വടകര: മഹാരാഷ്ട്ര പര്‍ഭനിയിലെ ഹോമിയോപ്പതി ഡോക്ടര്‍ പവന്‍ സത്യനാരായണ ചാണ്ടകും സംഘവും സൈക്കിളില്‍ യാത്രതുടരുകയാണ്. ലക്ഷ്യം ഒന്നുമാത്രം. എയ്ഡ്‌സിനെതിരേ സമൂഹത്തിന്റെ മനസ്സുണര്‍ത്തുക, എച്ച്.ഐ.വി. ബാധിതരായ അനാഥക്കുട്ടികളുടെ അവകാശസംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് യാത്ര. ബെംഗളൂരുവില്‍നിന്ന് തുടങ്ങിയ ബോധവത്കരണയാത്ര കന്യാകുമാരിവരെ തുടരും. ഇതിനിടയില്‍ പിന്നിടുന്നത് ആയിരം കിലോമീറ്റര്‍.

യാത്രക്ക് ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ വടകര ചാപ്റ്ററും വടകരയിലെ സൈക്കിള്‍ ക്ലബ്ബായ വടകര റൈഡേഴ്‌സും ചേര്‍ന്ന് വടകരയില്‍ സ്വീകരണം നല്‍കി. ഒക്ടോബര്‍ 25-നാണ് യാത്ര തുടങ്ങിയത്. സമൂഹം ഏറെ വികസിച്ചിട്ടും എച്ച്.ഐ.വി. ബാധിതരായ കുട്ടികളുടെ പുനരധിവാസവും സംരക്ഷണവും ഇന്നും പലരും നിഷിദ്ധമായാണ് കണക്കാക്കുന്നതെന്നാണ് ഡോ. പവന്റെ നിരീക്ഷണം. സമൂഹത്തില്‍ ഇതേക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കിയാല്‍ മാത്രമേ ഇതു പരിഹരിക്കാന്‍ കഴിയൂ. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇദ്ദേഹവും സുഹൃത്തുക്കളും യാത്രതുടങ്ങിയത്. സന്ദീപ് സാഖറെ, ഡോ. ചന്ദ്രശേഖര്‍ ഭോലെറാവു, ഡോ. കിരണ്‍ പകന്‍, ഓം തല്‍രേജ, സനത് ജയിന്‍, കൈലാഷ് ടിതെ, മൗലി ബട്ടിങ് എന്നിവരാണ് ഇദ്ദേഹത്തെ അനുഗമിക്കുന്നവര്‍. കടന്നുപോകുന്ന വഴിയിലെ ആരാധനാലയങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ആസ്​പത്രികള്‍, സാമൂഹികകേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബോധവത്കരണം നടത്തുന്നുണ്ട്.

വടകര ബി.ഇ.എം. സ്‌കൂളില്‍ എ.ഇ.ഒ. വേണുഗോപാല്‍, പ്രിന്‍സിപ്പല്‍ സ്റ്റെല്ല എന്നിവരുടെ നേതൃത്വത്തില്‍ റാലിയെ സ്വീകരിച്ചു. റാലി അംഗങ്ങള്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു. ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ബോധവത്കരണ ക്ലാസ് നടന്നു. മണലില്‍ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. പവന്‍ ചാണ്ടക്, സി.ബി. പ്രസൂണ്‍, കെ. ദിനേശ്, കെ. ശ്രീജിഷ് എന്നിവര്‍ സംസാരിച്ചു. റൈഡേഴ്‌സ് ക്ലബ്ബ് നല്‍കിയ സ്വീകരണത്തില്‍ വടകര ഡിവൈ.എസ്.പി. ടി.പി. പ്രേമരാജ് മുഖ്യാതിഥിയായി. ഡോ. സുദിന്‍ വിശദീകരണം നടത്തി. റൈഡേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍ പയ്യോളിവരെ യാത്രയെ അനുഗമിച്ചു.