മുക്കം: കൊച്ചി - മംഗലാപുരം പ്രകൃതിവാതകക്കുഴല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് എരഞ്ഞിമാവില്‍ വീണ്ടും സംഘര്‍ഷം. പ്രവൃത്തി തടയാനെത്തിയ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഗെയ്ല്‍ അധികൃതര്‍ അന്യായമായി അലൈന്‍മെന്റ് മാറ്റിയെന്നാരോപിച്ച് വ്യാഴാഴ്ച രാവിലെ സമരക്കാര്‍ പ്രവൃത്തി തടയുകയായിരുന്നു. പദ്ധതിക്കായി വിജ്ഞാപനം ചെയ്തത് 53/1-ല്‍പെട്ട ഭൂമിയാണെന്നും എന്നാല്‍ പ്രവൃത്തി നടക്കുന്നത് റീസര്‍വേ 54/1-ല്‍പെട്ട ഭൂമിയിലാണെന്നുമാരോപിച്ചാണ് സമരക്കാര്‍ പ്രവൃത്തി തടഞ്ഞത്. തുടര്‍ന്ന് സി.ഐ. ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ പ്രതിഷേധവുമായെത്തിയ സമരക്കാരെ 10.30-ഓടെയാണ് അറസ്റ്റുചെയ്ത് നീക്കിയത്.

ഗെയ്ല്‍ അധികൃതര്‍ അലൈന്‍മെന്റ് മാറ്റിയെന്നാരോപിച്ച് നാട്ടുകാരും സമരസമിതിയും ബുധനാഴ്ച രംഗത്തെത്തിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ട രേഖകള്‍ കൈയിലുണ്ടെന്ന് ഗെയ്ല്‍ അധികൃതരും വില്ലേജ് ഓഫീസറും പറഞ്ഞു. തുടര്‍ന്ന് കൂടുതല്‍ ആളുകളെത്തി ബുധനാഴ്ച രാവിലെ പ്രവൃത്തി തടഞ്ഞിരുന്നു.

ഇതിന്റെ തുടര്‍ച്ചയാണ് വ്യാഴാഴ്ച നടന്നത്. സമരസമിതി നേതാക്കളായ ഗഫൂര്‍ കുറുമാടന്‍, ബഷീര്‍ പുതിയോട്ടില്‍, റൈഹാന ബേബി, ബാവ പവര്‍വേള്‍ഡ്, ശംസുദ്ധീന്‍ ചെറുവാടി, ടി.പി. മുഹമ്മദ്, കെ.സി. അന്‍വര്‍ എന്നിവരും സ്ഥലമുടമ കരീമും എത്തിയാണ് പ്രവൃത്തി തടഞ്ഞത്. വ്യക്തമായ രേഖ നല്‍കിയില്ലങ്കില്‍ താന്‍ ഗെയില്‍ പൈപ്പ് ലൈനിനായി നിര്‍മിച്ച കുഴിയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് കരീം ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെയാണ് സമരക്കാരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. തങ്ങള്‍ പ്രവൃത്തി തടയാനെത്തിയതല്ലെന്നും രേഖ നല്‍കിയാല്‍ പ്രവൃത്തി തുടരാമെന്നും സമരക്കാര്‍ പറഞ്ഞെങ്കിലും പോലീസ് വഴങ്ങിയില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി വിവാദഭൂമിയില്‍ പ്രവൃത്തി പുനരാരംഭിക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്തവരെ ഉച്ചയ്ക്ക് ഒന്നരയോടെ ജാമ്യത്തില്‍ വിട്ടയച്ചു. കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനത്തിന്റെ നഗ്നമായ ലംഘനമാണ് എരത്തിമാവില്‍ നടന്നതെന്നും വീണ്ടും കളക്ടറെ സമീപിക്കുമെന്നും സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ പറഞ്ഞു. ഗെയ്‌ലിന്റെ മുഴുവന്‍ നിയമ ലംഘനങ്ങള്‍ക്കും ഭരണാധികാരികള്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.