കോഴിക്കോട്: രാജ്യത്ത് സ്വകാര്യവത്കരണ നയമാണ് മോദിസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ. ഹേമലത പറഞ്ഞു. സി.ഐ.ടി.യു. അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലിന്റെ ഭാഗമായുള്ള 'ജന്‍ ഏകതാ ജന്‍ പ്രതിരോധ് ജന്‍ അധികാര്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പ്രതിരോധമേഖലയിലെ നിര്‍മാണയൂണിറ്റുകളില്‍ ഭൂരിഭാഗവും സ്വകാര്യമേഖലയ്ക്ക് നല്‍കി. തോക്ക് നിര്‍മാണം പോലും ഈ രീതിയിലാക്കി. റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യവത്കരിച്ചു.

നവ ലിബറല്‍ നയങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം തൊഴിലാളിവിരുദ്ധനയങ്ങളാണ് നടപ്പാക്കിയത്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ 46 ശതമാനം തൊഴിലും കരാറടിസ്ഥാനത്തിലാക്കി. ചെറുകിട സംരംഭങ്ങള്‍ ഇല്ലാതായി. നോട്ടുനിരോധനത്തിലൂടെ കള്ളപ്പണം ഇല്ലാതാക്കുമെന്ന് മോദി പറഞ്ഞു. എന്നാല്‍ വിദേശനിക്ഷേപമുള്ള വലിയ മുതലാളിമാര്‍ക്ക് ഒന്നും സംഭവിച്ചില്ല. നീരവ് മോദിയെ പോലുള്ളവര്‍ കോടികളുടെ തട്ടിപ്പു നടത്തുന്നു -ഡോ. ഹേമലത പറഞ്ഞു.

പലതരം സമരങ്ങള്‍ രാജ്യത്ത് ഉയരുന്നുണ്ട്. വിദ്യാര്‍ഥികളും ചെറുപ്പക്കാരും തൊഴിലാളികളും വിവിധ മേഖലകളിലുള്ളവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരേ ഒറ്റക്കെട്ടായ സമരം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് മഹാരാഷ്ട്രയില്‍ ലോങ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ പറഞ്ഞു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. കുഞ്ഞുങ്ങള്‍ പട്ടിണികിടന്ന് മരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സമരത്തിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു. പി. സതീദേവി അധ്യക്ഷയായി. എ. വിജയരാഘവന്‍, മുഹമ്മദ് റിയാസ്, സച്ചിദേവ്, കെ.ടി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.