കോഴിക്കോട്: റെക്കോഡ് ജനക്കൂട്ടമാണ് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിനായി ബുധനാഴ്ച സ്വപ്‌നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഒരുക്കിയ സ്റ്റേഡിയത്തിലെത്തിയത്. പുരുഷ- വനിതാവിഭാഗങ്ങളില്‍ കേരളം ഫൈനലില്‍ കടന്നതാണ് വോളി ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ചത്.

വനിതാഫൈനലില്‍ കേരളം അഞ്ചുസെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ തോറ്റത് കാണികളില്‍ നിരാശ പടര്‍ത്തി. എന്നാല്‍, പുരുഷവിഭാഗത്തില്‍ കേരളം ഉജ്ജ്വലപ്രകടനത്തോടെ മുന്നേറിയപ്പോള്‍ ഗാലറിയില്‍ ആരവം നിറഞ്ഞു. ചെണ്ടമേളവും മറ്റുമായി ആരാധകര്‍ ആവേശം വാനോളമുയര്‍ത്തി. ആദ്യസെറ്റില്‍ അടിതെറ്റിയ കേരളത്തിന് ആവേശമായത് കാണികളുടെ നിറഞ്ഞപിന്തുണയായിരുന്നു. കേരളം ചാമ്പ്യന്മാരായതോടെ നിറഞ്ഞ സന്തോഷത്തോടെയാണ് കാണികള്‍ മടങ്ങിയത്.

പതിനായിരം പേര്‍ക്കിരിക്കാവുന്ന ഗാലറിയാണ് ട്രേഡ് സെന്ററില്‍ ഒരുക്കിയിരുന്നത്. എന്നാല്‍, അതിലുമേറെ കാണികള്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. മൂന്നു മണിക്കായിരുന്നു വനിതാഫൈനലിന്റെ സമയം. രണ്ടുമണിയോടെത്തന്നെ കാണികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. പുരുഷ ഫൈനല്‍ തുടങ്ങുമ്പോള്‍ ഗാലറിയില്‍ ഒരിഞ്ചു സ്ഥലംപോലും ബാക്കിയുണ്ടായിരുന്നില്ല. ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നതോടെ ആയിരങ്ങള്‍ കളികാണാനാവാതെ നിരാശരായി.

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട് ആതിഥേയരായ ചാമ്പ്യന്‍ഷിപ്പ് ജനപങ്കാളിത്തംകൊണ്ട് വന്‍വിജയമാണ് നേടിയത്. നാലാംതവണയാണ് കേരളം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയാവുന്നത്. 1981, 1991, 2001 വര്‍ഷങ്ങളിലായിരുന്നു മുന്‍ ചാമ്പ്യന്‍ഷിപ്പുകള്‍.

പിണക്കം മാറി, ഫൈനലിന് ടോം എത്തി

അര്‍ജുനപുരസ്‌കാരജേതാവ് ടോം ജോസഫും കേരളാവോളിബോള്‍ അസോസിയേഷനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന സൂചന നല്‍കി ടോം ജോസഫ് ഫൈനല്‍ കാണാനെത്തി. ഫൈനലില്‍ കളിക്കാരെ പരിചയപ്പെട്ടത് ടോമായിരുന്നു. വേദിയില്‍ ടോമിനെ ആദരിക്കുകയും ചെയ്തു.

ജില്ലയിലെ അര്‍ജുന ജേതാവായ ടോമിനെ ഉദ്ഘാടനച്ചടങ്ങിന് ക്ഷണിച്ചില്ലെന്ന ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് കേരളത്തിന്റെ ക്വാര്‍ട്ടര്‍ മത്സരത്തിന് ടോം ടിക്കറ്റെടുത്ത് കളികാണാനെത്തിയിരുന്നു.