കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ പഠനത്തിന് ഉപയോഗപ്പെടുത്തിയതിന് ശേഷമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. കളക്ടര്‍ യു.വി.ജോസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, അനാട്ടമി വിഭാഗം മേധാവി എന്നിവരടങ്ങുന്നതാണ് സമിതി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. മൃതദേഹാവശിഷ്ടങ്ങള്‍ അശാസ്ത്രീയമായി മറവുചെയ്തത് പ്രതിഷേധത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചുചേര്‍ത്തത്.

മെഡിക്കല്‍ കോളേജില്‍ പഠനാവശ്യത്തിന് വര്‍ഷത്തില്‍ 20 മൃതദേഹങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ മൃതദേഹാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാറുണ്ടെന്ന് ആസ്​പത്രി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.

ശാസ്ത്രീയ സംസ്‌കരണ സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് വിദഗ്ധരുടെ സഹായം ലഭ്യമാക്കുന്നതിനായി വിഷയം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായി കളക്ടര്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജ് സംഭവത്തില്‍ കോളേജിന് നോട്ടീസ് നല്‍കിയെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.വി.ബാബുരാജ് പറഞ്ഞു. കോര്‍പ്പറേഷന് മൃതദേഹ സംസ്‌കരണവുമായി സഹകരിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ മെഡിക്കല്‍ കോളേജ് അധികൃതരാണ് ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ മുന്‍കൈ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.