കോഴിക്കോട്: ഹര്‍ത്താലിന്റെ പേരില്‍ ജില്ലയില്‍ പലേടത്തും അക്രമികളുടെ അഴിഞ്ഞാട്ടം. കടകളടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തതോടെ ജനങ്ങള്‍ ദുരിതത്തിലായി. വാട്‌സാപ്പ്, ഫെയ്‌സ് ബുക്ക് കൂട്ടായ്മകളുടെ ബാനറില്‍ നേതൃത്വമോ ഉത്തരവാദിത്വമോ ഇല്ലാതെ രംഗത്തിറങ്ങിയവരാണ് അക്രമം നടത്തിയത്. സിറ്റിപോലീസ് ജില്ലാപരിധിയില്‍ മാത്രം എണ്‍പതോളം പേരെ അറസ്റ്റുചെയ്തു. കരുതല്‍ തടങ്കലുള്‍പ്പെടെയാണിത്.

പോലീസ് എത്തി അക്രമികളെ തുരത്തിയെങ്കിലും അടഞ്ഞ കടകള്‍ മിക്കവയും പിന്നെ തുറന്നില്ല. ഓട്ടം നിര്‍ത്തിയ ബസുകള്‍ പിന്നെ ഓടിയതുമില്ല. ഹര്‍ത്താലിന്റെ പേരില്‍ തീവ്രസ്വഭാവമുള്ള ചില സംഘടനകളില്‍പ്പെട്ടവര്‍ അക്രമം നടത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ബേപ്പൂര്‍ മാത്തോട്ടം വനശ്രീക്ക് മുന്നില്‍ അക്രമം അഴിച്ചുവിട്ടവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. സിറ്റി പോലീസ് ചീഫ് കാളിരാജ് എസ്. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സായുധപോലീസ് സംഘമാണ് അക്രമികളെ വിരട്ടിയോടിച്ചത്. പത്തുപേരെ അറസ്റ്റുചെയ്തു. മിഠായിത്തെരുവില്‍ തുറന്ന കടകള്‍ ഒരുസംഘം എത്തി അടപ്പിച്ചു. പോലീസ് അവരെ വിരട്ടിയോടിച്ചു. കടകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സുരക്ഷ നല്‍കാമെന്നു പറഞ്ഞെങ്കിലും മിക്കവരും കട തുറന്നില്ല. മൊഫ്യൂസില്‍ സ്റ്റാന്‍ഡിലെ ഒരു മാളിലും ഹര്‍ത്താലനുകൂലികള്‍ കടകളടപ്പിച്ചു. കിണാശ്ശേരിയില്‍ വാഹനങ്ങള്‍ തടഞ്ഞ ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു.

പരപ്പന്‍പൊയിലില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് രണ്ട് ഗ്രനേഡുകള്‍ പൊട്ടിച്ചു. മുക്കം, താമരശ്ശേരി, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു. ഹര്‍ത്താലനുകൂലികളെ പോലീസ് മാറ്റിയാലുടന്‍ വീണ്ടും ആളുകളെത്തി പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു. ഈ റൂട്ടില്‍ ബസുകള്‍ ഓട്ടം നിര്‍ത്തിയത് ആളുകള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കി. ഉള്ളിയേരി, കടിയങ്ങാട് പാലം, കൊയിലാണ്ടി, വടകര, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളിലും വാഹനങ്ങള്‍ തടയുകയും കടകളടപ്പിക്കുകയും ചെയ്തു.

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കുനേരെ മലപ്പുറം ജില്ലയില്‍ ആക്രമണമുണ്ടായതിനാല്‍ കോഴിക്കോട് പാലക്കാട് റൂട്ടില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. പോലീസ് ഇടപെട്ട് സുരക്ഷ ഉറപ്പാക്കിയതിനെത്തുടര്‍ന്ന് ഉച്ചയ്ക്കുശേഷമാണ് ബസ്സോട്ടം പുനരാരംഭിച്ചത്. ആവശ്യത്തിന് പോലീസ് ഇല്ലാതിരുന്നതാണ് മിക്കയിടങ്ങളിലും അക്രമികള്‍ക്ക് വളമായത്. തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്തശേഷമാണ് പലേടത്തും വാഹനങ്ങള്‍ കടത്തിവിട്ടത്.

സാമൂഹികമാധ്യമങ്ങളില്‍ ഞായറാഴ്ച മുതലാണ് ഹര്‍ത്താല്‍ പ്രചാരണമുണ്ടായത്. തിങ്കളാഴ്ച രാവിലെ കടകള്‍ തുറക്കുകയും ബസുകളോടുകയും ചെയ്‌തെങ്കിലും ഹര്‍ത്താലനുകൂലികളെന്ന പേരില്‍ ചിലര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വിഷു അവധിയുടെ പിറ്റേന്നായതിനാല്‍ പൊതുവെ വാഹനങ്ങള്‍ കുറവായിരുന്നു. ഓടിയ വാഹനങ്ങള്‍ ഹര്‍ത്താലിന്റെ പേരില്‍ തടഞ്ഞതോടെ അവധി കഴിഞ്ഞ് മടങ്ങുന്നവരും പ്രയാസത്തിലായി.

പരപ്പന്‍പൊയിലില്‍ ഗ്രനേഡുകള്‍ പൊട്ടിച്ചു

താമരശ്ശേരി:
താമരശ്ശേരി, കൊടുവള്ളി മേഖലകളിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡുകളില്‍ തടസ്സങ്ങളുണ്ടാക്കി. പലയിടത്തും റോഡുകളില്‍ മരങ്ങളും ടയറുകളും മറ്റുമിട്ട് കത്തിച്ചു. വാഹനങ്ങളെ തടഞ്ഞിട്ടു. മേഖലയിലെ മിക്ക അങ്ങാടികളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. പെട്രോള്‍ പമ്പുകള്‍ അടപ്പിച്ചു.

ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി. പരപ്പന്‍പൊയിലില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് രണ്ട് ഗ്രനേഡുകള്‍ പൊട്ടിച്ചു. സ്ഥലത്തെത്തിയ പോലീസിനെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ഗ്രനേഡ് പൊട്ടിച്ചത്. കൊടുവള്ളി വാവാട് താമരശ്ശേരി ഡിവൈ.എസ്.പി. പി.സി. സജീവന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്തു. എ.എസ്.ഐ.യെ തടയാന്‍ ശ്രമിച്ചതിന് ഏതാനും പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

പുതുപ്പാടി മലോറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങളെ തടഞ്ഞിട്ടത് സംഘര്‍ഷത്തില്‍ കലാശിച്ചു. കാര്‍ യാത്രികനെ കൈയേറ്റം ചെയ്തു. താമരശ്ശേരി മേഖലയിലെ അക്രമസംഭവങ്ങളില്‍ പോലീസ് പത്ത് പേരെ കസ്റ്റഡിയിലെടുത്തു. നൂറോളം പേര്‍ക്കെതിരേ കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസിനെ തടഞ്ഞതിനുമുള്‍പ്പെടെ അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തു. കൊടുവള്ളിയില്‍ പതിനെട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്പതോളം ആളുകളുടെ പേരില്‍ കേസെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.