കോഴിക്കോട്: ഇന്ത്യയുടെ വാസ്തുവിദ്യാ ചരിത്രത്തിലൂടെയുള്ള സഞ്ചാരവുമായി ഇന്‍ടാകിന്റെ (ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ്) പ്രദര്‍ശനം. പാളയം കമ്മത്ത് ലെയ്‌നിലെ വി.എന്‍.എം. ഗാലറിയിലാണ് പ്രദര്‍ശനം നടത്തുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന കൊത്തുപണികള്‍ക്കും ശില്പചാതുരിക്കും പുറമേ ആധുനിക രീതിയിലുള്ള വാസ്തുശൈലിയും കണ്ടുമനസ്സിലാക്കാനുള്ള അവസരമാണ് പ്രദര്‍ശനം സമ്മാനിക്കുന്നത്. 2500 വര്‍ഷത്തെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണിത്.

ബുദ്ധ, ജൈന സ്വാധീനങ്ങള്‍ വെളിവാക്കുന്നതാണ് പല കാഴ്ചകളും. ലാഫിങ് ബുദ്ധയുടെ പൗരാണികരൂപവും കാണാം. അജന്ത-എല്ലോറ ഗുഹകളിലെ ശില്പചാതുരി, ഒറ്റക്കല്ലില്‍ തീര്‍ത്ത മൂര്‍ത്തി, 32 മീറ്റര്‍ താഴ്ചയിലേക്ക് കല്ലില്‍ കൊത്തിയെടുത്ത ക്ഷേത്രം എന്നിവയെക്കുറിച്ചുള്ള ചെറുവിവരണങ്ങളും ചിത്രങ്ങളും വിസ്മയമുളവാക്കും. ചെളിയും ചാണകവും ഉപയോഗിച്ച് തയ്യാറാക്കിയ അക്കാലത്തെ ചിത്രങ്ങളുടെ മിഴിവ് ഇപ്പോഴും നഷ്ടമാകാതെ നില്‍ക്കുന്നു. മാര്‍ബിളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും അതില്‍ മനുഷ്യാധ്വാനംകൊണ്ട് കൊത്തുവേലകള്‍ ചെയ്തതും കണ്ടുമനസ്സിലാക്കാം.

ഓരോ കാലത്തും ഉണ്ടായ മാറ്റങ്ങളാണ് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്. നൂറ്റാണ്ടുകള്‍ക്കിപ്പുറം 2005 ല്‍ അക്ഷര്‍ധാം പണിതപ്പോള്‍ പലതരം വാസ്തുശൈലികള്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത് എപ്രകാരമാണെന്നും ചിത്രങ്ങള്‍ വിവരിക്കുന്നു. ആര്‍ക്കിടെക്ചറല്‍ വൈവിധ്യം വിളിച്ചോതുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം 14ന് സമാപിക്കും.