവിധ്യമാണ് പ്രേമന്‍ പുതിയാപ്പിലിന്റെ ശേഖരത്തിന്റെ പ്രത്യേകത. യേശുവിന്റെ ചിത്രം ആലേഖനംചെയ്ത ആദ്യത്തെ നാണയം ശേഖരത്തിലുണ്ട്. 50 ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലെ നാണയങ്ങളുമായാണ് ഭരത് ജെ. ഷാ എത്തിയത്. ലോകത്തിലെ ഏറ്റവും ചെറിയ കറന്‍സി, ഏറ്റവും വലിയ തുകയ്ക്കുള്ള കറന്‍സി, ആഫ്രിക്കയിലെയും ചൈനയിലെയും പുരാതന നാണയങ്ങളുമുണ്ട്.
 
എല്ലാ രാജ്യങ്ങളുടെയും നാണയവും കറന്‍സിയുമായി പ്രദര്‍ശനത്തിനെത്തിയ വിനയകുമാറിന്റെ കൈവശം രാജ്യങ്ങളുടെ കൊടികളുമുണ്ട്. ജമാലുദ്ദീന്റെ ശേഖരത്തിന്റെ പ്രത്യേകത സ്വാതന്ത്ര്യസമരചരിത്രവുമായി ബന്ധപ്പെട്ടതാണ്. ജപ്പാന്റെ സ്വര്‍ണം പൂശിയ കറന്‍സി, കണ്ണൂര്‍പ്പണം, അനന്തശയനം, രണ്ടാംലോകയുദ്ധകാലത്ത് ജപ്പാന്‍ ഇറക്കിയ ഫൈബര്‍ നാണയം, ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ചിത്രം ആലേഖനംചെയ്ത കറന്‍സികള്‍, ഫാന്‍സി നമ്പറുകളിലെ ഇന്ത്യന്‍ കറന്‍സികള്‍, മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രം ആലേഖനംചെയ്ത നാണയങ്ങള്‍ തുടങ്ങിയവയെല്ലാം ആകര്‍ഷണങ്ങളാണ്. പ്രദര്‍ശനം നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് കെ. സുധീര്‍ അധ്യക്ഷനായി. കെ. ചന്ദ്രന്‍, കെ. ഉത്തമന്‍, ടി.വി. ജിതേഷ് എന്നിവര്‍ സംസാരിച്ചു.