ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്റ്റേറ്റിന് (ഐ.എസ്.) ബിറ്റ്‌കോയിന്‍ വഴി പണം നല്‍കിയെന്ന കുറ്റത്തിന് പാകിസ്താന്‍കാരിയെ യു.എസില്‍ അറസ്റ്റുചെയ്തു. അമേരിക്കയില്‍ ലാബ് ടെക്‌നീഷ്യനായി ജോലിചെയ്യുന്ന സൂബിയ ഷഹ്നാസാണ് (27) അറസ്റ്റിലായത്.

85,000 ഡോളര്‍ (54 ലക്ഷം രൂപ) വായ്പയെടുത്താണ് ഇവര്‍ ഓണ്‍ലൈനില്‍ ബിറ്റ്‌കോയിന്‍ വാങ്ങിയത്. കള്ളക്കാരണങ്ങള്‍ ബോധിപ്പിച്ചാണ് വായ്പയെടുത്തത്.

സിറിയയിലേക്ക് പോകാനുദ്ദേശിച്ച് എത്തിയപ്പോള്‍ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍നിന്ന് ഇവരെ പിടികൂടി. ഇവരുടെ മൊബൈല്‍ ഫോണും കംപ്യൂട്ടറുകളും മറ്റും പരിശോധിച്ചതില്‍നിന്ന് ഐ.എസുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തി.

പണം വെളുപ്പിക്കല്‍ തെളിഞ്ഞാല്‍ ഇവര്‍ക്ക് 20 വര്‍ഷം വരെ തടവുശിക്ഷ കിട്ടാം. ബാങ്കിനെ കബളിപ്പിച്ചതിന് 30 വര്‍ഷം വരെയും തടവുകിട്ടാനിടയുണ്ട്.