കോഴിക്കോട്: നൂറ്റിമൂന്ന് മിനിറ്റ് നീണ്ട ഉദ്ഘാടനപ്രസംഗത്തില്‍ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ സ്​പര്‍ശിക്കാത്തതായി ഒന്നുമില്ല. പാര്‍ട്ടി ഭടന്മാര്‍ക്കുള്ള ക്ലാസ് പോലെ ലക്ഷണമൊത്തതായിരുന്നു അവതരണം. കാള്‍മാര്‍ക്‌സിന്റെ മൂലധനത്തിന്റെ സര്‍വകാലപ്രസക്തിമുതല്‍ ബദല്‍നയം നടപ്പാക്കുന്ന കേരളസര്‍ക്കാരിന് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള കിഫ്ബി വരെ പലവിധ വിഷയങ്ങള്‍ പ്രസംഗത്തില്‍ കയറിയിറങ്ങി. അന്താരാഷ്ട്രം, ദേശീയം, സംസ്ഥാനം എന്നിങ്ങനെ ക്രമം തെറ്റാത്ത അവതരണം.

പ്രസംഗം ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒരു ചുമ. വെള്ളം കുടിക്കാനായി ഒന്നുനിര്‍ത്തി. പിന്നെ തടസ്സമൊന്നുമില്ലാതെ തുടര്‍ച്ച. സാമ്രാജ്യത്വത്തിന്റെ ഭീഷണി, അതിനെതിരായ ചെറുത്തുനില്‍പ്പുകള്‍, ബി.ജെ.പി. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍, വര്‍ഗീയ അജന്‍ഡ, ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കര്‍ഷകര്‍ക്കുമെതിരായ നീക്കങ്ങള്‍, അതിനെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷഐക്യത്തിന്റെ പ്രസക്തി, കേരളസര്‍ക്കാരിന്റെ ബദല്‍വികസനമാതൃക തുടങ്ങിയവയാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ കടന്നുവന്നത്.

മുതലാളിത്തത്തിന്റെ നവഉദാരീകരണത്തിലൂന്നിയുള്ള നയങ്ങള്‍ കാരണം ലോകമെമ്പാടും ജനജീവിതം ദുസ്സഹമായിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരായ വലിയപ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവയ്ക്ക് വര്‍ഗവീക്ഷണമില്ലാത്തതിനാല്‍ ബദല്‍നയം രൂപപ്പെടുത്താനാവുന്നില്ല. വലതുപക്ഷശക്തികളും വംശീയവാദികളും മറ്റു പിന്തിരിപ്പന്‍ ശക്തികളും ജനങ്ങളുടെ അതൃപ്തിയെ ദുരുപയോഗിക്കുന്നുമുണ്ട്.

ഫ്രാന്‍സിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വലതുപക്ഷത്തിനുണ്ടായ പരാജയവും ബ്രിട്ടനില്‍ ലേബര്‍പാര്‍ട്ടിയുടെ വിജയവും പലസ്തീനെതിരായ അമേരിക്കയുടെ നിലപാടിനെ പരസ്യമായി ലോകരാഷ്ട്രങ്ങള്‍ എതിര്‍ക്കുന്നതും ശുഭസൂചനകളാണ്. അമേരിക്കയുടെ ഏകലോകക്രമത്തെ വെല്ലുവിളിക്കുന്ന മുന്നേറ്റങ്ങള്‍ ലോകമെങ്ങും ശക്തിപ്പെടുന്നുണ്ട്. ചൈന, വെനസ്വേല, ഇക്വഡോര്‍, വിയറ്റ്‌നാം, വടക്കന്‍കൊറിയ എന്നീ രാജ്യങ്ങളുടെ ചെറുത്തുനില്‍പ്പ് ശക്തമാണ്. തൊഴിലാളിയെ മാത്രമല്ല, മണ്ണിനെയും ചൂഷണം ചെയ്യുകയാണ് മുതലാളിത്തം എന്ന് മൂലധനത്തില്‍ മാര്‍ക്‌സ് രേഖപ്പെടുത്തിയത് ശരിയാണെന്ന് അനുഭവത്തിലൂടെ തെളിയുകയാണിപ്പോള്‍ -പിണറായി പറഞ്ഞു.