കോഴിക്കോട്: ഹിന്ദുത്വത്തിന്റെ പേരില്‍ അധികാരത്തിലേറിയ ബി.ജെ.പി. സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സാധാരണക്കാരായ ഹൈന്ദവ വിശ്വാസികളെയല്ല ബി.ജെ.പി. ലക്ഷ്യം വെയ്ക്കുന്നത്. അദാനി, അംബാനി തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും കോടിയേരി പറഞ്ഞു. ഗോവിന്ദപുരത്ത് കെ.കെ. രാമന്‍ സ്മാരക മന്ദിരത്തില്‍ പുതുതായി നിര്‍മിച്ച ഹാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ കോര്‍പറേറ്റ്വത്കരണമാണ് രാജ്യത്ത് നടക്കുന്നത്. നേരത്തേ രാജ്യത്തെ സമ്പന്നരായ ഒരു ശതമാനം ആളുകളുടെ കൈവശം 49 ശതമാനം ധനമാണ് ഉണ്ടായിരുന്നതെങ്കില്‍, ഇപ്പോഴത് 58 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിനിടയ്ക്ക് 36,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയില്‍ ഈ വര്‍ഷംമാത്രം 700 കര്‍ഷക ആത്മഹത്യ നടന്നു.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള സംസ്ഥാനവിഹിതം നല്‍കിയില്ലെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

കേന്ദ്രവിഹിതം പിന്നീട് തിരിച്ചുതരാമെങ്കില്‍ സംസ്ഥാനം വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ വഴങ്ങിയില്ല. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസും ബി.ജെ.പി.യും നടത്തുന്നത്. രാവിലെ ചെന്നിത്തല നടത്തുന്ന പ്രസ്താവന വൈകീട്ട് കുമ്മനം കോപ്പിയടിക്കുകയാണ് ചെയ്യുന്നതെന്നും കോടിയേരി ആരോപിച്ചു.

കെ.കെ. രാമന്‍ സ്മാരകമന്ദിരത്തില്‍ ജി.പി. ദാമോദരന്‍, സി.കെ. ശ്രീധരന്‍ എന്നിവരുടെ പേരിലാണ് ഹാള്‍ നിര്‍മിച്ചിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ചേമ്പില്‍ വിവേകാനന്ദന്‍ അധ്യക്ഷത വഹിച്ചു. എം.സി. അനില്‍കുമാര്‍, കെ. ബാബു എന്നിവര്‍ സംസാരിച്ചു.