പേരാമ്പ്ര: നഗരത്തില്‍ സി.പി.എം., മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വിവിധ അക്രമങ്ങളിലായി ഒരു പോലീസുകാരനുള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ഓഫീസിന്റെ ജനല്‍ കല്ലെറിഞ്ഞു തകര്‍ത്തു.

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ വെള്ളിയൂരിലെ ഒതയോത്ത് പമല്‍ ഹാഷ്മി (20), പിലാകുന്നത്ത് രാഹുല്‍ (20), യൂത്ത് ലീഗ് നൊച്ചാട് പഞ്ചായത്ത് സെക്രട്ടറി വെള്ളിയൂരിലെ പി.കെ. അസ്ബീര്‍ (26), മുളിയങ്ങല്‍ സ്വദേശി വി.എം. മജീദ്, ഇ.എം.എസ്. ആസ്​പത്രി ജീവനക്കാരായ മുളിയങ്ങല്‍ കുന്നത്ത് നാരായണന്‍ (45), കിഴിഞ്ഞാണ്യം പ്രശാന്തി ഭവനില്‍ പ്രവീണ്‍ (38) എന്നിവര്‍ക്കും എം.എസ്.പി. യിലെ പോലീസുകാരനായ നൗഫലിനുമാണ് പരിക്കേറ്റത്.

അസ്ബീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗതവും തടസ്സപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ മുസ്ലിംലീഗ് ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് മുളിയങ്ങലില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതാണ് സംഭവങ്ങളുടെ തുടക്കം. ഇവര്‍ പേരാമ്പ്ര ഇ.എം.എസ്. ആസ്​പത്രിയില്‍ ചികിത്സയ്ക്കായി എത്തിയപ്പോളാണ് തുടര്‍ സംഘര്‍ഷങ്ങള്‍ നടന്നത്.

വൈകീട്ട് അഞ്ചോടെ ആസ്​പത്രിക്ക് സമീപത്തെ റോഡില്‍വെച്ച് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ആംബുലന്‍സ് ഡ്രൈവറായ അസ്ബീറിന് നാലംഗ സംഘത്തിന്റെ മര്‍ദനമേറ്റു. ഇതിന്റെ തുടര്‍ച്ചയായുണ്ടായ സംഘര്‍ഷത്തില്‍ പേരാമ്പ്ര ഇ.എം.എസ്. ആസ്​പത്രിയില്‍ ജീവനക്കാര്‍ക്ക് നേരേ അക്രമമുണ്ടായി. 6.30-ഓടെ മത്സ്യമാര്‍ക്കറ്റിലും സംഘര്‍ഷമുണ്ടായി. എസ്.ടി.യു. പ്രവര്‍ത്തകരുടെ വില്‍ക്കാന്‍ വെച്ച മത്സ്യങ്ങള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ചു. കണ്ണീര്‍വാതക ഷെല്‍ പൊട്ടിച്ചാണ് പോലീസ് എല്ലാവരെയും പിരിച്ചുവിട്ടത്.

ഇതോടെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സംസ്ഥാനപാതയില്‍ സംഘടിച്ചു. എസ്.ഐ. കെ.കെ. നൗഫലിന്റെ നേതൃത്വത്തില്‍ ചുറ്റും പോലീസും നിലയുറപ്പിച്ചു. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നേതാക്കള്‍ ഇടപെട്ടതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. മുമ്പ് വെള്ളിയൂരില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് അക്രമങ്ങളുണ്ടായതെന്നാണ് പോലീസ് സംശയിക്കുന്നത്.