കോഴിക്കോട്: മലബാറിലെ സാധാരണക്കാരുടെ ആശ്രയമായ കോഴിക്കോട് മെഡിക്കല്‍ കോളേജിനുവേണ്ടി ജില്ലയിലെ 13 എം.എല്‍.എ.മാരും ഒന്നിക്കുന്നു. 13 പേരുടെയും വികസനഫണ്ടില്‍ നിന്ന് എട്ടുലക്ഷം രൂപവീതം വകയിരുത്തി മെഡിക്കല്‍ കോളേജിന് 13 വെന്റിലേറ്ററുകള്‍ വാങ്ങിനല്‍കും. ഇതിന് ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചതായി മന്ത്രി ടി.പി. രാമകൃഷ്ണന്റെ ഓഫീസ് അറിയിച്ചു. 13 പേരും നേരത്തേ തീരുമാനമെടുത്തതാണ്

എന്നാല്‍ നിയോജകമണ്ഡലങ്ങളുടെ പരിധിക്ക് പുറത്തായതിനാല്‍ ഇതിന് പ്രത്യേക സര്‍ക്കാര്‍ ഉത്തരവ് ആവശ്യമായിരുന്നു. എം.എല്‍.എ.മാര്‍ ഒപ്പിട്ട സമ്മതപത്രത്തോടെയുള്ള അപേക്ഷ പ്രത്യേക അനുമതിക്കായി ധനകാര്യ വകുപ്പിലേക്ക് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞദിവസമാണ് മാര്‍ഗരേഖയില്‍ ഇളവ് വരുത്തി പണം ഉപയോഗിക്കാന്‍ അനുമതി ലഭിച്ചത്.
 
ടി.പി. രാമകൃഷ്ണനു പുറമെ എം.എല്‍. എ.മാരായ എ. പ്രദീപ് കുമാര്‍, എ.കെ. ശശീന്ദ്രന്‍, കെ. ദാസന്‍, സി.കെ. നാണു, ഇ കെ. വിജയന്‍, ഡോ. എം കെ. മുനീര്‍, വി.കെ.സി. മമ്മദ്‌കോയ, പി.ടി.എ. റഹീം, ജോര്‍ജ് എം. തോമസ്, പുരുഷന്‍ കടലുണ്ടി, കാരാട്ട് റസാഖ്, പാറക്കല്‍ അബ്ദുള്ള എന്നിവരാണ് പങ്കാളികളായത്. മെഡിക്കല്‍കോളേജിന്റെ ആവശ്യങ്ങള്‍ ഇനിയും ഏറെയുണ്ട്. ഇത്തരത്തിലുള്ള എല്ലാ ആവശ്യങ്ങളും പരിഹരിക്കുന്നതിന് നമുക്ക് കൂട്ടായി പരിശ്രമിക്കാമെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.