പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിന്റെ പന്തീരാങ്കാവ് വ്യാപാരസമുച്ചയ കെട്ടിടം അപകടാവസ്ഥയില്‍. വ്യാഴാഴ്ച രാവിലെ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണുണ്ടായ അപകടത്തില്‍ തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്. പൊന്നൂസ് അക്വേറിയം തുറക്കുമ്പോഴാണ് കോണ്‍ക്രീറ്റ് അടര്‍ന്നുവീണത്. അടര്‍ന്നുവീഴുന്ന ശബ്ദം കേട്ട് ഉടമ ഷീജ പെട്ടെന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. കെട്ടിടത്തിന്റെ മിക്കഭാഗത്തും കോണ്‍ക്രീറ്റ് അടര്‍ന്നുതൂങ്ങി നില്‍ക്കുകയാണ്.

പഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറി, തപാലോഫീസ്, കമ്യൂണിറ്റി ഹാള്‍, ഇരുപതോളം കടകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം വ്യാപാരസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

1992-ല്‍ നിര്‍മിച്ച കെട്ടിടം സുരക്ഷിതമാകുംവിധം നവകരിക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുകയാണെന്ന് വ്യാപാരികളും നാട്ടുകാരും കുറ്റപ്പെടുത്തുന്നു.