കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കോവൂര്‍, ഇരിങ്ങാടന്‍പള്ളി ഭാഗത്തേക്ക് മലിനജലം ഒഴുകുന്നത് നിര്‍ബാധം തുടരുന്നു. കോവൂര്‍ ഭാഗത്തേക്ക് ഓവുചാലുകളിലൂടെ ഒഴുകിവരുന്ന ആശുപത്രിമാലിന്യങ്ങള്‍ കലര്‍ന്ന വെള്ളം നേരെ ഇരിങ്ങാന്‍പള്ളിയിലെ റോഡരികിലുള്ള കുളത്തിലേക്കാണ് എത്തുന്നത്. ഈ കുളത്തില്‍ നിന്നു ആളുകള്‍ കുടിക്കാനും കുളിക്കാനുംവരെ വെള്ളം ഉപയോഗിക്കുന്നുണ്ട്. ചില അടിയന്തരഘട്ടങ്ങളില്‍ മെഡിക്കല്‍ കോളേജിലേക്ക് ഇവിടെ നിന്ന് വെള്ളം ടാങ്കറില്‍ കൊണ്ടുപോകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

മറുനാടന്‍തൊഴിലാളികള്‍ സ്ഥിരമായി ഇവിടെയാണ് കുളിക്കുന്നതും വസ്ത്രങ്ങള്‍ അലക്കുന്നതും. കഴിഞ്ഞവര്‍ഷം മെഡിക്കല്‍കോളേജില്‍നിന്ന് മലിനജലം ഒഴുക്കിവിടുന്നത് സംബന്ധിച്ചുണ്ടായ പ്രശ്‌നത്തില്‍ ജനപ്രതിനിധികള്‍ ഇടപെട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. താത്കാലികശമനം ഉണ്ടായെങ്കിലും പിന്നീട് മാലിനജലം ഒഴുക്കിവിടുന്നതില്‍ മാറ്റമാന്നുമുണ്ടായില്ല. ആറുമാസത്തോളമായി സ്ഥലവാസികള്‍ മലിനജലത്തിന്റെ ദുരിതം പേറുകയാണ്.

ഇപ്പോള്‍ നിപ വൈറസ് പ്രശ്‌നം നിലനില്‍ക്കുന്ന അവസരത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നു മലിനജലം ഒരു നിയന്ത്രണവുമില്ലാതെ ഒഴുകിയെത്തുന്നത് നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.

കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം ഭാഗികമായി മാത്രമാണ് നടക്കുന്നത്.