മുക്കം: ബസിന് കടന്നുപോകാന്‍ വഴി നല്‍കിയില്ലെന്നാരോപിച്ച് ബൈക്ക് യാത്രികരായ വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു. മുക്കം - കൂളിമാട് - കോഴിക്കോട് റൂട്ടിലോടുന്ന ഗ്യാലക്‌സി ബസിലെ ജീവനക്കാരാണ് തിരുവമ്പാടി ഗവ. ഐ.ടി.ഐ.യിലെ ഒന്നാം വര്‍ഷ ഇലക്ട്രീഷ്യന്‍ വിദ്യാര്‍ഥികളായ അതുല്‍ ദാസ് (19)നെയും വിപിന്‍ ദാസ് (19)നെയും ക്രൂരമായി മര്‍ദിച്ചത്. പുറത്തും നെഞ്ചിലും സാരമായി പരിക്കേറ്റ ഇവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് മണാശ്ശേരി ഗവ. യു.പി. സ്‌കൂളിന് സമീപത്തായിരുന്നു സംഭവം.

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് പെട്രോള്‍ തീര്‍ന്ന് നടുറോഡില്‍ പ്രവര്‍ത്തനരഹിതമായി. ഇവര്‍ക്ക് തൊട്ടുപിന്നിലായിരുന്നു ഗാലക്‌സി ബസ്. വിദ്യാര്‍ഥികള്‍ ബൈക്ക് തള്ളിനീക്കുന്നതിനിടെ ബസിലെ ക്ലീനര്‍ ഇറങ്ങി വന്ന് മുഖത്ത് അടിയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികളും ക്ലീനറും തമ്മില്‍ വാക്കേറ്റമായി. ബസിലെ ഡ്രൈവറും കണ്ടക്ടറും ചെക്കറും ഓടിവന്ന് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ജാക്കി ലിവറുകൊണ്ടേറ്റ അടിയില്‍ വിദ്യാര്‍ഥികള്‍ക്ക് പുറത്തും നെഞ്ചിലും സാരയായി പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുന്നതിനിടെ അതുവഴി പോയ കുന്ദമംഗലം എസ്.ഐ. ഇടപെട്ടാണ് രക്ഷിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാര്‍ക്കെതിരേ മുക്കം പോലീസില്‍ പരാതി നല്‍കി.