കോഴിക്കോട്: കുട്ടിശാസ്ത്രജ്ഞരുടെ നൈപുണ്യം മാറ്റുരച്ച് മേഖലാ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ എക്‌സ്‌പോയ്ക്ക് തുടക്കം. വയനാട്, കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്.

പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടത്, വിപണിസാധ്യതയുള്ളത്, ആദായകരം, ഇന്നവേറ്റീവ് എന്നിങ്ങനെ നാല് വിഭാഗത്തിലായി 34 സ്റ്റാളുകളാണുള്ളത്. ഒരു സ്‌കൂളിന് രണ്ട് വിഭാഗങ്ങളില്‍ മത്സരിക്കാം. ഒരു സ്‌കൂളിന് ഒരു സ്റ്റാള്‍ എന്ന രീതിയിലാണ് കണക്ക്.

ഭിന്നശേഷിക്കാരായ കൂട്ടുകാര്‍ക്ക് പരിചയിക്കാന്‍വേണ്ടി റഹ്മാനിയ സ്‌കൂള്‍ ഫോര്‍ ഹാന്‍ഡികാപ്ഡിലെ കുട്ടികള്‍ തയ്യാറാക്കിയ ഓട്ടോമൊബൈല്‍ സാങ്കേതികത മികവുറ്റതായിരുന്നു. പ്ലസ്ടു വിദ്യാര്‍ഥികളായ അഭിജിത്ത്, ഫിറാഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

ഇതേ സ്‌കൂളിലുള്ള കുട്ടികള്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ മത്സരത്തിന് തയ്യാറാക്കിയ ഫിസിയോതെറാപ്പി ഉപകരണങ്ങളും മികച്ചവയായിരുന്നു. സെറിബ്രല്‍ പാള്‍സി രോഗം വന്നവര്‍ക്ക് ഇളക്കംതട്ടാതെ കാറിനുള്ളില്‍ ഇരിക്കാനുള്ള സംവിധാനമാണ് ബക്കറ്റും അലുമിനിയം ബാറുമുപയോഗിച്ച് കുറഞ്ഞവിലയില്‍ കുട്ടികള്‍ തയ്യാറാക്കിയത്. രണ്ടുവര്‍ഷംമുമ്പ് ഇന്നവേറ്റീവ് വിഭാഗത്തില്‍ മത്സരിച്ച് സമ്മാനം ലഭിച്ച ഉപകരണമാണ് ഇപ്പോള്‍ മാര്‍ക്കറ്റബിള്‍ വിഭാഗത്തില്‍ മത്സരിക്കാനെത്തുന്നത്.

മടപ്പള്ളി വി.എച്ച്.എച്ച്.എസിലെ കുട്ടികള്‍ കടല്‍ ഉത്പന്നങ്ങള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങളും വേറിട്ടതായി. കൊയിലാണ്ടി ബോയ്‌സ് വി.എച്ച്.എസ്.എസിലെ ഹരിപ്രസാദ്, അബിന്‍ ദേവ് എന്നിവര്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജ്, ഹൈഡ്രോളിക് ബ്രിഡ്ജ്, ഫ്‌ലോട്ടിങ് ബ്രിഡ്ജ് എന്നിങ്ങനെ കാലഘട്ടങ്ങളുടെ പ്രതീകങ്ങളായ പാലങ്ങളാണ് മത്സരത്തിനുവെച്ചത്.

ആതിഥേയരായ മീഞ്ചന്ത വി.എച്ച്.എസ്.എസും രണ്ടു വിഭാഗങ്ങളില്‍ മത്സരിക്കാനെത്തി. ഡയാലിസിസ് യന്ത്രവുമായി കാലിക്കറ്റ് ഗേള്‍സും ജൈവകൃഷിയുമായി ബാലുശ്ശേരി ഗവ. ബോയ്‌സ് സ്‌കൂളിലെ കുട്ടികളുമെത്തി. പരിസ്ഥിതിസന്തുലനം നിലനിര്‍ത്തി മത്സ്യടാങ്കില്‍നിന്ന് കൃഷിയും പൗള്‍ട്രിഫാമും ജൈവവളവുമെല്ലാമുള്ള ചാക്രിക രീതി നടത്തിക്കാണിച്ച സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ കുട്ടികളും പുതുതലമുറയുടെ വേറിട്ട കാഴ്ചയൊരുക്കി.

എക്‌സ്‌പോ ചൊവ്വാഴ്ച സമാപിക്കും. മത്സരത്തിലെ വിജയികളായ ആദ്യ മൂന്നുസ്ഥാനക്കാര്‍ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയില്‍ മേഖലയെ പ്രതിനിധാനംചെയ്യും. സമാപനച്ചടങ്ങ് എം.കെ. മുനീര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.