കോഴിക്കോട്: ആദിവാസികളുടെ ജീവിതവും കലയും മാത്രമേ എല്ലാവരും ഗവേഷണവിധേയമാക്കുന്നുള്ളൂവെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ കെ. സഹദേവന്‍ പറഞ്ഞു. കിര്‍താട്‌സ് സംഘടിപ്പിച്ച രണ്ടുദിവസത്തെ ദേശീയ സെമിനാറില്‍ 'ആദിവാസിജനതയുടെ കുടിയൊഴിപ്പിക്കലും പുനരധിവാസവും പ്രശ്‌നങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
 
പ്രധാന പ്രശ്‌നങ്ങളായ കുടിയൊഴിപ്പിക്കലിനും പുനരധിവാസത്തിനും സര്‍ക്കാരോ മാധ്യമങ്ങളോ വേണ്ടവിധത്തിലുള്ള പരിഗണന നല്‍കുന്നില്ല. നര്‍മദാ അണക്കെട്ടിനെതിരായുള്ള നര്‍മദാ ബചാവോ ആന്ദോളന്റെ നേതൃത്വത്തില്‍ ആദിവാസി-കര്‍ഷക മേഖലയിലുള്ളവര്‍ നടത്തിയ സമരത്തിന് മാത്രമാണ് ലോകശ്രദ്ധകിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
 
കിര്‍താട്‌സ് ഡയറക്ടര്‍ എസ്. ബിന്ദു, ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. മിനി, വി.എസ്. സുഭാഷ്, ശ്രീരാമന്‍ കൊയ്യോന്‍, ഡോ. കെ.എസ്. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.