കോഴിക്കോട്: കൊടുവള്ളിയിലെ ഒരുപറ്റം കലാകാരന്മാരുടെയും സഹൃദയരായ ഗ്രാമവാസികളുടെയും സ്വപ്‌നസാക്ഷാത്കാരം... ഒപ്പം കണ്ണൂര്‍ കൂത്തുപറമ്പ് കലാനിലയം പ്രവര്‍ത്തകര്‍ നല്‍കിയ നിറഞ്ഞ പിന്തുണ. രണ്ടു സഹോദരഗ്രാമങ്ങളുടെ സൗഹൃദവും സ്‌നേഹവും ഊര്‍ജമാക്കി കൊടുവള്ളി ബ്ലാക്ക് തിയേറ്ററിന്റെ ആദ്യ നാടകം 'നൊണ' ടാഗോര്‍ ഹാളിലെ നിറഞ്ഞ സദസ്സില്‍ അവതരിപ്പിക്കപ്പെട്ടു.

സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവായ ജിനോ ജോസഫാണ് 'നൊണ'യുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. കാവിവര്‍ഗീയത നുണകള്‍ പറഞ്ഞ് ഒരു ജനതയെയാകെ കബളിപ്പിക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. വീട്ടുമുറ്റത്ത് സ്ഥാപിച്ച ഇന്ത്യയുടെ ഭൂപടത്തെ മിനുക്കിക്കൊണ്ടിരിക്കുന്ന യുവാവാണ് നാടകത്തില്‍ കേന്ദ്രകഥാപാത്രം. പലതട്ടുകളായുള്ള സ്റ്റേജിന്റെ സജ്ജീകരണങ്ങളും വ്യത്യസ്തമായ വെളിച്ചസംവിധാനവുമൊക്കെ നാടകത്തിന് പുതുമനല്‍കുന്നു.

മുപ്പതോളംവരുന്ന അഭിനേതാക്കളില്‍ ഭൂരിഭാഗം പേരും കൊടുവള്ളിയിലെ വാരിക്കുഴിത്താഴം ഗ്രാമത്തില്‍നിന്നുള്ളവരാണ്. ആരുംതന്നെ അഭിനയത്തില്‍ മുന്‍പരിചയമുള്ളവരുമല്ല. കുട്ടികള്‍ അടക്കമുള്ള വലിയൊരു സംഘത്തെ അച്ചടക്കത്തോടെ സ്റ്റേജില്‍ അവതരിപ്പിക്കാനായി എന്നതാണ് വിജയം. തിയേറ്റര്‍ ആദ്യം പദ്ധതിയിട്ടിരുന്ന നാടകം റദ്ദാക്കേണ്ടിവന്ന സാഹചര്യത്തിലാണ് ജിനോ ജോസഫും കലാനിലയത്തിലെ നാടകപ്രവര്‍ത്തകരും പിന്തുണയുമായെത്തിയത്. സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമുഖ വോളി താരവും ബ്ലാക്ക് തിയേറ്റര്‍ ചെയര്‍മാനുമായ കിഷോര്‍കുമാര്‍ അധ്യക്ഷതവഹിച്ചു.