കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃത രക്ഷാകര്‍തൃത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായുള്ള അദാലത്തിലൂടെ 373 പേര്‍ക്ക് ആശ്വാസം. ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച കൈയെത്തും ദൂരത്ത് എന്ന പരിപാടിയാണ് അപേക്ഷകര്‍ക്ക് ആശ്വാസമായത്. കോഴിക്കോട് താലൂക്കിലുള്ളവരുടെ അപേക്ഷകള്‍ പരിഗണിക്കാന്‍ എരഞ്ഞിപ്പാലം നായനാര്‍ ബാലികാസദനത്തില്‍ നടന്ന സിറ്റിങ്ങില്‍ 118 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടികളാണ് പൂര്‍ത്തിയായത്.

താമരശ്ശേരിയില്‍ 118-ഉം കൊയിലാണ്ടിയില്‍ 137-ഉം അപേക്ഷകളില്‍ നടപടിയായിരുന്നു. നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലേ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നുള്ളൂ. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണവും കുറെ അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടാതിരുന്നു.

ഇത്തരം പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ത്വരിതഗതിയില്‍ പ്രശ്‌നപരിഹാരത്തിനായി കളക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ അദാലത്ത് ആരംഭിച്ചത്. നവജ്യോതി ചാരിറ്റബിള്‍ ട്രസ്റ്റിനാണ് ജില്ലയില്‍ നാഷണല്‍ ട്രസ്റ്റിന്റെ ലോക്കല്‍ ലെവല്‍ കമ്മിറ്റി നടത്തിപ്പ് ചുമതല. ഉദ്യോഗസ്ഥരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഉള്‍പ്പെട്ട സംഘമാണ് അദാലത്തിന് നേതൃത്വം നല്‍കുന്നത്.

സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനോടൊപ്പം അര്‍ഹരായവര്‍ക്ക് വികലാംഗ പെന്‍ഷന്‍, ആശാകിരണം, വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് എന്നിവ കൃത്യമായി ലഭിക്കുന്നുണ്ടോയെന്നും കളക്ടര്‍ ഉറപ്പുവരുത്തി. ചിലര്‍ക്ക് വികലാംഗ പെന്‍ഷന്‍ കുറച്ചുനാളായി ലഭിക്കാത്ത പ്രശ്‌നമുണ്ടെന്ന് അച്ഛനമ്മമാര്‍ കളക്ടറെ അറിയിച്ചു. ആശാകിരണത്തിന് അപേക്ഷിക്കാത്തവര്‍ക്ക് ഉടന്‍ അപേക്ഷ നല്‍കാനുള്ള നിര്‍ദേശം നല്‍കി.

എന്‍.ജി.ഒ കണ്‍വീനര്‍ പ്രൊഫ. സി.കെ. ഹരീന്ദ്രനാഥ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ആര്‍. ലതിക, ജില്ലാ രജിസ്ട്രാര്‍ ജനറല്‍ പി. വിലാസിനി, സി.ആര്‍.സി. ഡയറക്ടര്‍ ഡോ. റോഷന്‍ ബിജ്‌ലി തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കി. അടുത്ത അദാലത്ത് 13-ന് രാവിലെ 9.30-ന് വടകരയില്‍ നടക്കും. തണല്‍ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് അദാലത്ത്. 20-ന് ഫറോക്കിലും 21-ന് വടകരയിലും അദാലത്ത് നടക്കും.