കോഴിക്കോട്: പുഷ്പാ ജങ്ഷനില്‍ കല്ലായി റോഡില്‍ രണ്ടുവര്‍ഷം മുമ്പുവരെ ഒരു വായനശാലയുണ്ടായിരുന്നു. കെ.എം.എസ്. വായനശാല എന്ന കുന്നിക്കല്‍ മാധവന്‍ സ്മാരക വായനശാല.

കെ.പി.സി.സി. അംഗവും കോണ്‍ഗ്രസ് നേതാവുമായ മാധവന്റെ ഓര്‍മയിലുള്ള വായനശാലയ്ക്ക് 65 വര്‍ഷത്തെ പഴക്കമുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നഗരറോഡ് വികസനത്തിന്റെ ഭാഗമായിട്ടായിരുന്നു രണ്ടുവര്‍ഷം മുമ്പ് ഇരുനിലക്കെട്ടിടമുള്‍പ്പെട്ട അക്ഷരകേന്ദ്രം പൊളിച്ചുമാറ്റിയത്.

പഴയതും പുതിയതുമായ 12,000-ത്തോളം പുസ്തകങ്ങളുണ്ടായിരുന്നു ഇവിടെ. ഒപ്പം ഫര്‍ണിച്ചറുകളും. ഇവയെല്ലാം അര്‍ബന്‍ ബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്. എ ഗ്രേഡ് വായനശാലയായിരുന്നു ഇത്. കെട്ടിടം പൊളിക്കുമ്പോള്‍ അതിനെതിരേ ജില്ലാ കളക്ടര്‍ക്ക് വായനശാലാ പ്രവര്‍ത്തകര്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ യാതൊരു ഫലവുമുണ്ടായില്ലെന്ന് വായനശാലയുടെ ആക്ടിങ് സെക്രട്ടറിയും നിര്‍വാഹകസമിതി അംഗവുമായ പി.ബി. മുരളി ഭാസ് പറഞ്ഞു. വായനശാല പൊളിക്കുമ്പോള്‍ എ.ടി. അബ്ദുള്ളക്കോയയായിരുന്നു വായനശാലയുടെ പ്രസിഡന്റ്.

മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കെ.പി. കേശവമേനോന്‍ ആണ് വായനശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. എ.വി. കുട്ടിമാളു അമ്മയായിരുന്നു അധ്യക്ഷ. ജസ്റ്റിസ് ബാലകൃഷ്ണന്‍ ഏറാടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ 1951-ലാണ് ഗ്രന്ഥാലയം പ്രവര്‍ത്തനം തുടങ്ങിയത്. അമ്പാളി കരുണാകരന്‍ ആയിരുന്നു പ്രസിഡന്റ്. അദ്ദേഹത്തിന്റെ സഹോദരന്‍ കുന്നിക്കല്‍ നാരായണന്‍ സെക്രട്ടറിയായിരുന്നു. ഏറെക്കാലം എസ്.കെ. പൊറ്റെക്കാട്ട് പ്രസിഡന്റായിട്ടുണ്ട്. എന്‍.എന്‍. കക്കാട് ലൈബ്രേറിയനായിരുന്നു.

പ്രൊഫ. എ.പി.പി. നമ്പൂതിരി, പ്രൊഫ. ഹൈമാവതി തായാട്ട് എന്നിവരും വായനശാലയുടെ അമരക്കാരായിട്ടുണ്ട്.

ഇ.എം.എസ്, എ.കെ.ജി. എന്നിവര്‍ ഈ ലൈബ്രറിക്ക് വേണ്ടി പുസ്തകങ്ങള്‍ സംഭാവനചെയ്തു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഇന്‍ഡോ-സോവിയറ്റ് സാംസ്‌കാരികമേളകള്‍, ഇന്‍ഡോ-ചൈന സാംസ്‌കാരികമേള, ഫിലിം മേളകള്‍, തെരുവുനാടകങ്ങള്‍ എന്നിവയ്ക്ക് നേതൃത്വംനല്‍കി. നാഗ്ജി ഫുട്‌ബോള്‍ മത്സരത്തിന് വായനശാലയുടെ ടീം കളിച്ചിട്ടുണ്ട്. ഏറെ സാംസ്‌കാരികപാരമ്പര്യം അവകാശപ്പെടാനുള്ള വായനശാല എന്ന് പ്രവര്‍ത്തനം തുടങ്ങുമെന്ന ആശങ്കയിലാണ് അക്ഷരപ്രേമികള്‍.

എന്നാല്‍ എ.കെ.ജി. മേല്‍പ്പാലത്തിന് സമീപമോ അര്‍ബന്‍ ബാങ്കിനുള്ളില്‍ പുതുതായി നിര്‍മിക്കാന്‍പോകുന്ന കെട്ടിടത്തിലോ വായനശാല നിര്‍മിക്കുമെന്ന് പ്രസിഡന്റ് അബ്ദുള്ളക്കോയ പറഞ്ഞു. ഇതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.