കോഴിക്കോട്: മുതലാളിത്ത ശക്തികളുടെയും മാധ്യമങ്ങളുടെയും പിന്‍ബലത്തോടെ വ്യാജസമരങ്ങള്‍ നടക്കുന്ന കാലമാണിതെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. പുതിയങ്ങാടി ഗവ. എല്‍.പി. സ്‌കൂളില്‍ കെ.ടി. മുഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമയത്തെപ്പോലും നവ മുതലാളിത്ത ശൈലി വില്പനയ്ക്കുവയ്ക്കുന്നു. പശുവിനെ പൂജിക്കുന്നുവെന്ന നാട്യത്തില്‍ മനുഷ്യരെ കൊല്ലുന്ന കാലമാണിത്.

നവോത്ഥാന നായകരുടെ പേരില്‍ 14 ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ ആരംഭിക്കും. സ്ഥലം കിട്ടിയാല്‍ കെ.ടി.ക്ക് പുതിയങ്ങാടിയില്‍ സ്മാരകം നിര്‍മിക്കും. അതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി എം.എല്‍.എ.യോട് ആവശ്യപ്പെട്ടു.

ജീവിതത്തിലും നാടകത്തിലും വിപ്ലവകാരിയായിരുന്ന കെ.ടി.യുടെ നാടകങ്ങള്‍ കാലത്തെ ജയിച്ചും കാലഹരണപ്പെടാതെ തുടരുന്നുവെന്ന് അധ്യക്ഷത വഹിച്ച എ. പ്രദീപ് കുമാര്‍ എം.എല്‍.എ. പറഞ്ഞു.

സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ., പി. മോഹനന്‍, പ്രൊഫ. സി.പി. അബൂബക്കര്‍, കെ. ചന്ദ്രന്‍, കെ.വി. ബാബുരാജ്, ജാനമ്മ കുഞ്ഞുണ്ണി, എന്‍. രാധാമോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ടിക്കൊപ്പം നാടകങ്ങളില്‍ പ്രവര്‍ത്തിച്ച 36 പേരെ ആദരിച്ചു.