കോഴിക്കോട്: 'മാതൃഭൂമി മിഷന്‍മെഡിക്കല്‍ കോളേജ്' പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിക്ക് ഒരു കൈത്താങ്ങ് കൂടി. ശസ്ത്രക്രിയ പ്രതിസന്ധിയിലായ സൂപ്പര്‍ സ്‌പെഷാലിറ്റിയിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തിന് കല്യാണ്‍ ജ്വല്ലേഴ്‌സ് നല്‍കിയ വെന്റിലേറ്ററുകള്‍ വെള്ളിയാഴ്ച ഔദ്യോഗികമായി കൈമാറി.

കല്യാണ്‍ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. കല്യാണ രാമനില്‍നിന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ ഏറ്റുവാങ്ങി. മാതൃഭൂമി വാര്‍ത്തയിലൂടെ മെഡിക്കല്‍ കോളേജിന്റെ അവസ്ഥ മനസ്സിലാക്കിയാണ് രണ്ട് വെന്റിലേറ്ററുകള്‍ വാങ്ങിക്കൊടുത്തത്. ആദ്യം എന്തെങ്കിലും സഹായം ചെയ്യണമെന്നായിരുന്നു കരുതിയത്. പിന്നീടാണ് വെന്റിലേറ്ററുകളാണ് അത്യാവശ്യമെന്ന് മനസ്സിലായതെന്നും ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

1965-ല്‍ സഹോദരനെയും കൊണ്ട് 15 ദിവസം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ കഴിഞ്ഞതും അന്ന് മികച്ച സേവനം കിട്ടിയതുമെല്ലാം അദ്ദേഹം അനുസ്മരിച്ചു. അന്നത്തേതിലും മികച്ച സ്ഥിതിയിലേക്ക് ആസ്​പത്രിയെ കൊണ്ടുവരാന്‍ എല്ലാവരും പരിശ്രമിക്കണം. മാധ്യമങ്ങള്‍ നല്ലകാര്യങ്ങള്‍ ചെയ്യുമ്പോഴാണ് നാടു നന്നാവുകയെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുന്നതാണ് യഥാര്‍ഥത്തില്‍ ഈശ്വരസേവയെന്ന് അധ്യക്ഷത വഹിച്ച മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിലെ കൂട്ടിരിപ്പുകാര്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ വിശ്രമ കേന്ദ്രം പണിയുമെന്ന് മുഖ്യാതിഥി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ടി.എസ്. കല്യാണ രാമന് കോഴിക്കോട്ടെ ജനങ്ങള്‍ക്കുവേണ്ടി നന്ദി അറിയിക്കുന്നുവെന്ന് ചടങ്ങിന് സ്വാഗതമാശംസിച്ച മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ പറഞ്ഞു.

കാര്‍ഡിയോ തൊറാസിക് വിഭാഗത്തില്‍ രണ്ട് വെന്റിലേറ്ററുകള്‍ കേടായതിനെത്തുടര്‍ന്ന് ഒട്ടേറെ ശസ്ത്രക്രിയകള്‍ മുടങ്ങിയിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിസന്ധിയിലായ ഘട്ടത്തിലാണ് മാതൃഭൂമി ഇതേക്കുറിച്ച് വാര്‍ത്ത നല്‍കിയത്. കേടായവ അറ്റകുറ്റപ്പണി നടത്താനുള്ള നടപടികള്‍ നീണ്ടുപോയതോടെ സഹായഹസ്തവുമായി ടി.എസ്. കല്യാണരാമനെത്തി. രണ്ടാഴ്ചകൊണ്ട് 35 ലക്ഷം ചെലവില്‍ അയര്‍ലന്‍ഡില്‍ നിന്ന് അത്യാധുനിക സംവിധാനങ്ങളുള്ള രണ്ട് വെന്റിലേറ്റുകള്‍ ഇറക്കുമതി ചെയ്ത് മെഡിക്കല്‍ കോളേജിലെത്തിച്ചു.

ഔദ്യോഗിക കൈമാറ്റത്തിനു കാത്തുനില്‍ക്കാതെ രണ്ടും ഉപയോഗിച്ചുതുടങ്ങിയിരുന്നു. മെഡിക്കല്‍കോളേജില്‍ നടന്ന ചടങ്ങില്‍ വെന്റിലേറ്ററിന്റെ രേഖകള്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍ കൈമാറി.

മാതൃഭൂമി ഡയറക്ടര്‍മാരായ പി.വി. ഗംഗാധരന്‍, ഡോ. ടി.കെ. ജയരാജ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ.പി. സജീത് കുമാര്‍, കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം മേധാവി ഡോ. കെ.എം. കുര്യാക്കോസ്, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ്കുമാര്‍, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. വി.പി. ശശിധരന്‍, ഡോ. എം.പി. ശ്രീജയന്‍ എന്നിവര്‍ സംസാരിച്ചു.