കോഴിക്കോട്: സ്ത്രീത്വത്തെ അവഹേളിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമുണ്ടെന്ന് വ്യക്തമായതിനാല്‍ 'കസബ'സിനിമക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മമ്മൂട്ടി നായകനായ ചിത്രത്തിന്റെ നിര്‍മാതാവിനും വിതരണക്കാരനും സിനിമ പ്രദര്‍ശിപ്പിച്ച ശ്രീ തിയേറ്ററിനുമെതിരെയാണ് കേസ്.

ചേവായൂര്‍ സ്വദേശി കെ. സലീല്‍ നല്‍കിയ പരാതിയിലാണ് കസബ സി.ഐ. പി. പ്രമോദ് കേസെടുത്തത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള 1983-ലെ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ആരോപണം പരിശോധിക്കാനായി വനിതാ തഹസില്‍ദാര്‍ ചിത്രം കണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് കളക്ടര്‍ക്ക് പോലീസ് അപേക്ഷ നല്‍കിയിരുന്നു.
 
എന്നാല്‍, ഇതില്‍ നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസ് തന്നെ സിനിമ പരിശോധിച്ചു.
ഐ.പി.സി. 292-ാം വകുപ്പ് പ്രകാരവും ഛായാഗ്രഹണ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.