കോഴിക്കോട്: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തിനുശേഷം വനിതാ കമ്മിഷന്‍ അംഗങ്ങളായ എം.എസ്. താര, ഷിജി ശിവജി എന്നിവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തൊഴിലിടങ്ങളിലെ പീഡനവും ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ കമ്മിഷന്റെ പരിഗണനയ്ക്കു വന്നു.

തൊഴില്‍സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികള്‍ വേണമെന്ന ചട്ടം പാലിക്കപ്പെടുന്നില്ലെന്നും സമിതികള്‍ കൃത്യമായി പരാതികള്‍ പരിശോധിക്കുന്നില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.

ദുരൂഹസാഹചര്യത്തില്‍ അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പെണ്‍കുട്ടിയുടെയും അമ്മയുടെയും സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മിഷന്‍ സാമൂഹികനീതിവകുപ്പിന് നിര്‍ദേശം നല്‍കി.

പ്ലസ്ടുവിന് 75 ശതമാനം മാര്‍ക്ക് നേടിയ പെണ്‍കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസത്തിന് സാധ്യമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും നിലവില്‍ അടച്ചുറപ്പില്ലാത്ത ഷെഡ്ഡിലാണ് കുടുംബം താമസിക്കുന്നതെന്നും കമ്മിഷന്‍ പറഞ്ഞു.

അദാലത്തില്‍ പരിഗണിച്ച 77 കേസുകളില്‍ 19 എണ്ണം തീര്‍പ്പാക്കി. മൂന്നെണ്ണം സമ്പൂര്‍ണ കമ്മിഷന്റെ പരിഗണനയ്ക്കു വിടുകയും ഏഴെണ്ണം വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിന് അയക്കുകയും ചെയ്തു. 36 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. കക്ഷികള്‍ ഹാജരാകാത്ത 12 കേസുകളും അടുത്ത അദാലത്തില്‍ പരിഗണിക്കും.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് സംസ്ഥാന വനിതാകമ്മിഷന് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ദേശീയ വനിതാ കമ്മിഷന്റെ ഇത് സംബന്ധിച്ച പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു. കേരളത്തിന്റെ സാമൂഹിക

സാഹചര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ദേശീയ കമ്മിഷന്റെ പ്രസ്താവനയെന്നും എം.എസ്. താര കൂടിച്ചേര്‍ത്തു.