കോഴിക്കോട്: സിവില്‍സ്റ്റേഷന്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന്റെ ബോര്‍ഡ് മാറ്റിയതിനെതിരേ ജില്ലാ പഞ്ചായത്ത്. ആയിരത്തോളം പേര്‍ പഠിക്കുന്ന അര്‍ധസര്‍ക്കാര്‍ സ്ഥാപനമായ കേന്ദ്രത്തെ തകര്‍ക്കാനുള്ള സംഘടിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജില്ലാപഞ്ചായത്ത് അധികൃതരും സ്ഥാപനജീവനക്കാരും പറയുന്നു.
കേന്ദ്രത്തിന്റെ ബോര്‍ഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.സി. ശോഭിത രംഗത്തെത്തിയിരുന്നു. കൗണ്‍സിലറോടൊപ്പം ബോര്‍ഡ് നീക്കണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയ കാരപ്പറമ്പ് സ്വദേശി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് ആരോപണമുണ്ട്. കൗണ്‍സിലര്‍ക്കും മറ്റു രണ്ടുപേര്‍ക്കുമെതിരേയാണ് പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തത്.
ബോര്‍ഡ് പുനഃസ്ഥാപിക്കണമെന്നും രാത്രിയില്‍ ബോര്‍ഡ് നശിപ്പിച്ചവരെ ശിക്ഷിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ആവശ്യപ്പെട്ടു. സ്‌കൂളിന്റെ ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍ ജില്ലാപഞ്ചായത്ത് യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. തര്‍ക്കം നിലനില്ക്കുന്നുണ്ടെങ്കിലും ആറുസെന്റ് ജില്ലാ പഞ്ചായത്തിന്റെ ഉപയോഗത്തിലുള്ളതാണ്. റവന്യൂ വകുപ്പിന്റേതാണ് ആ ഭൂമി. രണ്ട് ആശ്വാസ കേന്ദ്രങ്ങള്‍ക്കായി 16 വര്‍ഷം മുമ്പ് അന്നത്തെ കളക്ടര്‍ റവന്യൂവകുപ്പിന് നല്‍കിയതാണ്. 15 ലക്ഷം ചെലവഴിച്ച് ജില്ലാപഞ്ചായത്ത് അവിടെ നൈപുണ്യവികസന കേന്ദ്രത്തിനായി കെട്ടിടം പണിതു. 30 സെന്റ് സ്ഥലം നൈപുണ്യ വികസനത്തിന് കിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ബോര്‍ഡ് പൊളിച്ചുനീക്കേണ്ട യാതൊരു സാഹചര്യവും ഇപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. 12 ജീവനക്കാര്‍ ജോലി ചെയ്യുന്ന ഒരു സ്ഥാപനമാണെന്നതുപോലും കൗണ്‍സിലര്‍ പരിഗണിച്ചില്ലെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി.
നടക്കാവ് സ്റ്റേഷനിലെ പ്രൊബേണറി എസ്.ഐ. പി.എം. നിധീഷ്, എ.എസ്.ഐ. പീതാംബരന്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. എന്നാല്‍ രാത്രി ബോര്‍ഡ് നശിപ്പിച്ചത് താനല്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും കോര്‍പ്പറേഷന്‍ എട്ടാം വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. ശോഭിത പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കാലത്ത് സര്‍ക്കാര്‍ സ്‌കൂളിനെതിരാവുന്ന നീക്കത്തെയാണ് തടഞ്ഞത്. സ്‌കൂള്‍ അധികൃതരെയും കോര്‍പ്പറേഷന്‍ സെക്രട്ടറിയെയും പോലീസിനെയും ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നു. സ്‌കൂളിന്റെ സ്ഥലത്ത് ബോര്‍ഡ് സ്ഥാപിക്കാന്‍ ആര്‍ക്കും അവകാശമില്ല. നൈപുണ്യവികസന കേന്ദ്രംപോലെതന്നെ സ്‌കൂളും സംരക്ഷിക്കപ്പെടണമെന്നാണ് തന്റെ അഭിപ്രായമെന്ന് കൗണ്‍സിലര്‍ പറഞ്ഞു.
ബോര്‍ഡിന് ഒരുദിവസത്തെ പോലും ആയുസ്സുണ്ടായില്ല. കേന്ദ്ര-കേരള സര്‍ക്കാരുകളുടെയും സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ലൈസന്‍സിങ്ങിന്റെയും കുടുംബശ്രീയുടെയുമൊക്കെ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനത്തോട് സാമാന്യ മര്യാദപോലും കാണിക്കാതെയാണ് കൗണ്‍സിലര്‍ പ്രതികരിച്ചത്.
-പ്രൊഫ. കെ. ശ്രീധരന്‍, ഡയറക്ടര്‍, നൈപുണ്യ വികസന കേന്ദ്രം, കോഴിക്കോട്.