കോഴിക്കോട്: ''ഭരണകൂടമാണോ സുതാര്യമാകേണ്ടത്... ജനങ്ങളാണോ... വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ മുഴുവന്‍ ആധാറിലൂടെ ശേഖരിക്കുമ്പോള്‍ അവരുടെ ചിന്തകളെവരെ സ്വകാര്യവത്കരിക്കുകയാണ്... ഇന്ത്യപോലുള്ള ജനാധിപത്യരാജ്യത്തില്‍ ജനങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ മാത്രമേ ഇതുപകരിക്കൂ...'' ഗൗരി നയം വെളിപ്പെടുത്തുമ്പോഴേക്കുമെത്തി രോഷ്‌നിയുടെ മറുവാദം, ''രാജ്യത്തിന്റെ ക്ഷേമത്തിനുമുന്നില്‍ സ്വകാര്യതയുടെ പ്രാധാന്യമെന്താണ്. പല വിവരങ്ങളും രാജ്യതാത്പര്യത്തിനായി നല്‍കേണ്ടിവരികതന്നെ ചെയ്യും''.

ഫെഡറല്‍ബാങ്ക് മാതൃഭൂമിയുടെ സഹകരണത്തോടെ നടത്തിയ സ്​പീക്ക് ഫോര്‍ ഇന്ത്യ കേരള എഡിഷന്റെ ജില്ലാതല മത്സരത്തിലാണ് വിദ്യാര്‍ഥികള്‍ ആധാറിന്റെ നല്ലതും ചീത്തയുമായ വശങ്ങള്‍ തുറന്നുകാട്ടിയത്. 'ആധാര്‍ വിവര ഉപയോഗം സ്വകാര്യതയുടെ ലംഘനമാണ്' എന്ന വിഷയത്തിലായിരുന്നു സംവാദം.

നമ്മുടെ വീട്ടുകാര്‍ അറിയാത്ത കാര്യങ്ങള്‍പോലും ലോകം മുഴുവന്‍ അറിയുന്ന സ്ഥിതിവിശേഷമാണ് ആധാറിലൂടെ സംജാതമാകാന്‍ പോകുന്നത്. ധാര്‍മികതയ്ക്ക് നിരക്കാത്തതാണ് ഇതെന്ന് ധ്രുവി പറഞ്ഞപ്പോള്‍ ഏറ്റവും ലളിതമായ രീതിയിലുള്ള രേഖയാണിതെന്നും കണ്ണുംപൂട്ടി എതിര്‍ക്കേണ്ട കാര്യമെന്തെന്നുമായിരുന്നു ഫാദിലിന്റെ മറുവാദം.

ആധാറിലൂടെ മഹേന്ദ്രസിങ് ധോനിയുടെ വിവരങ്ങള്‍ ചോര്‍ന്നതും അദ്ദേഹത്തിന്റെ ഭാര്യയോട് മന്ത്രി മാപ്പ് പറഞ്ഞതുമൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും സുപ്രീംകോടതിയില്‍മാത്രം 24 കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നുമായിരുന്നു ശാരികയുടെ വാദം. 12അക്ക നമ്പറിലേക്ക് വ്യക്തികളുടെ ലോകം ചുരുക്കുന്നതിനോളം വലിയ വിഡ്ഢിത്തമില്ലെന്നും ജനനം മുതല്‍ മരണംവരെ ആധാറുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യമെന്തെന്ന ചോദ്യവും വിദ്യാര്‍ഥികള്‍ ഉന്നയിച്ചു.

വെള്ളിമാടുകുന്ന് ഗവ. ലോ കോളേജില്‍ നടത്തിയ സംവാദത്തില്‍ ഹംദ ഹനാന്‍, ആലിയ നാസര്‍, ഖദീജാ നസ്രീന്‍ ഹാരിഷ്, ഹാഷിക് (ഫാറൂഖ് കോളേജ്), പി.പി. ഷിഹാസ് അഹമ്മദ് (മടപ്പള്ളി ഗവ. കോളേജ്), എ.കെ. ഹംസത്ത് ലിബാന്‍ (മഹ്‌ളാര കോളേജ്), എം. സ്‌നേഹാ മോഹന്‍, എ.പി. ആയിഷ ഫെബിന (ഗവ. ലോ കോളേജ്, കോഴിക്കോട്), നാജിയ (ശ്രീഗോകുലം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്), ധ്രുവി ഷാ (പ്രോവിഡന്‍സ് വിമന്‍സ് കോളേജ്), ഫാദില്‍ ബഷീര്‍ (കുറ്റിപ്പുറം എം.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ്), കെ. കീര്‍ത്തി ദാമോദര്‍, കാവ്യാമാധവന്‍ കൃഷ്ണന്‍, പി.ബി. ദേവപ്രസാദ് (ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോളേജ്) എന്നിവര്‍ വിജയികളായി.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു എം. നമ്പ്യാര്‍, യൂണിയന്‍ സബ്കമ്മിറ്റി സെക്രട്ടറി ശ്രീജുല്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ഫെഡറല്‍ ബാങ്ക് അസി. വൈസ് പ്രസിഡന്റും ബ്രാഞ്ച് ഹെഡുമായ ബേബി ജോസഫ്, തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി പ്രൊഫ. എന്‍.ആര്‍. അനില്‍കുമാര്‍, മാതൃഭൂമി ഓണ്‍ലൈന്‍ സബ്എഡിറ്റര്‍ അജീഷ് പ്രഭാകരന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.