നരിപ്പറ്റ: ആര്‍.എസ്.എസിനുകീഴിലുള്ള നരിപ്പറ്റ ദേശസേവാസമിതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സേവാകേന്ദ്രം അജ്ഞാതര്‍ തീവെച്ചുനശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരാണ് തീപടരുന്നത് കണ്ടത്. താഴെനരിപ്പറ്റ റേഷന്‍ഷാപ്പിനടുത്ത് ട്രസ്റ്റ് വിലയ്‌ക്കെടുത്ത സ്ഥലത്തായിരുന്നു ഷെഡ്ഡ് നിര്‍മിച്ചത്.
 
ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പി.എസ്.സി. കോച്ചിങ് ഉള്‍പ്പെടെയുള്ള പരിശീലനങ്ങളും ഇവിടെ നടക്കാറുണ്ട്. ഷെഡ്ഡും അകത്തുണ്ടായിരുന്ന ഫര്‍ണിച്ചറും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഷെഡ്ഡിനടുത്തുള്ള റോഡില്‍നിന്ന് പൊട്ടാത്ത സ്റ്റീല്‍ബോംബും കണ്ടെടുത്തു.
 
പുലര്‍ച്ചെ രണ്ടരയോടെ വലിയ ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. കുറ്റിയാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി.പി.എം. പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായി ഇവിടെസ്ഥാപിച്ച കൊടികളും മൂന്നുദിവസംമുമ്പ് നശിപ്പിക്കപ്പെട്ടിരുന്നു. ബി.എം.എസ്. പ്രവര്‍ത്തകന്റെ വീടിനുനേരേ ബോംബേറും നടന്നിരുന്നു.