താമരശ്ശേരി: സമകാലിക ലോകസാഹചര്യത്തില്‍ സായുധ പോരാട്ടം അനാവശ്യമാണെന്നും സമാധാന നീക്കങ്ങളാണ് ഉണ്ടാവേണ്ടതെന്നും ത്വാബാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഹബീബ് അലി ജിഫ്രി.
പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡനില്‍ ആരംഭിച്ച രാജ്യാന്തര പ്രബോധക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കും നല്‍കിയ ആഘാതങ്ങള്‍ വലുതാണ്. സ്വാര്‍ഥതാത്പര്യങ്ങള്‍ ഉപേക്ഷിച്ചുള്ള അര്‍പ്പണജീവിതമാണ് വിശ്വാസികള്‍ പ്രയോഗത്തില്‍ കൊണ്ടുവരേണ്ടത് -അദ്ദേഹം പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഔന്‍ മുഈന്‍ അല്‍ഖദൂമി ജോര്‍ദാന്‍, മഹ്മൂദ് ശൗഖ തുര്‍ക്കി എന്നിവര്‍ പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി രചിച്ച യാത്രാവിവരണം 'ബോസ്ഫറസിന്റെ ഭാഗ്യം' ശൈഖ് ഹബീബ് അലി ജിഫ്രി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
ശനിയാഴ്ച വിവിധ സമ്മേളനങ്ങളില്‍ സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, ശൈഖ് സഅദ് അല്‍അസ്ഹരി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, ഗുലാം റസൂല്‍ ഡല്‍ഹി, ശൈഖ് റിയാസ് ബാസു, ശൈഖ് മഹ്മൂദ് എന്നിവര്‍ പങ്കെടുക്കും. രാത്രി ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനത്തിന് സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ല്യാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍, ഹബീബ് അലി ജിഫ്രി എന്നിവര്‍ നേതൃത്വം നല്‍കും.