താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ മാലിന്യംതള്ളല്‍ നിര്‍ബാധം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ വകപ്പുദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. വനം, ദേശീയപാത, ആരോഗ്യം, പോലീസ്  വകുപ്പുകളുടെ ഉദ്യോഗസ്ഥരാണ് ചുരത്തില്‍ മാലിന്യം തള്ളുന്ന ഭാഗങ്ങളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

ചുരത്തിന്റെ പരിസര പ്രദേശങ്ങളായ അടിവാരം മുപ്പതേക്ര, വള്ളിയാട് ഭാഗങ്ങളില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ചുരം സംരക്ഷണസമിതി മുന്‍കൈയെടുത്താണ് വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്. അടിവാരം മുതല്‍ ചുരം ഏഴാംവളവ് വരെ മാലിന്യം തള്ളിയയിടങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ടുകണ്ടു.
  മാലിന്യം തള്ളുന്നവര്‍ക്കെതിരേ തെളിവുകള്‍ കണ്ടെത്തി  ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് വിവിധ വകുപ്പുകളുടെ സഹകരണം ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ചുരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ പിടികൂടാന്‍ സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് രാപകല്‍ നിരീക്ഷണം നടത്തുമെന്ന് ചുരം സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. വേണുഗോപാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.കെ. ജനാര്‍ദനന്‍, ദേശീയപാതാ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജമാല്‍ മുഹമ്മദ്, ഓവര്‍സിയര്‍മാരായ സലിം, ആന്റോ പോള്‍, വനം റേഞ്ച് ഓഫീസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, സീനിയര്‍ വനം ഓഫീസര്‍ ടി.പി. മനോജ്, ജില്ലാ പഞ്ചായത്തംഗം വി.ഡി. ജോസഫ്, പഞ്ചായത്തംഗം മുത്തു അബ്ദുല്‍ സലാം, താമരശ്ശേരി എ.എസ്.ഐ. സെബാസ്റ്റ്യന്‍, ചുരം സംരക്ഷണ സമിതി ഭാരവാഹികളായ മൊയ്തു മുട്ടായി, പി.കെ. സുകുമാരന്‍, വി.കെ. താജുദ്ദീന്‍, ഷൗക്കത്ത് എലിക്കാട് എന്നിവര്‍ സംബന്ധിച്ചു. മാലിന്യം തള്ളുന്നതിനെതിരേ അടിവാരത്ത് ബോധവത്കരണ യാത്രയും നടത്തി.