കോഴിക്കോട്: എം.വി. രാഘവന്‍ ഉയര്‍ത്തിയ രാഷ്ട്രീയം സി.പി.എമ്മും ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയും വര്‍ഷങ്ങള്‍ക്കുശേഷം അംഗീകരിച്ചിരിക്കയാണെന്ന് സി.എം.പി. ജനറല്‍സെക്രട്ടറി സി.പി.ജോണ്‍ പറഞ്ഞു. വിശാലമായ കാഴ്ചപ്പാടോടെയുള്ള രാഷ്ട്രീയഐക്യത്തിനായുള്ള യെച്ചൂരിയുടെ അഭിപ്രായം ഒരു വോട്ടിനാണ് സി.പി.എം. കേന്ദ്രകമ്മിറ്റി തള്ളിയത്. യെച്ചൂരിയുടെ പക്ഷത്തിന് മുപ്പതും കാരാട്ടിന്റെയും പിണറായിയുടെയും പക്ഷത്തിന് മുപ്പത്തിയൊന്നും വോട്ടാണ് കിട്ടിയത്. എം.വി.രാഘവന്റെ അഭിപ്രായത്തെ സി.പി.എം. കേന്ദ്രകമ്മിറ്റിയിലെ പകുതിപ്പേരും അംഗീകരിക്കുന്നുവെന്നാണിതിന്റെ അര്‍ഥം -ജോണ്‍ പറഞ്ഞു.

എം.വി.രാഘവന്റെ മൂന്നാം ചരമവാര്‍ഷികദിനത്തില്‍ സി.എം.പി. ജില്ലാകമ്മിറ്റി നടത്തിയ അനുസ്മരണസമ്മേളനം കെ.പി.കേശവമേനോന്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളെയും അവശവിഭാഗങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും സംരക്ഷിക്കേണ്ട ചുമതല കമ്യൂണിസ്റ്റുകള്‍ക്കുണ്ടെന്നായിരുന്നു എം.വി.ആറിന്റെ നിലപാട്. ഭൂരിപക്ഷവര്‍ഗീയതയ്‌ക്കെതിരായ കരുതലാണ് ന്യൂനപക്ഷസംരക്ഷണം എന്ന ബോധ്യത്തോടെയുള്ളതായിരുന്നു ആ നിലപാട്. ആര്‍.എസ്.എസിന്റെ ഫാസിസം രാജ്യത്തെ കീഴ്‌പ്പെടുത്തുകയും ലോകമെങ്ങും ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് അദ്ദേഹത്തിന്റെ ദര്‍ശനത്തിന് പ്രസക്തിയേറുന്നു. ആ വിശാലമായ കാഴ്ചപ്പാടുണ്ടോ സി.പി.എമ്മിന് എന്നതാണ് ചോദ്യം -ജോണ്‍ പറഞ്ഞു.

സി.എം.പി. ജില്ലാസെക്രട്ടറി ജി.നാരായണ്‍കുട്ടി അധ്യക്ഷനായി. എം.വി.രാഘവന്‍സ്മാരക തപാല്‍മുദ്ര പി. ദാമോദരന് നല്‍കി എം.കെ.രാഘവന്‍ എം.പി. പ്രകാശനം ചെയ്തു. സി.എന്‍.വിജയകൃഷ്ണന്‍, എന്‍.സി.അബൂബക്കര്‍, കെ.കെ.ചന്ദ്രഹാസന്‍, അഷ്‌റഫ് മണക്കടവ് എന്നിവര്‍ സംസാരിച്ചു.